
ആര്‍എല്‍വി രാമകൃഷ്ണന് വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള സംഗീത നാടക അക്കാദമിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയരുകയാണ്. അക്കാദമി ചെയര്‍പേഴ്സണായ കെപിഎസ്സി ലളിതയും രാമകൃഷ്ണനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ഇതോടെ, രാമകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്ന അക്കാദമിയുടെ വാദവും ഇല്ലാതായിരിക്കുകയാണ്.
പ്രശസ്ത നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് താന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടില്ല. രാമകൃഷ്ണന്റെ അത്തരം ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായ കെപിഎസ്സി ലളിത പറഞ്ഞിരുന്നത്. എന്നാല്‍ പുറത്തുവന്ന ശബ്ദ രേഖയില്‍ ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നുണ്ട്.
അക്കാദമിയിലെ ഓണ്‍ലൈന്‍ പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം തേടിയെന്നും എന്നാല്‍ അക്കാദമി വിവേചനപരമായാണ് പെരുമാറിയതെന്നുമാണ് ആര്‍എല്‍വി രാമകൃഷ്ണന് ആരോപണം ഉന്നയിച്ചത്. ചെയര്‍പേഴ്സണ്‍ന്റെ ഇടപെടലിനെ തുടര്‍ന്ന് നൃത്തം അവതരിപ്പിക്കുന്നതിന് പകരം പരിപാടിയില്‍ സംസാരിക്കാന്‍ അവസരം നല്‍കാമെന്ന് അക്കാദമി അറിയിച്ചുവെന്നും രാമകൃഷ്ണന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രാമകൃഷ്ണന്റെ ആരോപണങ്ങളെ തള്ളി ചെയര്‍പേഴ്സണായ കെപിഎസ്സി ലളിത കഴിഞ്ഞ ദിവസം രംഗത്തെത്തുകയായിരുന്നു. അതേ സമയം, ചെയര്‍പേഴ്സണും രാമകൃഷനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്ത് വന്നതോടെ വിഷയത്തില്‍ അക്കാദമി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.