തദ്ദേശത്തിലെ തോല്‍വി: യുഡിഎഫില്‍ ആര്‍എസ്പിക്ക് അതൃപ്തി; ഉമ്മന്‍ ചാണ്ടി വന്നാല്‍ മാത്രം പരിഹാരമാകില്ലെന്ന് ഷിബുബേബി ജോണ്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ആര്‍എസ്പിക്ക് അതൃപ്തിയെന്ന് സൂചന. വിയോജിപ്പുകള്‍ യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി അറിയിക്കും. വലിയ തോല്‍വിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടാവാതിരിക്കുകയാണ് ചെയ്തതെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു. തോല്‍വിയുടെ കാരണം ഒരു വ്യക്തിക്കുമേല്‍ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സംവിധാനത്തിന്റെ പോരായ്മയാണ്. അതില്‍ മുഖ്യകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇടപെട്ട് ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. ‘ഉമ്മന്‍ചാണ്ടി എന്ന ഒരു വ്യക്തി നേതൃനിരയിലേക്ക് വന്നാല്‍ […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ആര്‍എസ്പിക്ക് അതൃപ്തിയെന്ന് സൂചന. വിയോജിപ്പുകള്‍ യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി അറിയിക്കും. വലിയ തോല്‍വിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടാവാതിരിക്കുകയാണ് ചെയ്തതെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു. തോല്‍വിയുടെ കാരണം ഒരു വ്യക്തിക്കുമേല്‍ ആരോപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സംവിധാനത്തിന്റെ പോരായ്മയാണ്. അതില്‍ മുഖ്യകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഇടപെട്ട് ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.
‘ഉമ്മന്‍ചാണ്ടി എന്ന ഒരു വ്യക്തി നേതൃനിരയിലേക്ക് വന്നാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല. ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രി തന്നെയായിരുന്നു. എന്നാല്‍, ഇതൊരു സംവിധാനത്തിന്റെ തകര്‍ച്ചയാണ്. നേതാക്കളുടെയും ഭാരവാഹികളുടെയും എണ്ണം വര്‍ധിച്ചെങ്കിലും അവര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. സീറ്റ് വിഭജനത്തില്‍ തുടങ്ങി വ്യക്തി താല്പര്യങ്ങള് എല്ലാം കൂടിയാണ് ഇങ്ങനെയൊരു പരാജയമുണ്ടാകുന്നത്’, അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ യുഡിഎഫ് മുന്നോട്ടുവെക്കേണ്ടതുണ്ട്. എല്‍ഡിഎഫിന്റെ വോട്ട് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, യുഡിഎഫിന്റെ സ്വീകാര്യതയെക്കുറിച്ചാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംവിധാനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമെന്നും ആര്‍എസ്പി ഇക്കാര്യത്തില്‍ അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിലയില്മുന്നോട്ടുപോകാന് കഴിയില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം എന്ന നിസാര വിഷയം ഇത്രത്തോളം വലുതാക്കിയത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ കോണ്‍ഗ്രസിന് പരാജയം സംഭവിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് ആത്മാര്‍ത്ഥതയോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവിടെ ഒരു കൂട്ടുത്തരവാദിത്തവും നേതൃത്വവുമില്ല. 55 ല്‍ 11 ഇടത്തും വിമതരുണ്ടായിരുന്നു. അപ്പോള്‍ത്തന്നെ മത്സരം പോയി. വിമതരെ മാറ്റാനുള്ള ശ്രമം ഒരുഭാഗത്തുനിന്നും ഉണ്ടായില്ല. ബോധപൂര്‍വ്വം ആരെങ്കിലും വിമതരെ ഇറക്കിയതാണോ എന്നുപോലും സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമ്മിലടിക്കുന്നവരെയും വിമതരുമായി എത്തുന്നവരെയും ജനം അംഗീകരിക്കുമോ? വിമതരുണ്ടെങ്കിലും ജയിച്ചത് ആര്‍എസ്പി മത്സരിച്ചിടത്ത് മാത്രമാണ്. ബാക്കി എല്ലായിടത്തും തറപറ്റുന്ന സാഹചര്യമുണ്ടായെന്നും ഷിബുബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ പലയിടങ്ങളിലും ആര്‍എസ്പി യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞിരുന്നു. കോട്ടയത്ത് കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചു എന്ന ആരോപണവുമായെത്തിയ ആര്‍എസ്പി 16 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുന്നണി ബന്ധത്തെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ഞാൻ പറഞ്ഞതായി #റിപ്പോർട്ടർ ചാനലിൽ വാർത്തകൾ വന്നതായി…
Posted by Shibu Babyjohn on Saturday, December 19, 2020