2020 Year Ender Story

2020ല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് മുന്നില്‍ വഴിമാറി മെസ്സിയും റൊണാള്‍ഡോയും; നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് പോളണ്ട് നായകന്‍

ഒരു പതിറ്റാണ്ടിന് മീതെയായി ലോക ഫുട്‌ബോള്‍ അടക്കി വാഴുന്ന താരങ്ങളാണ് ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. പ്രായം കൂടും തോറും തളരാതെ യുവാക്കളേക്കാള്‍ വേഗത്തില്‍ മൈതാനം കീഴടക്കുന്നവര്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകള്‍ പരിശോധിച്ചാല്‍ ഇരുവര്‍ക്കും ഇതിഹാസ ലെവലിലേക്ക് എത്താന്‍ കഴിയാതെ പോയിരുന്നു. പക്ഷെ മറുവശത്ത് മൂര്‍ച്ച കൂട്ടിയ ആയുധം പൊലെ ഒരാള്‍ വളരുന്നുണ്ടായിരുന്നു. പോളണ്ടിന്റെ നായകന്‍, ബയേണ്‍ മ്യൂണിച്ചിന്റെ ഗോളടിയന്ത്രം, റോബേര്‍ട്ട് ലെവന്‍ഡോസ്‌കി.

സീസണിലെ പ്രകടനം

2019-20 സീസണ്‍ 100 ശതമാനവും ലെവണ്ടോസ്‌കിക്ക് അവകാശപ്പെട്ടതായിരുന്നു. കളിച്ചത് 47 മത്സരങ്ങള്‍, ലെവയുടെ ബൂട്ടില്‍ നിന്ന് പിറന്നത് 55 ഗോളുകള്‍. പത്ത് അസിസ്റ്റുകളും നേടാനായി 32കാരന്. ഗോളുകളുടെ എണ്ണത്തിനൊപ്പം ചേര്‍ത്ത് വക്കേണ്ട ഒന്നാണ് ലെവയിലൂടെ ബയേണ്‍ നേടിയ കിരീടങ്ങള്‍. ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ്ലീഗ എന്നിങ്ങനെ നീളുന്നു.

ചാമ്പ്യന്‍സ് ലീഗിലെ ഗോളടി മികവ്

പ്രധാനമായും ചാമ്പ്യന്‍സ് ലീഗിലെ പ്രകടനമാണ് സീസണില്‍ നിര്‍ണായകമായത്. ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് മാത്രം പത്ത് ഗോള്‍ നേടിയ താരം നോക്കൗട്ടിലേക്ക് എത്തിയപ്പോള്‍ ഗോളടി മത്രമല്ല, ഗോളടിപ്പിക്കുന്നതിലും മികവ് കാണിച്ചു. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി ഫൈനലുകളിലായി അഞ്ച് തവണ ലക്ഷ്യം കണ്ടപ്പോള്‍ ആറ് അസ്സിസ്റ്റും നല്‍കി. ഫൈനലില്‍ മാത്രമാണ് ലെവയുടെ ബൂട്ടുകള്‍ ചലിക്കാതിരുന്നത്.

15 ഗോള്‍ നേട്ടത്തോടെ മിസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പം എത്താനും പോളണ്ട് താരത്തിനായി. പോര്‍ച്ചുഗല്‍ താരം മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ പതിനഞ്ചൊ അതില്‍ കൂടുതല്‍ തവണയൊ എതിര്‍ ഗോള്‍മുഖം ഭേദിച്ചിട്ടുള്ളത്. 2015 സീസണ്‍ മുതല്‍ തന്നെ ലെവന്‍ഡോസ്‌കി മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഒപ്പം ഓടിത്തുടങ്ങിയിരുന്നു. പലതവണയും ഇരുവരേയും പിന്നിലും ആക്കി.

വ്യക്തിഗത നേട്ടങ്ങള്‍

ഫ്രാന്‍സ് ഡി ഫുട്‌ബോളിന്റെ ബാലന്‍ ദി ഓര്‍ ഒഴികയുള്ള പ്രധാന പുരസ്‌കാരങ്ങള്‍ എല്ലാം ലെവന്‍ഡോസ്‌കിയുടെ ഷെല്‍ഫിലെത്തി. കൊവിഡ് മൂലം ഫുട്‌ബോള്‍ പ്രതിസന്ധിയില്‍ ആയതിനാല്‍ ബാലന്‍ ദി ഓര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ യൂറോപ്പിന്റെ മികച്ച താരവും ഫോര്‍വേര്‍ഡുമായി ലെവ തെരഞ്ഞെടുക്കപ്പെട്ടു. ഒടുവില്‍ ഫിഫ ബെസ്റ്റും പോളണ്ട് നായകനിലേക്ക് തന്നെയെത്തി.

ഫിഫ വേദികളിലെ നിറസാന്നിധ്യമായിരുന്ന ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും പിന്തള്ളിയായിരുന്നു നേട്ടം. 75% വോട്ടാണ് ലെവന്‍ഡോസ്‌കിക്ക് ലഭിച്ചത്. ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് നേടുന്ന ആദ്യ പോളണ്ട് താരമാകാനും ലെവക്കായി.

പുതിയ സീസണ്‍, പഴയ ലെവന്‍ഡോസ്‌കി

പോയ സീസണില്‍ എവിടെ നിര്‍ത്തിയൊ അവിടെ നിന്ന് തന്നെ ഗോളടി തുടര്‍ന്നു പോളണ്ട് നായകന്‍. ബയേണിനായി ബുണ്ടസ്‌ലീഗയില്‍ 17 ഗോളുകള്‍ ഇതിനോടകം തന്നെ താരം നേടക്കഴിഞ്ഞു. തൊട്ട് പിന്നിലുള്ള ബൊറുസിയ ഡോര്‍ട്ടുമുണ്ട് താരം എര്‍ളിന്‍ ഹാളണ്ടിനേക്കാള്‍ ഏഴ് ഗോളുകള്‍ കൂടുതല്‍. ചാമ്പ്യന്‍സ് ലീഗിലും സ്ഥിതി വ്യത്യസ്തമല്ല, നാല് കളികളില്‍ നിന്ന് മൂന്ന് തവണ ലക്ഷ്യം കണ്ടു.

17-ാം വയസ്സിലാണ് ലെവ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്. വെറും അഞ്ച് വര്‍ഷത്തെ കാലയളവില്‍ ജര്‍മന്‍ മുന്‍നിര ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ടുമുണ്ടില്‍ എത്തി. അവിടെ താരത്തിന്റെ കാലുകള്‍ വിശ്രമിച്ചില്ല എന്ന് തന്നെ പറയാം. ഡോര്‍ട്ട്മുണ്ടിനായി നാല് സീസണുകള്‍ കളിച്ച പോളണ്ട് നായകന്‍ വൈകാതെ തന്നെ ബയേണിലേക്ക് ചേക്കേറി.

മുന്‍താരങ്ങളുടെ വിലയിരുത്തലുകള്‍ തെറ്റിയില്ല. വെറും നാല് സീസണിലെ അത്ഭുതം അല്ലായിരുന്നു ലെവന്‍ഡോസ്‌കി. ബയേണിന്റെ ചുവന്ന കുപ്പായത്തില്‍ 307 തവണ മൈതാനത്തില്‍ ഇരങ്ങിയ താരം 266 ഗോളുകള്‍ നേടി.

Latest News