ഓയില്‍ ബിസിനസില്‍ ഇടിവും ജിയോ വളര്‍ച്ചയില്‍ കുതിപ്പും; കൊവിഡ് റിലയന്‍സിനെ ബാധിച്ചതിങ്ങനെ

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന്റെ ഓയില്‍ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ സെപ്തംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത് 15 ശതമാനം ഇടിവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് റിലയന്‍സിന്റെ പ്രധാന ബിസിനസില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരി മൂലമാണ് വരുമാനം ഈ വിധത്തില്‍ കുറഞ്ഞതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എന്നാല്‍ അതേസമയം റിലയന്‍സിന്റെ തന്നെ ജിയോയ്ക്ക് വലിയ കുതിപ്പാണ് ഇക്കാലയളവിലുണ്ടായത്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോയുടെ വരുമാനത്തില്‍ 12.85 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ലാഭം മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

മൂന്നുമാസത്തിനിടെ തങ്ങള്‍ക്ക് ആകെ 9,567 കോടി വരുമാനമുണ്ടായതായി റിലയന്‍സ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. കമ്പനിയുടെ ഈ മാസത്തെ ബിസിനസ് തൃപ്തികരമാണെന്ന് റിലയന്‍സ് വിലയിരുത്തുന്നു. ഡിജിറ്റല്‍ സെര്‍വ്വീസ് ബിസിനസില്‍ മികച്ച പ്രകടനം ഇക്കാലയളവില്‍ കാഴ്ച്ചവെയ്ക്കാനായെന്നും കമ്പനി അവകാശപ്പെടുന്നു. ജിയോയ്ക്കായി ഇക്കാലയളവിന്‍ നൂതന ബിസിനസ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നിക്ഷേപകരെ റിലയന്‍സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനായെന്നും മൂലധനമുയര്‍ത്തിയെന്നും റിലയന്‍സ് തലപ്പത്തുള്ളവര്‍ അറിയിച്ചു.

2844 കോടിരൂപയാണ് ജിയോയുടെ വരുമാനം. ഒരു ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന തുക അഞ്ച് രൂപയോളം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് മഹാമാരിമൂലം ലോകത്തിലെ എല്ലാ എണ്ണ ബിസിനസുകളിലും ഇടിവുണ്ടായിട്ടുണ്ട്.

Latest News