‘പോസ്റ്റിട്ടിട്ടുണ്ടോ? ഉണ്ട്, എന്നാല്‍ നിങ്ങളെ മാറ്റുന്നു’; ഒറ്റ കോളിലാണ് സുരേന്ദ്രന്‍ തന്നെ പുറത്താക്കിയതെന്ന് ഋഷി പല്‍പ്പു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാക്കിയത് വിശദീകരണങ്ങളൊന്നും ചോദിക്കാതെയാണെന്ന് ഋഷി പല്‍പ്പു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടോ എന്ന ഒറ്റ ചോദ്യമാണ് സുരേന്ദ്രന്‍ തന്നോട് ഫോണില്‍ വിളിച്ച് ചോദിച്ചതെന്ന് ഋഷി പല്‍പ്പു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. ഋഷി പല്‍പ്പു പറഞ്ഞത്: ”സാധാരണ ബിജെപിക്കാരുടെ വികാരമാണ് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പ്രവര്‍ത്തകരുടെ വികാരം ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തിന് മനസിലാകില്ല. തൃശൂര്‍ ബിജെപിയില്‍ മൊത്തം […]
1 Jun 2021 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാക്കിയത് വിശദീകരണങ്ങളൊന്നും ചോദിക്കാതെയാണെന്ന് ഋഷി പല്‍പ്പു. ഫേസ്ബുക്കില്‍ പോസ്റ്റിട്ടോ എന്ന ഒറ്റ ചോദ്യമാണ് സുരേന്ദ്രന്‍ തന്നോട് ഫോണില്‍ വിളിച്ച് ചോദിച്ചതെന്ന് ഋഷി പല്‍പ്പു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.
ഋഷി പല്‍പ്പു പറഞ്ഞത്: ”സാധാരണ ബിജെപിക്കാരുടെ വികാരമാണ് ഞാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പ്രവര്‍ത്തകരുടെ വികാരം ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തിന് മനസിലാകില്ല. തൃശൂര്‍ ബിജെപിയില്‍ മൊത്തം താളം തെറ്റി സാഹചര്യങ്ങളാണ്. ധര്‍മ്മരാജനും ബിജെപിയും തമ്മിലുള്ള ബന്ധം എനിക്ക് അറിയില്ല. സുരേന്ദ്രനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും എനിക്ക് അറിയില്ല. ആര് ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും അറിയില്ല.”
”ബിജെപിയെ പോലെയൊരു പാര്‍ട്ടി ഒരു സംസ്ഥാന നേതാവിനെ പുറത്താക്കണമെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. എനിക്ക് അത് കിട്ടിയിട്ടില്ല. എനിക്ക് പറയാനുള്ളതും സുരേന്ദ്രന്‍ കേട്ടിട്ടില്ല. ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്നിട്ട് ചോദിച്ച ഒരേയൊരു കാര്യം പോസ്റ്റിട്ടോ എന്നാണ്. ഇട്ടു എന്ന് പറഞ്ഞു. ശേഷം പറഞ്ഞത് ഓക്കെ, നിങ്ങളെ ഈ ചുമതലയില്‍ നിന്ന് മാറ്റുകയാണ് എന്നാണ്. ഇത്രയും മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. പോസ്റ്റ് ശരിയല്ല, പിന്‍വലിക്കണമെന്ന് അദേഹത്തിന് പറയാമല്ലോ. അത് ആവശ്യപ്പെട്ടിട്ടില്ല. വിശദീകരണവും ചോദിച്ചിട്ടില്ല. കൊടുത്താല്‍ തന്നെ അത് സ്വീകരിക്കുകയുമില്ല. വളരെ അപൂര്‍വ്വമായൊരു നടപടിയായിരുന്നു അത്. മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നോട് സംസാരിച്ചു. ഇത്തരമൊരു നടപടി ബിജെപിയില്‍ ആദ്യമായിട്ടാണെന്നാണ് ഞാന്‍ മനസിലാക്കിയത്. ഒറ്റ ഫോണ്‍ കോളിലാണ് പുറത്താക്കിയത്.”
പുറത്താക്കല്‍ നടപടിയില്‍ വി മുരളീധരന്‍ ഇടപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഋഷി പല്‍പ്പു പറഞ്ഞു. ”വി മുരളീധരന്‍ ഞാന്‍ ബഹുമാനിക്കുന്ന വ്യക്തിയാണ്. വിഷയത്തില്‍ അദ്ദേഹം ഇടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നടപടിയെടുക്കാന്‍ സുരേന്ദ്രന്‍ തിടുക്കം കാണിച്ചു. പാര്‍ട്ടിക്കെതിരെ വലിയ പോസ്റ്റിട്ടുള്ള പല നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. എന്റെ പേരില്‍ മാത്രമാണ് നടപടി. ” കൊടകര കള്ളപ്പണ കേസിലെ പൊലീസ് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതും അന്വേഷണത്തിന് ശേഷം എന്താണ് സത്യമെന്ന് അറിയാമല്ലോയെന്നും ഋഷി പല്‍പ്പു പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്ന് ഋഷി പല്‍പ്പു ആവശ്യപ്പെട്ടിരുന്നു.
നടപടിക്ക് കാരണമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അതിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കോവിഡ് മഹാമാരി പടരുമ്പോള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെടാതെ സേവനാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂര്‍ ബിജെപി പ്രവര്‍ത്തകര്‍ മാതൃകാ പരമായി ഒരു സഹപ്രവര്‍ത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവര്‍ത്തിക്ക് തൃശൂര്‍ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴല്‍പണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ! രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നാണം കെടുത്തി കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതും പോരാതെ ‘സേവാ ഹി സംഘടന്‍ ‘ ആഹ്വാന ദിനത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂര്‍ ജില്ലാ നേതൃത്വം.”
”അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴല്‍പ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാര്‍ട്ടി പൂജ്യമായതില്‍ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് ! കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ഇന്നും ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റിയ പ്രവര്‍ത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം. ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ utter waste ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതല്‍ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂര്‍ ജില്ലയിലെ ഓരോ പ്രവര്‍ത്തകന്റെയും ആവശ്യം.’