ഗ്ലൊബ് സോക്കര്‍ അവാര്‍ഡ്സ്; നൂറ്റാണ്ടിന്റെ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ; പിന്തള്ളിയത് മെസ്സിയെ

2020ലെ ഗ്ലൊബ് സോക്കര്‍ അവാര്‍ഡ്സ് പ്രഖ്യാപിച്ചു. നൂറ്റാണ്ടിന്റെ താരമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ തെരഞ്ഞെടുക്കപ്പെട്ടു. പോയ നൂറ്റാണ്ടിലെ മികച്ച പരിശീലകനുള്ള പുരസ്കാരം പെപ് ഗ്വാര്‍ഡിയോള സ്വന്തമാക്കി. മികച്ച താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ്.
ഫുട്ബോള്‍ ചരിത്രത്തിലെ അവാര്‍ഡ് വേദിയില്‍ വീണ്ടും ഒരു ലയണല്‍ മെസ്സി-ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ പോരാട്ടം. ഇത്തവണ ജയം യുവന്റസ് താരത്തിന് ഒപ്പമായിരുന്നു. ചിരവൈരിയായ മെസ്സിയെ പിന്തള്ളിക്കൊണ്ട് ഗ്ലോബ് സോക്കര്‍ പുരസ്കാരം. 2001 മുതല്‍ 2020 വരെയുള്ള കാലയളവിലെ പ്രകടനമാണ് റൊണാള്‍ഡോയെ അവാര്‍ഡിന് അര്ഹനാക്കിയിത്. സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യൂറൊ കപ്പ് എന്നിവയാണ് താരത്തിന്റെ പ്രധാന നേട്ടങ്ങള്‍. രാജ്യത്തിനും വിവധ ക്ലബ്ബുകള്‍ക്കും വേണ്ടി ഒരേ മികവ് പുറത്തെടുക്കാന്‍ റൊണാള്‍ഡോയ്ക്കായി.
അവാര്‍ഡുകള്‍ നേടുന്നത് എപ്പോളും സന്തോഷം തരുന്ന ഒന്നാണ്. കളിയില്‍ ഇത്രയും വര്‍ഷം മുന്നില്‍ തന്നെ നില്ക്കുക എന്നത് എളുപ്പമുള്ള ഒന്നല്ല. നല്ലൊരു ടീമും, മികച്ച പരിശീലകരും, വലിയ ക്ലബ്ബുകളും ഒന്നുമില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ല. 20 വര്‍ഷത്തെ കരിയര്‍ ആഘോഷിക്കാനിരിക്കുന്ന എനിക്ക് ഈ അവാര്‍ഡ് വിലപ്പെട്ടതാണ്.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ
വിവിധ ലീഗുകളിലെ ക്ലബ്ബുകളെ കിരീടത്തിലേക്ക് നയിച്ചതാണ് പെപ് ഗ്വാര്‍ഡിയോളയെ പുരസ്കാരര്‍ഹനാക്കിയത്. കഴിഞ്ഞ സീസണില്‍ 47 മത്സരങ്ങളില്‍ നിന്ന് 55 ഗോള്‍ നേടിയ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് മികച്ച കളിക്കാരന്. ബയേണ്‍ മ്യൂണിച്ചിനായി ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ് ലീഗ, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടാന്‍ ലെവന്‍ഡോസ്കിക്ക് സാധിച്ചിരുന്നു. റയല്‍ മാഡ്രിഡ് ആണ് നൂറ്റാണ്ടിന്റെ ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടത്.