Top

പ്രശ്‌നം കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് ലീഗ്; ഉമ്മന്‍ചാണ്ടി തിരിച്ചുവരണമെന്ന് ആര്‍എസ്പി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് മലബാറില്‍ മാത്രം ഒതുങ്ങേണ്ട വിഷയമായിരുന്നുവെന്ന് യോഗത്തില്‍ പിജെ ജോസഫ് പറഞ്ഞു.

19 Dec 2020 12:05 PM GMT

പ്രശ്‌നം കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് ലീഗ്; ഉമ്മന്‍ചാണ്ടി തിരിച്ചുവരണമെന്ന് ആര്‍എസ്പി
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യുഡിഎഫ് യോഗത്തില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഘടകകക്ഷികള്‍. സംഘടന സംവിധാനം ദുര്‍ബലമായെന്നും വെല്‍ഫെയര്‍ ബന്ധത്തില്‍ മുന്നണി എല്‍ഡിഎഫ്് തന്ത്രത്തില്‍ വീണുപോയെന്നും ഘടകകക്ഷികള്‍ കുറ്റപ്പെടുത്തി. മുസ്ലിം ലീഗും ആര്‍എസ്പിയുമാണ് എതിര്‍പ്പ് പരസ്യമാക്കിയത്.

യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആര്‍എസ്പിയുടേയും ലീഗിന്റേയും നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൂടികാഴ്ച്ചയില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. തോല്‍വിയ്ക്ക് കാരണം പാര്‍ട്ടിയിലെ തമ്മിലടിയാണെന്നും തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഘടകകക്ഷികള്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി രാഷ്ട്രീയരംഗത്ത് സജീവമാകണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ നീക്കുപോക്ക് മലബാറില്‍ മാത്രം ഒതുങ്ങേണ്ട വിഷയമായിരുന്നുവെന്ന് യോഗത്തില്‍ പിജെ ജോസഫ് പറഞ്ഞു.

അതേസമയം യുഡിഎഫിന് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോരായ്മകള്‍ എല്ലാം പരിശോധിക്കും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വിജയമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. കേരളത്തിന്റെ പൊതുരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Next Story