വിവാഹവാര്‍ഷിക സമ്മാനമായി ഇരട്ട സെഞ്ച്വറി; ഹിറ്റ്മാന് 208 നോട്ട് ഔട്ട്

2017 ഡിസംബര്‍ 13 രോഹിത് ശര്‍മ-റിതികയുടേയും രണ്ടാം വിവാഹ വാര്‍ഷിക ദിനം. സമ്മാനായി രോഹിത് റിതികക്കും ഇന്ത്യക്കും നല്‍കിയത് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു ഇന്നിംഗ്സായിരുന്നു. ഏകദിന കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറി. ലോകക്രിക്കറ്റില്‍ രോഹിതിന് മാത്രം സാധിച്ച ഒന്ന്. നേട്ടത്തിന് ശേഷം റിതികയെ നോക്കി മോതിര വിരളില്‍ രോഹിത് ചുംബിച്ച നിമിഷം അന്ന് ആരാധകരുടെ ഹൃദയം കവര്‍ന്ന ഒന്നായിരുന്നു.
ശ്രീലങ്കക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിതായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ഏകദിനം സ്വന്തമാക്കി പരമ്പര പിടിക്കാമെന്ന മോഹവുമായി ഇറങ്ങിയ ശ്രീലങ്കയെ കാത്തിരുന്നത് ‘രോഹിത് ശര്‍മ’യായിരുന്നു. തന്റെ പ്രിയപ്പെട്ട ഇരകളെ അന്ന് ആ വേട്ടക്കാരാന് വീണ്ടും വേട്ടയാടി.
പതിവ് പോലെ തന്നെ സാവധാനം റണ്‍മല കയറുന്ന രോഹിതിനെ ആയിരുന്നു ചണ്ഡിഗഡില്‍ കണ്ടത്. 65 പന്തുകള്‍ വേണ്ടിവന്നു താരത്തിന് അര്‍ദ്ധസെഞ്ച്വറിയിലേക്ക് എത്താന്‍. അടുത്ത 50 പന്തുകള്‍ പിന്നിടുമ്പോള്‍ രോഹിത് മൂന്നക്കം കടന്നു. വീണ്ടുമൊരു ഇരട്ട സെഞ്ച്വറി പ്രേതീക്ഷ കാണികളില്‍ ഉണര്‍ന്നു.
പലതവണയും വിപരീതമായ് ആണ് സംഭവിച്ചതെങ്കില്‍ രണ്ടാം ഏകദിനത്തില്‍ രോഹിത് ചരിത്രം ആവര്‍ത്തിച്ചു. അവസാന പത്ത് ഓവറില്‍ ആയിരുന്നു രോഹിത് താണ്ഡവം നടന്നത്. നേരിട്ടത് 38 പന്ത് മാത്രം നേടിയത് 108 റണ്‍സ്. ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത് 12 സിക്സും 13 ഫോറും.
44-ാം ഓവറില്‍ ശ്രീലങ്കന്‍ പേസ് ബൗളര്‍ സുരന ലക്മലിന്റെ ഓവറില്‍ നാല് സിക്സറുകള്‍. പിന്നാലെ വന്ന നുവാന്‍ പ്രദീപിന്റെ ഓവറില്‍ രണ്ട് സിക്സ്. പിന്നീട് പന്തുമായി രോഹിതിനെ തേടിയെത്തിയവരെല്ലാം ബൗണ്ടറി കടന്നു. അവസാന ഓവറിലാണ് താരം മൂന്നാം ഇരട്ട സെഞ്ച്വറി തികച്ചത്. രോഹിത് കരിയറിലെ ഉയര്‍ന്ന സ്കോറായ 264 ഉം നേടിയത് ശ്രീലങ്കക്ക് എതിരെയായിരുന്നു.