Top

‘അവരോട് സഹതപിക്കേണ്ട കാര്യമില്ല, ഞങ്ങള്‍ക്ക് രാഞ്ജിയായിരുന്നു അവര്‍, പക്ഷെ,’; ആങ് സാങ് സ്യൂചിയെക്കുറിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍

മ്യാന്‍മറില്‍ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനികര്‍ ഭരണം പിടിച്ചതിനു പിന്നാലെ പ്രതികരണവുമായി മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികള്‍. സൈനിക അട്ടിമറിയെ അപലപിക്കുന്നെങ്കിലും ആങ് സാങ് സ്യൂചിയുള്‍പ്പെടെയുള്ള ഭരണ നേതാക്കളെ അധികാരത്തില്‍ നിന്നും പുറത്താക്കിയതില്‍ തങ്ങള്‍ക്ക് ഒരു സഹതാപവും ഇല്ലെന്നാണ് റോഹിംഗ്യന്‍ സമൂഹത്തിലെ ഒരു നേതാവ് മുഹമ്മദ് യൂനസ് അര്‍മാന്‍ അല്‍ ജസീറയോട് പറഞ്ഞത്. സ്യൂചി അധികാരത്തിലിരിക്കുമ്പോഴാണ് മ്യാന്‍മര്‍ സൈന്യം തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഇദ്ദേഹം പറയുന്നു. ‘ അവര്‍ അതേ പറ്റി നിശബ്ദദ പാലിച്ചു. […]

2 Feb 2021 8:38 AM GMT

‘അവരോട് സഹതപിക്കേണ്ട കാര്യമില്ല, ഞങ്ങള്‍ക്ക് രാഞ്ജിയായിരുന്നു അവര്‍, പക്ഷെ,’; ആങ് സാങ് സ്യൂചിയെക്കുറിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍
X

മ്യാന്‍മറില്‍ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനികര്‍ ഭരണം പിടിച്ചതിനു പിന്നാലെ പ്രതികരണവുമായി മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികള്‍. സൈനിക അട്ടിമറിയെ അപലപിക്കുന്നെങ്കിലും ആങ് സാങ് സ്യൂചിയുള്‍പ്പെടെയുള്ള ഭരണ നേതാക്കളെ അധികാരത്തില്‍ നിന്നും പുറത്താക്കിയതില്‍ തങ്ങള്‍ക്ക് ഒരു സഹതാപവും ഇല്ലെന്നാണ് റോഹിംഗ്യന്‍ സമൂഹത്തിലെ ഒരു നേതാവ് മുഹമ്മദ് യൂനസ് അര്‍മാന്‍ അല്‍ ജസീറയോട് പറഞ്ഞത്. സ്യൂചി അധികാരത്തിലിരിക്കുമ്പോഴാണ് മ്യാന്‍മര്‍ സൈന്യം തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് ഇദ്ദേഹം പറയുന്നു.

‘ അവര്‍ അതേ പറ്റി നിശബ്ദദ പാലിച്ചു. റോഹിംഗ്യ എന്ന വാക്കു പോലും ഒരു തവണ ഉച്ചരിച്ചിട്ടില്ല. ഒരിക്കല്‍ അവരുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും അവരെ രാജ്ജിയെ പോലെ കണക്കാക്കുകയും ചെയ്തവരാണ് ഞങ്ങള്‍. പക്ഷെ 2017 ന് ശേഷം ഞങ്ങളവരുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിഞ്ഞു,’

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തു നിന്നും 2017 ലെ കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് ലക്ഷക്കണക്കിന് റോഹിംഗ്യന്‍ വംശജരാണ് പാലായനം ചെയ്തത്.

എന്നാല്‍ മ്യാന്‍മറിലെ സൈനിക അട്ടിമറി റോഹിംഗ്യന്‍ വംശജര്‍ക്ക് അതിലേറെ അപകടമാണുണ്ടാക്കുക.

റോഹിംഗ്യന്‍ വംശജര്‍ക്കെതെിരെ ആക്രമണം അഴിച്ചു വിട്ട സൈന്യം തന്നെയാണ് ഭരണം പൂര്‍ണമായും കൈയടക്കിയിരിക്കുന്നത്.

സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ അധികാരത്തില്‍ നിന്നു പുറത്തു പോയതോ റോഹിംഗ്യരുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല സൈനിക ഭരണം റോഹിംഗ്യന്‍ വംശജരുടെ മ്യാന്‍മറിലേക്കുള്ള പുനരധിവാസത്തിനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തവരെ തിരിച്ചെത്തിക്കുമെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ നേരത്തെ ഉഭയകക്ഷി ധാരണ പ്രകാരം സമ്മതിച്ചിരുന്നു. ഇതു പ്രകാരം ഈ വര്‍ഷമാണ് റോഹിംഗ്യന്‍ വംശജരെ മ്യാന്‍മറിലേക്ക് പുനരധിവസിപ്പിക്കാനിരുന്നത്. ഇതിനിടയില്‍ മ്യാന്‍മറിന്റെ അധികാരം സൈന്യം പിടിച്ചെടുത്തതിനാല്‍ ഇനി റോഹിംഗ്യകളെ പുനരധിവസിപ്പാക്കാനാവുമോ എന്നത് സംശയകരമാണ്.

സ്യൂചി മ്യാന്‍മര്‍ കൗണ്‍സിലറായി ( പ്രധാനമന്ത്രിക്കു തുല്യമായ സ്ഥാനം) അധികാരത്തിലിരിക്കെ 2016 ലാണ് റോഹിംഗ്യന്‍ സംഘര്‍ഷം രൂക്ഷമാവുന്നത്. റാഖൈന്‍ സംസ്ഥാനത്ത് ഒമ്പത് പോലീസുകാരെ റോഹിംഗ്യന്‍ വംശജര്‍ കൊലപ്പെടുത്തിയതോടെ റാഖൈനില്‍ മ്യാന്‍മര്‍ സൈന്യം വന്‍ ആക്രമണം അഴിച്ചു വിട്ടു. 2017 ല്‍ 730,000 റോഹിംഗ്യന്‍ വംശജര്‍ സൈനികാക്രമണത്തെ തുടര്‍ന്ന് മലേഷ്യയിലേക്കും ബംഗ്ലാദേശിലേക്കും പാലായനം ചെയ്തു. തുടര്‍ വര്‍ഷങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി റോഹിംഗ്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങള്‍ കൂട്ടത്തോടെ കത്തിക്കുകയും ചെയ്തു. നിലവില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് അഭയാര്‍ത്ഥികളായി കഴിയുകയാണ് വലിയൊരു വിഭാഗം റോഹിംഗ്യന്‍ വംശജര്‍.

2015 ല്‍ സ്യൂചിയുടെ എന്‍എല്‍ഡി പാര്‍ട്ടി അധികാരമേറും മുമ്പേ മുന്‍ വര്‍ഷങ്ങളിലെ സൈനിക പിന്തുണയോടെയുള്ള യുഎസ്ഡിപി പാര്‍ട്ടിയുടെ ഭരണത്തിലും റോഹിംഗ്യന്‍ വംശജര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. 2012 ലാണ് റാഖൈന്‍ സംസ്ഥാനത്ത് റോഹിഗ്യ-ബുദ്ധ കലാപം പൊട്ടിപ്പുറപ്പെടുന്നത്.

Next Story