റൈസ് പാര്‍ക്കിന് ഭൂമി ഏറ്റെടുക്കല്‍; സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് രണ്ട് കോടിയുടെ അഴിമതി ആരോപണമെന്ന് സൂചന
ഏക്കറിന് 23 ലക്ഷം രൂപ നിരക്കിലാണ് ആണ് ഭൂമി ഏറ്റെടുത്തത്. പ്രദേശത്ത് ഏക്കറിന് 16 ലക്ഷം രൂപ മാത്രമാണ് വില എന്നിരിക്കെ ഏഴ് ലക്ഷം രൂപ ഓരോ ഏക്കറിലും അധികമായി കാണിച്ചെന്നാണ് ആരോപണം.
1 July 2021 10:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര റൈസ്പാര്‍ക്ക് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വം സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഴിമതി ആരോപണം നേരിടുന്നതായി സൂചന. റൈസ് പാര്‍ക്കിനായുള്ള ഭൂമിയേറ്റെടുക്കലില്‍ രണ്ടു കോടിയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗം പരാതി നല്‍കിയെന്നാണ് വിവരം. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയം അന്വേഷിക്കാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കണ്ണമ്പ്രയില്‍ റൈസ് പാര്‍ക്ക് നിര്‍മ്മാണത്തിനായി 27.6 ഏക്കര്‍ ഭൂമി ആറരക്കോടി രൂപയ്ക്കാണ് വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ നിരക്കിലാണ് ഭൂമി ഏറ്റെടുത്തത്. പ്രദേശത്ത് ഏക്കറിന് 16 ലക്ഷം രൂപ മാത്രമാണ് വില എന്നിരിക്കെ ഏഴ് ലക്ഷം രൂപ ഓരോ ഏക്കറിലും അധികമായി കാണിച്ചെന്നാണ് ആരോപണം. ഇടപാടില്‍ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് കമ്മീഷനിനത്തില്‍ രണ്ടു കോടിയോളം രൂപ ലഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. സിപിഐഎം നിയന്ത്രണത്തിലുള്ള 36 സഹകരണബാങ്കുകളുടെ കൂട്ടായ്മയിലാണ് ഭൂമി വാങ്ങാനുള്ള ധനസമാഹരണം നടന്നത്. ഒരു കോടി രൂപയായിരുന്നു ഓരോ ബാങ്കുകളുടെയും വിഹിതം. ഇതില്‍ 20 മുതല്‍ മുതല്‍ 50 ലക്ഷം വരെ രൂപ ഓരോ ബാങ്കുകളും കണ്‍സോര്‍ഷ്യത്തിന് നല്‍കിയിട്ടുമുണ്ട്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ നേതാക്കളെ കണ്ടെത്തി ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. റൈസ് പാര്‍ക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിലെ അഴിമതി ചൂണ്ടിക്കാട്ടി ഇവര്‍ മുമ്പ് സിപിഐഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഈ പരാതി അവഗണിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ഇവര്‍ സംസ്ഥാന നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.