Top

വേണ്ടത് 12 സീറ്റുകള്‍ക്കൂടി; ചെറുപാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ ഒരുങ്ങി ആര്‍ജെഡി, ഉപമുഖ്യമന്ത്രി സ്ഥാനമടക്കം വാഗ്ദാനം

ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിര്‍ണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ആര്‍ജെഡി. ചെറുപാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ ആര്‍ജെഡി ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഐപി അടക്കമുള്ളവരെ കൂട്ടിപ്പിടിക്കാനാണ് ആര്‍ജെഡിയുടെ നീക്കം. സഖ്യത്തില്‍നിന്നും വിട്ടുപോയ വിഐപിയെയും എച്ച്എഎമ്മിനെയും തിരികെ എത്തിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വിഐപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ജിതന്‍ റാം മഞ്ചിയുടെ എച്ച്എഎമ്മിന് രണ്ട് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ 110 സീറ്റുകളാണ് മഹാസഖ്യത്തിനുള്ളത്. 12 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പ്രവേശിക്കാം. വിഐപിയുടെയും എച്ച്എഎമ്മിന്റെയും കൂടെ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ […]

12 Nov 2020 12:41 AM GMT

വേണ്ടത് 12 സീറ്റുകള്‍ക്കൂടി; ചെറുപാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ ഒരുങ്ങി ആര്‍ജെഡി, ഉപമുഖ്യമന്ത്രി സ്ഥാനമടക്കം വാഗ്ദാനം
X

ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിര്‍ണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ആര്‍ജെഡി. ചെറുപാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ ആര്‍ജെഡി ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഐപി അടക്കമുള്ളവരെ കൂട്ടിപ്പിടിക്കാനാണ് ആര്‍ജെഡിയുടെ നീക്കം.

സഖ്യത്തില്‍നിന്നും വിട്ടുപോയ വിഐപിയെയും എച്ച്എഎമ്മിനെയും തിരികെ എത്തിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. വിഐപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ജിതന്‍ റാം മഞ്ചിയുടെ എച്ച്എഎമ്മിന് രണ്ട് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ 110 സീറ്റുകളാണ് മഹാസഖ്യത്തിനുള്ളത്.

12 സീറ്റുകള്‍ കൂടി ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് പ്രവേശിക്കാം. വിഐപിയുടെയും എച്ച്എഎമ്മിന്റെയും കൂടെ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ അഞ്ച് സീറ്റുകള്‍ക്കൂടി നേടാനാവുമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. വിഐപിക്കും എച്ച്എഎമ്മിനും നാല് സീറ്റുകള്‍ വീതമാണ് ലഭിച്ചിട്ടുള്ളത്.

അത്തരമൊരു ശ്രമം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ആര്‍ജെഡി നേതാക്കളുടെ അഭിപ്രായം. വിഐപിയും എച്ച്എഎമ്മും ഒപ്പം നിന്നാല്‍ അവര്‍ക്ക് മികച്ച പരിഗണന നല്‍കാമെന്നും അത് തീര്‍ച്ചയായും എന്‍ഡിഎയില്‍നിന്നും ലഭിക്കുന്നതിലും വലുതായിരിക്കുമെന്നും നേതാക്കള്‍ ഉറപ്പുപറയുന്നുണ്ടെന്ന് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ആര്‍ജെഡിക്ക് അനുകൂലമായ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഉപമന്ത്രിസ്ഥാനവും മന്ത്രിപദവിയും ആര്‍ജെഡി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്വേ തങ്ങളെ മാനിച്ചത് എന്‍ഡിഎ ആണെന്നുമാണ് വിഐപി നേതാക്കള്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ കൂറുമാറിയാല്‍ അത് പ്രവര്‍ത്തകരിലേക്ക് തെറ്റായ സന്ദേശമാവും നല്‍കുകയെന്നും നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. വാഗ്ദാനത്തെക്കുറിച്ച് എച്ച്എഎമ്മും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാസഖ്യത്തില്‍നിന്നുണ്ടായ അപമാനം മറക്കില്ലെന്നും ഇനിയൊരു തിരിച്ച് പോവില്ലെന്നുമാണ് എച്ച്എഎം ഉറപ്പിച്ച് പറയുന്നത്.

ഭിന്നിപ്പ് കൈമുതലാക്കുന്നവരെ അധികാരത്തിലെത്തിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ അതാത് സമയത്ത് തങ്ങള്‍ ചെയ്യുമെന്നാണ് എഐഎംഐഎം അധ്യക്ഷന്‍ അക്തറുല്‍ ഐമന്‍ പ്രതികരിച്ചത്. ജനഹിതമാണ് നടപ്പിലാകേണ്ടത്. തീരുമാനം പിന്നീടറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് തന്ത്രപരമായി ചില പിശകുകള്‍ സംഭവിച്ചെന്ന് ആര്‍ജെഡി തുറന്നുസമ്മതിക്കുന്നുണ്ട്. അതിലൊന്ന് വിഐപി സഖ്യം വിട്ടത് വേണ്ടത്ര പരിഗണിക്കാതിരുന്നതും കോണ്‍ഗ്രസില്‍ അമിത പ്രതീക്ഷ വെച്ചതുമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് നല്‍കിയതിനേക്കാള്‍ സീറ്റുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിതീഷ് കുമാര്‍ മൗനം തുടരുകയാണ്. വിജയത്തില്‍ നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തോട് കാര്യമായി പ്രതികരിക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായിട്ടില്ല. നിതീഷ് ബിജെപിയുമായുള്ള ബന്ധമുപേക്ഷിച്ച് മഹാസഖ്യത്തിലേക്ക് തിരിച്ചെത്തുമെന്ന് ചില നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

സര്‍ക്കാര്‍ രൂപീകരണത്തില്‍ സുപ്രധാന വകുപ്പുകള്‍ കയ്യാളാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിയിട്ടുണ്ട്. ആഭ്യന്തരം, ധനം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ മന്ത്രിസഭയില്‍ ഈ വകുപ്പുകളെല്ലാം ജെഡിയുവിന്റെ കയ്യിലായിരുന്നു.

74 സീറ്റുകള്‍ ബിജെപിക്കുണ്ട് ജെഡിയുവിന് 43 സീറ്റുകളാണ് ജെഡിയുവിനുള്ളത്. ജെഡിയു വോട്ടുകളെ വലിയ രീതിയില്‍ ഭിന്നിപ്പിച്ച് മുപ്പതോളം സീറ്റുകളില്‍ ചിരാഗ് പാസ്വാന്‍ നടത്തിയ നീക്കവും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.

Next Story