
കര്‍ഷക സമരത്തെ പിന്തുണച്ചു കൊണ്ട് പോപ് സ്റ്റാര്‍ റിഹാന പങ്കുവെച്ച ട്വീറ്റിനെ തുടർന്ന് കർഷകസമരം ലോകശ്രദ്ധയിലേക്ക്. ബ്രിട്ടീഷ് എംപിയായ ക്ലോഡിയ വെബ് റിഹാനയുടെ ട്വീറ്റിന്മേൽ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. “ഇന്ത്യൻ കർഷകർക്ക് ഐക്യദാർഢ്യം. റിഹാനയ്ക്ക് നന്ദി. രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവത്തിൽ മറ്റുള്ളവർ മുന്നോട്ട് നയിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്.” റിഹാനയുടെ ട്രെന്റിങ് ആയ ആ ട്വീറ്റിന് ശേഷം നിരവധി പ്രമുഖ വ്യക്തികളാണ് ട്വീറ്റിനോട് പ്രതികരിച്ചത്.
യുഎസ് രാജ്യസഭാംഗമായ ജിം കോസ്റ്റ , റിഹാനയുടെ ഹാഷ്ടാഗ് ഉപയോഗിക്കുകയും “ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിദേശകാര്യ സമിതി അംഗമെന്ന നിലയിൽ താൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിച്ച അദ്ദേഹം, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എപ്പോഴും മാനിക്കപ്പെടണം എന്നും കുറിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസും പിന്തുണ അറിയിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. ‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിനു മേൽ കൈയേറ്റം നടന്നിട്ട് ഒരു മാസം പോലും തികയും മുൻപ് ഏറ്റവും ജനബാഹുല്യമുള്ള മറ്റൊരു സംവിധാനം ആക്രമണ ഭീതിയിലാണ്. ഇത് യാദൃശ്ചികമല്ല പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ പ്രക്ഷോഭകർക്കെതിരെ നടത്തുന്ന അന്യായമായ അർദ്ധസൈനിക നടപടികളിലും ഇന്റർനെറ്റ് വിച്ഛേദനത്തിലും നമ്മളെല്ലാവരും പ്രതികരിക്കണം’, അവർ ട്വീറ്റ് ചെയ്തു.
‘കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം’ എന്നെഴുതി ‘ഫാര്‍മേര്‍ഴ്സ് പ്രൊട്ടെസ്റ്റ്’ ‘എന്ന ഹാഷ്ടാഗോടെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും ട്വീറ്റ് ചെയ്തിരുന്നു. അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും ഗ്രേറ്റ പങ്കുവെച്ചിരുന്നു.
മുന്‍ പോണ് സ്റ്റാര്‍ മിയ ഖലീഫ ആണ് പോപ് സ്റ്റാര്‍ റിഹാനയ്ക്ക് പിന്നാലെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് മറ്റൊരു പ്രശസ്ത വ്യക്തി. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട സിഎന്‍എന്നിന്റെ വാര്‍ത്ത പങ്കുവെച്ചായിരുന്നു ട്വീറ്റ്. സമരത്തെ തുടര്‍ന്ന് ഡല്‍ഹി പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് വിലക്ക് മനുഷ്യാവകാശ ലംഘനമാണെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്.
മാസങ്ങളായി രാജ്യത്തു തുടരുന്ന സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ചോദ്യം. എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത് എന്നാണ് താരം ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന.
കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ കാരണം ദില്ലിയുടേയും ഹരിയാനയുടേയും പ്രധാനഭാഗങ്ങളിലെല്ലാം തന്നെ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം ഈ വിഷയത്തിൽ ബോളിവുഡ് താരങ്ങളുടെ നിശബ്ദതയ്ക്കെതിരെ നിരവധിപേര്‍ പ്രതികരണവുമായെത്തി. ‘സൂപ്പര്‍ സ്റ്റാര്‍സ് എന്ന് പറഞ്ഞുനടക്കുന്ന താരങ്ങള്‍ എവിടെയെന്ന് ചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ദിലീപ് മണ്ഡാൽ രംഗത്തെത്തി. അമിതാബ് ബച്ചന്, ദീപിക പദുകോണ്‍ ആലിയ ഭട്ട്, സച്ചിന് എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മണ്ഡാല്‍ വിമര്‍ശനമുയര്‍ത്തിയത്. കര്‍ഷക പ്രക്ഷോഭത്തെ ലോകശ്രദ്ധയില്‍ എത്തിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് കായിക താരം രണ്‍ദീപ് ജണ്ടയും രംഗത്തെത്തിയിരുന്നു.