Filmi Reporter

‘ഹാര്‍ട്ട് വേണോ, കിഡ്‌നി വേണോ, കരള് വേണോ’; കിഡ്‌നി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് കോടാലിപ്പറമ്പന്‍

റിയാസ് ഖാന്‍ നന്മമരം സുരേഷ് കോടാലിപ്പറമ്പനായെത്തുന്ന മായക്കൊട്ടാരത്തിന്റെ പുതിയ പോസ്റ്ററെത്തി. തദ്ദേശ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇലക്ഷന്‍ പോസ്റ്റര്‍ സ്‌റ്റൈലിലാണ് പുതിയ പോസ്റ്റര്‍. കിഡ്‌നി ചിഹ്നത്തില്‍ മത്സരിക്കുന്ന നമ്മുടെ സുരേഷ് കോടാലിപ്പറമ്പന് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പോസ്റ്റര്‍ നടന്‍ റിയാസ് ഖാന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാമത്തെ ഇടിവെട്ട് പോസ്റ്റര്‍ ഇന്ന് വൈകിട്ട് അഞ്ചിനെത്തുമെന്ന് നടന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സുരേഷ് കോടാലിപ്പറമ്പന്റെ പ്രകടന പത്രികയിലുള്ളത്

1, രോഗം വന്ന അവയവങ്ങള്‍ എടുത്തുമാറ്റി അവിടം കംപ്യൂട്ടര്‍വല്‍കരിക്കും.

2, കോടാലികുന്നുഗ്രാമത്തില്‍ ശസ്ത്രക്രിയകള്‍ക്കായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പടുകൂറ്റന്‍ എയര്‍പോര്‍ട്ട്, കേരളത്തിലെ രണ്ടാമത്തെ സെക്രട്ടറിയേറ്റ് എന്നിവ യാഥാര്‍ത്ഥ്യമാക്കും.

3, എന്നെ പുകഴ്ത്തി തള്ളുന്ന കൂലിതൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പാക്കേജ് അനുവദിക്കും.

ഹാര്‍ട്ട് വേണോ..കിഡ്‌നി വേണോ..കരള് വേണോ..ലൈവില്‍ വരൂ..നന്മമരം ഒപ്പ്

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തോച്ചൊലി വിവാദമുയര്‍ന്നിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെയും റിയാസ് ഖാന്റെ കഥാപാത്രത്തെയും ബന്ധപ്പെടുത്തി നിരവധി ട്രോളുകള്‍ പുറത്തിറങ്ങി. ഇതില്‍ മറുപടിയുമായി രംഗതെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തുകയും ചെയ്തു.

‘വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമര്‍ശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോള്‍ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ വരെ എടുക്കുകയാണ്. ഞാന്‍ സ്വര്‍ണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും എനിക്കെതിരെ നടത്തൂ. സിബിഐയെ െകാണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയില്‍ കനമില്ല’, ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

കെഎന്‍ ബൈജുവാണ് മായക്കൊട്ടാരം സംവിധാനം ചെയ്യുന്നത്. റിയാസ് ഖാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുരേഷ് കോടാലിപ്പറമ്പനെ അവതരിപ്പിക്കുന്നത്. കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയന്‍ ചേര്‍ത്തല, സമ്പത് രാമന്‍, മാമുക്കോയ, നാരായണന്‍ കുട്ടി, സജു കൊടിയന്‍, കേശവ് ദേവ്, കുളപ്പുള്ളി ലീല എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നു.

അജയ് സരിഗമയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. റഫീക്ക് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഗാനരചന. അനുരാധ ശ്രീറാം, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

Latest News