Rajinikanth Political Entry

എവളോ തടവ് സൊല്ലിയിട്ടേന്‍; ഒരിക്കലും നടക്കാത്ത രജനിയുടെ പൊളിറ്റിക്കല്‍ എന്‍ട്രി

വര്‍ഷങ്ങളോളം നടക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തോടെ കാത്തിരുന്ന ആരാധകര്‍ക്ക് തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കി കഴിഞ്ഞു തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍. 2021 ജനുവരിയില്‍ തന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വരാനിരിക്കുന്ന നിയമസഭതെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളുണ്ടാകുമെന്നും പ്രഖ്യാപിച്ചതിന് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് രജനീകാന്തിന് ദൈവത്തില്‍ നിന്നിങ്ങനെയൊരു മുന്നറിയിപ്പ് ലഭിക്കുന്നത്.

കഴിഞ്ഞയാഴ്ച ഹൈദരാബാദിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് ദൈവത്തിന്റെ ആ സന്ദേശം ബിപി ഏറ്റക്കുറച്ചിലുകളുടെ രൂപത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.

എന്നാല്‍ രജനീകാന്ത് രാഷ്ട്രീയവുമായി സന്ധിക്കാനുള്ള ആരാധകരുടെ കാത്തിരിപ്പ്‌ തുടങ്ങിയിത് 25 വര്‍ഷത്തോളമാകുന്നു. ഇതിനിടെ അദ്ദേഹത്തോട് ഭക്തിയോളമെത്തുന്ന ആരാധനയുള്ളവരുടെ വോട്ട് പിടിക്കാന്‍ രജനീകാന്തിന്റെ പിന്തുണ തേടുന്ന മത്സരത്തിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍.

രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക് കടന്നുവരുന്നതെന്നും അനിശ്ചിതത്വത്തിലായിരുന്നെങ്കിലും ഒരിക്കല്‍ ഡിഎംകെയ്ക്കും പിന്നീട് അവരുടെ ബന്ധശത്രുക്കളായ എഐഡിഎംകെയ്ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത്തരണത്തില്‍ പോലും ഒരു രാഷ്ട്രീയ നേതാവാകുവാനോ ഭരണത്തിലേറുവാനോ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു രജനിയുടെ നിലപാട്. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അധ:പതനം ചൂണ്ടിക്കാട്ടി തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം 2017 ലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴകത്തിന്റെ താരം , ദേശീയ ബിംബം

1950 ഡിസംബര്‍ 12 ന് ബംഗളുരുവില്‍ ജനിച്ച രജനീകാന്ത് ജന്മംകൊണ്ട് മറാത്തി വേരുകളുള്ളയാളാണ്. 1975 ല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് ബസ് കണ്ടക്ടറായിരുന്നു അദ്ദേഹം. പിന്നീടുവന്ന വര്‍ഷങ്ങളില്‍ തമിഴ് സിനിമയുടെ ഉയരങ്ങളിലെ അതികായനും പോപ് കള്‍ച്ചറിന്റെ ബിംബമായി ഇന്ത്യയിലാകമാനം സാന്നിധ്യം പതിപ്പിക്കുകയായിരുന്നു അദ്ദേഹം.

തമിഴ് നാട്ടില്‍ എക്കാലത്തും സിനിമയും രാഷ്ട്രീയവും പരസ്പരം ബന്ധിതമായിരുന്നു. എഐഡിഎംകെയുടെ താരമുഖങ്ങളായ എംജിആറും ജയലളിതയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചവരാണ്. ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയും തിരക്കഥാകൃത്തായിരുന്നു.

ഇതിന്റെ വെളിച്ചത്തില്‍ രജനികാന്തിന്റെ ശക്തമായ സ്വാധീനം അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിന്‌ നിരന്തരം സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടുപോകവെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് പിന്തുണ നല്‍കിയതല്ലാതെ രജനി ഒരിക്കലും മുന്നോട്ടുവന്നില്ല.

1996 ല്‍ ഡിഎംകെ- തമിഴ് മാനില കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച അദ്ദേഹം ജയലളിതയെ വീണ്ടും വോട്ടുചെയ്ത് അധികാരത്തിലെത്തിക്കുകയാണെങ്കില്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ഡിഎംകെ -ടിഎംസി സഖ്യത്തിന്റെ വിജയത്തിന്റെ പകുതി കീര്‍ത്തി രജനിയുടെ പ്രഖ്യാപനത്തിനുള്ളതായിരുന്നു.

1998 തെരഞ്ഞെടുപ്പില്‍ വീണ്ടും രജനിയുടെ പിന്തുണ തേടിയ ഡിഎംകെ-ടിഎംസി സഖ്യത്തിന് പക്ഷേ ആ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ ഒമ്പതെണ്ണം മാത്രമായിരുന്നു നേടാനായത്.

രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ അപകടമെന്നാണ് ഡിഎംകെയുമായി കൈകോര്‍ത്ത തന്റെ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഏകദേശം 21 വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനൊരു രാഷ്ട്രീയ അപകടത്തില്‍ ചെന്നുവീണു. അന്ന് ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്റെ ആരാധകരുടെ പിന്തുണയും തമിഴ്‌നാട് ജനതയുമാണന്ന് അവരുടെ വിജയമുറപ്പിച്ചത്. അത് തെറ്റായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.

രജനീകാന്ത്

ഒരേയൊരു പോരാളി

2002 ല്‍ ഒരു ജനകീയ മുന്നണിക്ക് നേതൃത്വം കൊടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച രജനി കര്‍ണാടകയുമായുള്ള കാവേരി നദി തര്‍ക്കത്തെയും ഹിമാലയന്‍- പെനിസുലാര്‍ നദികളെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യത്തെയും ഉയര്‍ത്തിക്കാട്ടി. എന്നാലതേ സമയം ഭരണത്തിലേറാനും രാഷ്ട്രീയനേതാവാകാനും താല്‍പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.

ഡിഎംകെയില്‍ നിന്നകന്ന് എട്ട് വര്‍ഷത്തിന് ശേഷം 2004 ല്‍ യു- ടേണെടുത്ത രജനി ബിജെപി- എഐഡിഎംകെയക്ക് തന്റെ പിന്തുണ പ്രഖ്യാപിച്ചു. ജയലളിതയെക്കുറിച്ചോ അവരുടെ സര്‍ക്കാരിനെക്കുറിച്ചോ നടത്തിയ മുന്‍ പരാമര്‍ശത്തില്‍ നിന്ന് പിന്‍മാറാതെ തന്നെയായിരുന്നു ഈ നീക്കം. നദികളുടെ സംയോജനത്തില്‍ തീരുമാനമുണ്ടാക്കി തമിഴ്‌നാടിന്റെ ജലപ്രതിസന്ധി പരിഹരിക്കുമെന്ന് വാക്കുനല്‍കിയതിനാലാണ് മുന്നണിക്ക് പിന്തുണ നല്‍കുന്നതെന്നാണ് രജനി അന്ന് വ്യക്തമാക്കിയത്.

മറ്റു പാര്‍ട്ടികള്‍ വിഷയത്തില്‍ മൗനം പാലിച്ചപ്പോഴാണ് രജനി തന്റെ നിലപാട് വ്യക്തമാക്കിയത്. എന്‍ഡിഎ വാക്കുപാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം

കെ സത്യനാരായണ

എന്നാല്‍ അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചിട്ടും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരൊറ്റ സീറ്റുപോലും നേടാന്‍ മുന്നണിയ്ക്കായില്ല.

സമയമാണോ ശരിയല്ലാതിരുന്നത്

2008 ലെ ഒരു പൊതുപരിപാടിക്കിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഒരു ആരാധകന്‍ ചോദ്യമുന്നയിച്ചപ്പോള്‍ ഈ ദിവസം ഒരു പ്രവചനത്തിന്റെ ഭാഗമാണെന്നു തോന്നുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

സമയവും സാഹചര്യങ്ങളുമാണ് സംഭവിക്കാനിരിക്കുന്നതിനെയെല്ലാം നിര്‍ണയിക്കുന്നത്. എന്തെങ്കിലും നയം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും, അനുഭവപരിചയം കൊണ്ടും വിജയിപ്പാക്കമെന്ന് കരുതുന്നത് മണ്ടത്തരമാണ്. സമയം ശെരിയല്ലെങ്കില്‍ ഒന്നും പദ്ധതിയനുസരിച്ച് നടക്കില്ല.

രജനീകാന്ത്

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രേമോഡി താരത്തെ ചെന്നൈയിലെ വീട്ടിലെത്തി കണ്ടു. ഒരു അനൗദ്യോഗിക സന്ദര്‍ശനമായിരിക്കെ തന്നെ തെരഞ്ഞെടുപ്പില്‍ താരത്തിന്റെ പിന്തുണ തേടുന്നതായിരുന്നു ഉദ്ദേശമെന്ന് രജനി ക്യാമ്പ് അവകാശപ്പെട്ടു.

അടുത്ത കാലത്ത് ബിജെപിയോടോ പ്രധാനമന്ത്രിയോടോ ആഭ്യന്തരമന്ത്രിയോടോ മതിപ്പ് പ്രകടിപ്പിക്കാന്‍ താരം മുതിര്‍ന്നിട്ടില്ല. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചെത്തിയവരില്‍ മുന്‍പന്തിയില്‍ രജനികാന്തുണ്ടായിരുന്നു. മഹാഭാരതത്തിലെ കൃഷ്ണാര്‍ജ്ജുനന്മാരോടായിരുന്നു മോഡി-ഷായെ അദ്ദേഹം താരതമ്യപ്പെടുത്തിയത്.

കാത്തിരിപ്പ് അവസാനിച്ചപ്പോള്‍

2017ല്‍ രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം താരം പ്രഖ്യാപിച്ചപ്പോള്‍ അനിശ്ചിതത്വത്തിന് ഒടുവില്‍ അവസാനമായെന്ന പ്രതീതിയുണ്ടായി. ‘രജനി മക്കള്‍ മന്‍ട്രം’ എന്ന പേരിലെ പാര്‍ട്ടി അടുത്ത തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്റെ രാഷ്ട്രീയ പ്രവേശനത്തിന് സമയമായി. നമുക്കിപ്പോള്‍ ആവശ്യം ആത്മീയ രാഷ്ട്രീയമാണ് അതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും

രജനീകാന്ത്

‘തെരഞ്ഞെടുപ്പിന് മുന്‍പ് അടുത്ത കുറച്ച് മാസത്തിനുള്ളില്‍ ഞാന്‍ എന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും എന്റെ ആശയങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും ജനങ്ങളോട് സംവദിക്കുകയും ചെയ്യും. 234 മണ്ഡലങ്ങളിലും മത്സരിക്കും, ഞങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ മുന്നു വര്‍ഷത്തിനകം രാജിവെക്കും’, അദ്ദേഹം പ്രഖ്യാപിച്ചു.

തമിഴ്‌നാട് തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ ശേഷിക്കവെ ഈ ഡിസംബര്‍ ആദ്യം തന്റെ ചുമതലയെക്കുറിച്ച് ആവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം 2021 ല്‍ ഉണ്ടാകുമെന്ന് വീണ്ടും പ്രഖ്യാപിച്ചു.

എന്നാല്‍ അനാരോഗ്യം അദ്ദേഹത്തിന്റെ പദ്ധതികളെ തകിടംമറിച്ചു.

രാഷ്ട്രീയത്തിന്റെ വിട്ടുനില്‍ക്കാനുള്ള തന്റെ തീരുമാനത്തില്‍ ആരാധകരോട് ക്ഷമചോദിച്ച അദ്ദേഹം തന്റെ അനാരോഗ്യം ദൈവത്തിന്റെ മുന്നറിയിപ്പാണെന്ന് പറഞ്ഞു.

എന്നെ പിന്തുണയ്ക്കുന്ന നിങ്ങളെല്ലാവരും എന്റെ വാഗ്ദാനത്തിന്റെ ഇരകളാകേണ്ടതില്ല.

രജനീകാന്ത്

എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ തന്നാലാകുന്ന രീതിയിലെല്ലാം ജനങ്ങളെ സേവിക്കുമെന്നായിരുന്നു രജനിയുടെ വാക്കുകള്‍.

ദി പ്രിന്റില്‍ രോഹിണി സ്വാമി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Latest News