Top

കൊവിഡ് സഹായമായി സംഘപരിവാര്‍ സംഘടനയിലൂടെ പണമെത്തിച്ച് ട്വിറ്റര്‍; എതിര്‍പ്പുമായി ഇന്ത്യക്കാര്‍;സേവാഭാരതി വിവാദത്തില്‍

എന്നാല്‍ ഹിന്ദുത്വ സംഘടനയായ സേവാ യുഎസ്എയെ പണം ഏല്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ജാക്ക് ഡോര്‍സിയോട് ഒരു കൂട്ടം ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത്.

12 May 2021 6:40 AM GMT

കൊവിഡ് സഹായമായി സംഘപരിവാര്‍ സംഘടനയിലൂടെ പണമെത്തിച്ച് ട്വിറ്റര്‍; എതിര്‍പ്പുമായി ഇന്ത്യക്കാര്‍;സേവാഭാരതി വിവാദത്തില്‍
X

കൊവിഡ് രണ്ടാതരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായമെത്തിക്കാന്‍ ട്വിറ്റര്‍ സംഘപരിവാര്‍ അനുകൂല സംഘടനയെ തെരഞ്ഞെടുത്തതിനെതിരെ വ്യാപക പ്രതിഷേധം. സംഘപരിവാര്‍ അനുകൂല സന്നദ്ധ സംഘടനയായ സേവാഭാരതിയുടെ അമേരിക്കന്‍ ഘടകമായ സേവാ ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മൂന്ന് എന്‍ജിഒകള്‍ വഴിയാണ് ട്വിറ്റര്‍ സിഐഒ ജാക്ക് ഡോര്‍സി ഇന്ത്യക്ക് 110 കോടി രൂപ സഹായം നല്‍കിയത്. എന്നാല്‍ ഹിന്ദുത്വ സംഘടനയായ സേവാ യുഎസ്എയെ പണം ഏല്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ജാക്ക് ഡോര്‍സിയോട് ഒരു കൂട്ടം ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത്.

സേവാ ഭാരതിവഴി പണമെത്തിച്ചാല്‍ അത് എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകുമെന്ന് കരുതുന്നില്ലെന്ന് ഒരു കൂട്ടം ആളുകള്‍ ജാക്ക് ഡോര്‍സിയുടെ ട്വീറ്റിന് താഴെ കമന്റിടുന്നുണ്ട്. വന്‍തുക സേവാഭാരതിയ്ക്ക കൈമാറിയതിനെ ശക്തമായി അപലപിക്കുന്നുവെന്നും കമന്റുകളുണ്ട്. സേവാഭാരതിയ്ക്ക് പുറമേ കെയര്‍, എയ്ഡ് ഇന്ത്യ എന്നീ എന്ജിഒകള്‍ക്കും ജാക്ക് പണം കൈമാറി. അത്യാവശ്യം വേണ്ട പിപിഇ കിറ്റുകളും ഓക്‌സിജനും മറ്റ് അടിയന്തിര സൗകര്യങ്ങളും എത്തിക്കാന്‍ സന്നദ്ധരാണെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് കൈത്താങ്ങായി കോടികളുടെ സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് ഗൂഗില്‍ സിഇഒ സുന്ദര്‍ പിച്ചെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ അതിരൂക്ഷമായ കൊവിഡ് അവസ്ഥ കണ്ട് തകര്‍ന്നുപോയെന്ന് സുന്ദര്‍ പിച്ചെയും ഇന്ത്യയിലെ അവസ്ഥ ഹൃദയഭേദകമാണെന്ന് സത്യ നദെല്ലയും ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്നും ക്രിട്ടിക്കള്‍ ഓക്‌സിജന്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായം നല്‍കുമെന്നും സത്യ നദെല്ല അറിയിച്ചു. ഗൂഗിള്‍ കമ്പനിയും ഗൂഗിള്‍ ജീവനക്കാരും ചേര്‍ന്ന് 135 കോടി രൂപ കൈമാറുമെന്നാണ് സുന്ദര്‍ പിച്ചെ പ്രഖ്യാപിച്ചത്.

Next Story