Top

മുൻ കേരളാ ​ഗവർണർ ആർഎൽ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു

1972ൽ അമൃത്സറിൽ നിന്ന് മത്സരിച്ച ഭാട്ടിയ പാർലമെന്റിലെത്തി. പിന്നീട് 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

15 May 2021 7:26 AM GMT

മുൻ കേരളാ ​ഗവർണർ ആർഎൽ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു
X

അമൃത്സർ: മുൻ കേരളാ ​ഗവർണർ രഘുനന്ദൻ ലാൽ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 99 വയസായിരുന്നു. 2004 – 2008 കാലഘട്ടത്തിൽ കേരളത്തിൻറെ ഗവർണർ ആയി സേവനമനുഷ്ഠിച്ച ആർഎൽ ഭാട്ടിയ കേന്ദ്ര മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്.

1972ൽ അമൃത്സറിൽ നിന്ന് മത്സരിച്ച ഭാട്ടിയ പാർലമെന്റിലെത്തി. പിന്നീട് 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻററി പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പഞ്ചാബിലെ കോൺ​ഗ്രസിന്റെ ശക്തനായ സാന്നിദ്ധ്യമായിരുന്നു ഭാട്ടിയ. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺഗ്രസ് പാർട്ടി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 1983ൽ ലോക്സഭയിലെ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായി.

Next Story