
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പൂത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. റിയ ചക്രബര്‍ത്തിക്കെതിരെ ഇതിനു മുമ്പ് ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും റിയ മയക്കുമരുന്ന് ശൃംഖലയില്‍ ഉള്‍പ്പെടില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യമനുവദിച്ചിരിക്കുന്നത്.
മയക്കുമരുന്നു മാഫിയയുമായി റിയയ്ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള യാതൊരു തെളിവും നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ജാമ്യത്തിലിരിക്കെ റിയ യാതൊരുവിധ നിയമലംഘന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന നിബന്ധനയും ജാമ്യ വ്യവസ്ഥയില്‍ പറയുന്നുണ്ട്.
മയക്കുമരുന്നു വാങ്ങാന്‍ പണം കൊടുത്തു എന്നതുകൊണ്ട് മാത്രം റിയയ്ക്ക് മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. സെക്ഷന്‍ 27A എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കോടതി റിയയ്ക്ക് ജാമ്യമനുവദിച്ചിരിക്കുന്നത്.
റിയയുടെ പക്കല്‍ നിന്നോ സുശാന്തിന്റെ വീട്ടില്‍ നിന്നോ മയക്കുമരുന്നു കണ്ടെത്തിയതായി അന്വേഷണ സംഘം ഇതുവരെ യാതൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇവിടെ റിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.