‘അളിയാ… ആളുകൾ ഇപ്പോഴും ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നു’; മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നുവെന്ന് റോഷൻ ആൻഡ്രൂസ്
മുംബൈ പൊലീസിന്റെ ചില ലൊക്കേഷൻ ചിത്രങ്ങളും റോഷൻ ആൻഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്.
3 May 2021 4:25 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം മുംബൈ പൊലീസ് റീമേക്കിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് വിവരം പങ്കുവെച്ചത്.
മുംബൈ പൊലീസിന്റെ എട്ടു വർഷങ്ങൾ. ചില മികച്ച നിമിഷങ്ങൾ നിങ്ങളെല്ലാവർക്കും ഒപ്പം പങ്കുവെക്കുന്നു.. അളിയാ.. ആളുകൾ ഈ സിനിമയെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു. ഞാൻ ഉടൻ തന്നെ ചിത്രം റീമേക്ക് ചെയ്യും.. വിവരങ്ങൾ പിന്നാലെ.. കാത്തിരിക്കുക.. റോഷൻ ആൻഡ്രൂസ്
മുംബൈ പൊലീസിന്റെ ചില ലൊക്കേഷൻ ചിത്രങ്ങളും റോഷൻ ആൻഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്.




ചിത്രം ഏതു ഭാഷയിലേക്കാണ് റീമേക്ക് ചെയ്യുന്നതെന്ന് റോഷൻ ആൻഡ്രൂസ് അറിയിച്ചിട്ടില്ല. നേരത്തെ അദ്ദേഹം സംവിധാനം ചെയ്‌ത ഹൗ ഓൾഡ് ആർ യൂ തമിഴിലേക്ക് 36 വയതിനിലെ എന്നപേരിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
2013ൽ ഒരു സൈക്കോളോജിക്കൽ ചിത്രമായി ഒരുങ്ങിയ മുംബൈ പൊലീസ് ആ വർഷത്തെ തന്നെ ഏറ്റവും അധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സിനിമകളിൽ ഒന്നാണ്. ഒരു അപകടത്തെ തുടർന്ന് ഓർമ്മ നഷ്ടമാകുന്ന ആന്റണി മോസ്സസ് എന്ന പൊലീസ് ഉദ്യോഗസ്ഥനും അതിനെ തുടർന്ന് അയാൾക്ക് കേസന്വേഷണത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പൃഥ്വിരാജാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആന്റണി മോസ്സസ്സിനെ അവതരിപ്പിച്ചത്. നടന് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുക്കാനും ഈ കഥാപാത്രത്തിന് സാധിച്ചു. ജയസൂര്യ, റഹ്മാൻ തുടങ്ങിയുർ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബോബി- സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.