IPL 2021

റോയല്‍സിനെ തല്ലിയൊതുക്കി രാഹുലും സംഘവും; രാജസ്ഥാന് മുന്നില്‍ റണ്‍മല

പഞ്ചാബ് സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 222 റണ്‍സ് വിജയലക്ഷ്യം. 50 പന്തില്‍ 91 റണ്‍സെടുത്ത കെ.എല്‍ രാഹുലും 64 റണ്‍സെടുത്ത ദീപക് ഹുഡയുമാണ് സൂപ്പര്‍ കിംഗ്‌സിന് റണ്‍മലയൊരുക്കാന്‍ സഹായിച്ചത്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍ 28 പന്തില്‍ 40 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി ചേതന്‍ സകറിയ മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം ബാറ്റിംഗ് പിച്ചായ വംഖാഡെയില്‍ കൈയെത്തി പിടിക്കാവുന്ന വിജയലക്ഷ്യമാണ് രാജസ്ഥാ്‌ന് മുന്നിലുള്ളത്.

ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ മായങ്ക് അഗര്‍വാളിനെ വീഴ്ത്തി സ്‌കറിയ റോയല്‍സിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ മൂന്നാമതായി എത്തിയ ക്രിസ് ഗെയിലുമായി ചേര്‍ന്ന് കെ.എല്‍ രാഹുല്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചു. സ്പിന്നര്‍മാരെയും ഒരുപോലെ തല്ലിത്തകര്‍ത്ത സഖ്യം സ്‌കോര്‍ അതിവേഗം മുന്നോട്ടുനയിച്ചു.

10-ാം ഓവറില്‍ ക്രിസ് ഗെയില്‍ പുറത്താവുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ 89ലെത്തിയിരുന്നു. 28 പന്ത് നേരിട്ട ഗെയില്‍ 4 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സെടുത്താണ് പുറത്താവുന്നത്. ഗെയിലിന് പിന്നാലെയെത്തിയ ദീപക് ഹുഡ രാഹുലിനൊപ്പം അപകടകാരിയായി മുന്നേറി. ഇതിനിടെ രാഹുല്‍ അര്‍ധസെഞ്ച്വറിയിലെത്തി. മറുവശത്ത് ദീപക് ഹുഡയും അതിവേഗം അര്‍ധസെഞ്ച്വറി നേടിയതോടെ സ്‌കോറിംഗിന് വീണ്ടും വേഗത കൈവന്നു.

101 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തിയാണ് ഹുഡ-രാഹുല്‍ സഖ്യം പിരിയുന്നത്. ഹുഡയെ പുറത്താക്കി 18-ാം ഓവറില്‍ മോറിസ് തിരിച്ചടിച്ചു. ആറ് സിക്‌സും 4 ബൗണ്ടറിയും പറത്തിയ ഹുഡ 64 റണ്‍സെടുത്തു. ഇതേ ഓവറില്‍ ലെഗ് സ്ലിപ്പില്‍ നിക്കോളാസ് പൂരനെ പറന്നുപിടിച്ച് റയാന്‍ പരാഗ് രാജസ്ഥാന് ആത്മവിശ്വാസം നല്‍കി. പിന്നാലെ ചേതന്‍ സകറിയയുടെ പന്തില്‍ രാഹുലും പുറത്തായി. 50 പന്തില്‍ 91 റണ്‍സെടുത്താണ് രാഹുല്‍ പുറത്താവുന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ മോശം ഫോമിലായിരുന്ന രാഹുലിന്റെ അവിശ്വസീനമായ തിരിച്ചുവരവാണിത്. 5 സിക്‌സും 7 ബൗണ്ടറിയും അടിച്ച രാഹുല്‍ തന്നെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

എട്ട് ബൗളര്‍മാരെയാണ് സഞ്ജു വംഖാഡെയില്‍ പരീക്ഷിച്ചത്. റയാന്‍ പരാഗ് ഒഴികെ എല്ലാവരും 8ന് മുകളില്‍ റണ്‍സ് വഴങ്ങി. ഒരു ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ശിവം ദുംബയാണ് ഏറ്റവും കൂടുതല്‍ ഇക്കണോമി റേറ്റുള്ള ബൗളര്‍. താരതമ്യെന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച ചേതന്‍ സ്‌കറിയയാണ് ബൗളിംഗ് സ്്ക്വാഡില്‍ മികച്ചു നിന്നത്. 7.15 ഇക്കണോമിയിലാണ് താരത്തിന്റെ ബൗളിംഗ്.

Covid 19 updates

Latest News