Top

തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത് ആഢംബര കാര്‍; പൊലീസ് സംരക്ഷിക്കുന്നതാരേ?, ഉന്നതര്‍ ഇടപെട്ടെന്ന് സൂചന

തലശേരിയില്‍ പത്തൊമ്പതുകാരന്റെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ബിടെക് വിദ്യാര്‍ത്ഥിയായ അഫ്‌ലാഹ് ഫറാസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാന്‍ ചിലരുടെ ശ്രമിക്കുന്നുവെന്ന് ആരോപണത്തിന് പിന്നാലെയാണ് പൊലീസിന്റെ നിസ്സംഗത. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അഫ്‌ലാഹിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ഡ്രിഫ്റ്റിംഗ് നടത്തിയാണ് പ്രതി അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജുലൈ 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാല് പേര്‍ യാത്ര ചെയ്യുകയായിരുന്ന പെജീറോ കാര്‍ തലശേരി ജൂബിലി റോഡില്‍ വെച്ച് അഫ്‌ലാഹ് ഫറാസ് സഞ്ചരിച്ച […]

26 July 2021 11:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത് ആഢംബര കാര്‍; പൊലീസ് സംരക്ഷിക്കുന്നതാരേ?, ഉന്നതര്‍ ഇടപെട്ടെന്ന് സൂചന
X

തലശേരിയില്‍ പത്തൊമ്പതുകാരന്റെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ബിടെക് വിദ്യാര്‍ത്ഥിയായ അഫ്‌ലാഹ് ഫറാസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാന്‍ ചിലരുടെ ശ്രമിക്കുന്നുവെന്ന് ആരോപണത്തിന് പിന്നാലെയാണ് പൊലീസിന്റെ നിസ്സംഗത. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അഫ്‌ലാഹിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ഡ്രിഫ്റ്റിംഗ് നടത്തിയാണ് പ്രതി അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ജുലൈ 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാല് പേര്‍ യാത്ര ചെയ്യുകയായിരുന്ന പെജീറോ കാര്‍ തലശേരി ജൂബിലി റോഡില്‍ വെച്ച് അഫ്‌ലാഹ് ഫറാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചു. കാറിനടിയില്‍ അകപ്പെട്ട അഫ്‌ലാഹിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പൊലീസെത്തും മുന്‍പ് പെജീറോയുടെ നമ്പര്‍ പ്ലേറ്റ് ചിലര്‍ അഴിച്ചുമാറ്റി വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ സ്ഥലം വിടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരല്ല മറ്റു ചിലരെത്തിയാണ് നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നും അഭ്യൂഹങ്ങളുണ്ട്.

അപകടം നടന്നയുടന്‍ നാട്ടുകാരില്‍ ചിലര്‍ കാറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമാണ്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കില്‍ വാഹന ഉടമയെ നേരത്തെ കണ്ടെത്താമായിരുന്നു. ഇതുണ്ടായിട്ടില്ലെന്നാണ് വിവരം. ബന്ധുവീട്ടിലേക്ക് പഠനാവശ്യത്തിനായി ലാപ്‌ടോപ് എടുക്കാന്‍ പോകുന്നതിനിടയിലാണ് അഫ്‌ലാഹിന്റെ ജീവനെടുത്ത അപകടം നടക്കുന്നത്. മകന്റെ വേര്‍പാട് ഇപ്പോഴും മാതാപിതാക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ഒരു കുടുംബത്തെ മുഴുവന്‍ തീരാദുഖത്തിലാഴ്ത്തിയ യുവാവിന്റെ മരണം ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതിന്റെ തെളിവാണിത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പെജീറോ ഡ്രൈവറെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ ഇയാളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. നാല് പേരാണ് അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു കഴിഞ്ഞ കേസില്‍ ഇതുവരെ അറസ്റ്റുണ്ടായില്ലെന്നതും വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് അഴിച്ചുമാറ്റിയ കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രങ്ങള്‍ ലഭിച്ച സ്ഥിതിക്ക് ഉടമയെ ചോദ്യം ചെയ്യുകയും അതുവഴി ഡ്രൈവറെ കണ്ടെത്താനും സാധിക്കുമായിരുന്നു.

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇതുവഴി സാധിക്കുമെങ്കിലും പൊലീസിന്റെ നിസാര മനോഭാവം കാര്യങ്ങള്‍ മന്ദഗതിയിലാക്കി. രക്ഷപ്പെട്ട പെജീറോ ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചിട്ടും പ്രാഥമിക വൈദ്യ പരിശോധന നടത്തിയോയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അപകടം നടന്നയുടന്‍ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയത് ഉള്‍പ്പെടെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കൃ!ത്യമായ വിവരമുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്.

പ്രതിയെക്കുറിച്ചുള്ള തെളിവ് ശേഖരണത്തിലാണ് പൊലീസെന്നാണ് റിപ്പോര്‍ട്ടര്‍ ലൈവിനോട് തലശേരി സി.ഐ നല്‍കിയ വിവരം. കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അലംഭാവം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ക്കെതിരെ ഹിറ്റ് ആന്റ് റണ്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഐപിസി 279, 304A എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ ഐപിസി 279 വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ആറ് മാസം തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. ഈ വകുപ്പ് പ്രകാരം എളുപ്പം ജാമ്യവും ലഭിക്കും.

അതേസമയം 304A ജാമ്യമില്ലാത്തതാണ്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. ആഢംബര കാറില്‍ യാത്ര ചെയ്തിരുന്ന യുവാക്കള്‍ കണ്ണൂരിലെ പ്രധാന വ്യവസായിയുടെ ബന്ധുവാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ട്. ഇതാണ് പൊലീസിന്റെ ലാഘവ മനോഭാവത്തിന് പിന്നിലെന്നും അഭ്യൂഹങ്ങള്‍ പറയുന്നു. നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം നടത്തുമെന്ന് നിശ്ചയദാര്‍ഢ്യത്തിലാണ് മരണപ്പെട്ട അഫ്‌ലാഹിന്റെ കുടുംബം. ചെന്നൈയിലാണ് ഫറാസ് ബി ടെക്ക് പഠനം നടത്തുന്നത്. നിരവധി സ്വപ്നങ്ങളുണ്ടായിരുന്ന ഒരു യുവാവിന്റെ ജീവനെടുത്ത അപകടത്തിന് കാരണക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് നാട്ടുകാരും.

അപകടത്തിലേക്ക് നയിച്ചത് ഡ്രിഫ്റ്റിംഗ് ?

അതിവേഗത്തില്‍ കാറുകള്‍ വളച്ചെടുക്കുന്ന രീതിക്കാണ് ഡ്രിഫ്റ്റിംഗ് എന്നു പറയുന്നത്. കായിക വിനോദമായി ചില വിദേശ രാജ്യങ്ങളില്‍ ഇത് ഉള്‍പ്പെടുത്താറുണ്ട്. സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഇത്തരം മത്സരങ്ങള്‍ നടക്കാറ്. ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ തിരക്കേറിയ റോഡുകളിലും ഇടറോഡുകളിലും ഇത്തരം ‘അഭ്യാസങ്ങള്‍’ അപകടം വിളിച്ചുവരുത്തും.

അഫ്‌ലാഹിന്റെ മരണത്തിനിടയാക്കിയ വാഹനം ഡ്രിഫ്റ്റിംഗുകള്‍ സ്ഥിരമായി നടത്താറുണ്ടെന്നാണ് വിവരം. സമാന രീതിയില്‍ നാലംഗ സംഘം പരിസര പ്രദേശങ്ങളില്‍ പെരുന്നാള്‍ തലേന്ന് ഡ്രിഫ്റ്റിംഗ് നടത്തിയെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഈ ആരോപണത്തില്‍ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടെല്ലെന്നാണ് വിശദീകരണം. പെജീറോയുടെ ടയറുകള്‍ മോഡിഫിക്കേഷൻ വരുത്തിയതായിട്ടാണ് സൂചന. ഇക്കാര്യത്തില്‍ ആർടിഒ പരിശോധന നടത്തിയാലെ കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരൂ. ഇതുണ്ടായിട്ടില്ലെന്നാണ് അഫ്‌ലാഹിന്റെ ബന്ധു റിപ്പോർട്ടർ ലൈവിനോട് പറഞ്ഞത്.

Next Story