Top

ബഹിരാകാശ വിനോദ സഞ്ചാരത്തില്‍ പുതുചരിത്രം കുറിച്ച് ബ്രാന്‍സണ്‍; സ്വപ്‌നയാത്രയ്ക്ക് ടിക്കറ്റെടുത്ത് 600ല്‍ അധികം പേര്‍

ബഹിരാകാശ വിനോദ സഞ്ചാര മേഖലയില്‍ പുതുചരിത്രം കുറിച്ച് റിച്ചാര്‍ഡ് ബ്രാന്‍സന്‍റെ നേതൃത്വത്തിലുള്ള ആദ്യ സംഘം ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തി. ഇന്ത്യന്‍ വംശജയായ ശിരിഷ ബാന്ദ്‌ലയടക്കം ആറംഗ സംഘമാണ് ഈ ചരിത്രപ്രധാനമായ യാത്രയില്‍ പങ്കാളികളായത്. വിനോദസഞ്ചാരമെന്ന നിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘവും ഇവര്‍ തന്നെയായിരുന്നു. 2004 ല്‍ വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് ആദ്യ സംഘാഗം കൂടിയായ ബ്രാന്‍സണ്‍ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് എഴുപതുകാരനായ ബ്രാന്‍സണ്‍ […]

12 July 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഹിരാകാശ വിനോദ സഞ്ചാരത്തില്‍ പുതുചരിത്രം കുറിച്ച് ബ്രാന്‍സണ്‍; സ്വപ്‌നയാത്രയ്ക്ക് ടിക്കറ്റെടുത്ത് 600ല്‍ അധികം പേര്‍
X

ബഹിരാകാശ വിനോദ സഞ്ചാര മേഖലയില്‍ പുതുചരിത്രം കുറിച്ച് റിച്ചാര്‍ഡ് ബ്രാന്‍സന്‍റെ നേതൃത്വത്തിലുള്ള ആദ്യ സംഘം ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തി. ഇന്ത്യന്‍ വംശജയായ ശിരിഷ ബാന്ദ്‌ലയടക്കം ആറംഗ സംഘമാണ് ഈ ചരിത്രപ്രധാനമായ യാത്രയില്‍ പങ്കാളികളായത്. വിനോദസഞ്ചാരമെന്ന നിലയില്‍ ബഹിരാകാശത്തെത്തുന്ന ആദ്യസംഘവും ഇവര്‍ തന്നെയായിരുന്നു. 2004 ല്‍ വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ് ഫ്ളൈറ്റ് കമ്പനി ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് ആദ്യ സംഘാഗം കൂടിയായ ബ്രാന്‍സണ്‍ വ്യക്തമാക്കി. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം എന്നാണ് എഴുപതുകാരനായ ബ്രാന്‍സണ്‍ ഇതിനെക്കുറിച്ച് നടത്തിയ പ്രതികരണം.

‘ഒരിക്കല്‍ നക്ഷത്രങ്ങളെ നോക്കിനിന്ന് സ്വപ്‌നം കണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഇന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്‌പേസ്ഷിപ്പിലിരുന്ന് ഭൂമിയെ നോക്കിക്കാണുകയാണ്. ഞങ്ങള്‍ക്കിതിന് സാധിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിയില്ല’, ബ്രാന്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു.

പതിനൊന്ന് മിനിറ്റ് നീണ്ട ബഹിരാകാശ യാത്രയില്‍ മൂന്ന് മിനിറ്റോളം ഭാരമില്ലായ്മയും ആസ്വദിച്ച് ബഹിരാകാശത്ത് നിന്നും മടങ്ങയെത്തിയ ബ്രാന്‍സന്‍ അടക്കമുള്ള ആറംഗ സംഘം കുറിച്ചത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കുള്ള ഉത്തരം കൂടിയാണ്. സ്‌പേസ് ടൂറിനായി ഇതിനോടകം 600 പേര്‍ ടിക്കറ്റ് എടുത്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

പ്രശസ്തനായ എയറോസ്പേസ് എന്‍ജിനീയര്‍ ബര്‍ട്ട് റൂട്ടനൊപ്പമാണ് 2004 ല്‍ ബ്രാന്‍സണ്‍ വെര്‍ജിന്‍ ഗാലക്റ്റിക് എന്ന സ്പേസ്ഷിപ്പ് കമ്പനി ആരംഭിച്ചത്. ഭാരം കുറഞ്ഞ ആകാശയാനങ്ങളുടെ നിര്‍മാണത്തിലൂടെ സുപ്രസിദ്ധനായ വ്യക്തികൂടിയാണ് ഇദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പുകള്‍ക്ക് കമ്പനിയില്‍ ഷെയറുകളുണ്ട്. 2007 ല്‍ ആദ്യസംഘത്തെ അയക്കണമെന്നായിരുന്നു ബ്രാന്‍സന്റെ ലക്ഷ്യമെങ്കിലും പരീക്ഷണങ്ങള്‍ക്കിടയില്‍ ഉണ്ടായ റോക്കറ്റ് മോട്ടോര്‍ സ്ഫോടനത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതോടെ ആ ആഗ്രഹം തടസ്സപ്പെടുകായായിരുന്നു. പിന്നീട് വീണ്ടും തന്റെ ആഗ്രഹത്തെ മുറുകെ പിടിച്ചുകൊണ്ടാണ് തന്റെ സ്വപ്‌ന സാക്ഷാത്കാരമായ ബഹിരാകാശ വിനോദ സഞ്ചാരം അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്.

ബ്രാന്‍സണ് അഭിനന്ദനം അറിയിച്ച് നിരവധിപേരാണ് ഇതിനോടകം രംഗത്തെത്തിയത്. അറുപത് രാജ്യങ്ങളില്‍ നിന്നായി ലോകത്തിലെ സമ്പന്നരും സെലിബ്രിറ്റികളും അടക്കം അറുനൂറോളം പേര്‍ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 10,000 ഡോളര്‍ നല്‍കണം. ‘ബഹിരാകാശം എല്ലാവര്‍ക്കും സ്വന്തമാണ്, എന്നാല്‍ നിലവില്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രമേ അത് ആസ്വദിക്കാനായി സാധിക്കു’ എന്നും ബ്രാന്‍സണ്‍ പ്രതികരിച്ചിരുന്നു. അതേസമയം തന്റെ സുഹൃത്തുകൂടിയായ എലോണ്‍ മസ്‌ക് വെര്‍ജിന്‍ ഗാലക്റ്റികില്‍ ടിക്കറ്റ് ബുക്ക് ചെയ്തതായും അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: ‘കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവന്‍ എത്തിക്കുന്നു, ഓരോരുത്തരുടെയും നിലവാരം’; പ്രതികരണവുമായി മന്ത്രി പി രാജീവ്

Next Story