Top

ഖഡ്‌സെ തിരിച്ചെത്തി; ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ എത്തിക്കാന്‍ എന്‍സിപി കോണ്‍ഗ്രസ് ശ്രമം

മഹാരാഷ്ട്രയിലെ ബിജെപിയില്‍ നിന്ന് ഏക്‌നാഥ് ഖാട്‌സെ എന്‍സിപിയിലേക്ക് തിരിച്ച് വന്നതിന് പിന്നാലെ എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ എംഎല്‍എമാരെ തിരിച്ച് വിളിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് ഇരു പാര്‍ട്ടികളും

23 Oct 2020 11:23 AM GMT

ഖഡ്‌സെ തിരിച്ചെത്തി; ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ എത്തിക്കാന്‍ എന്‍സിപി കോണ്‍ഗ്രസ് ശ്രമം
X

മഹാരാഷ്ട്രയിലെ ബിജെപിയില്‍ നിന്ന് ഏക്‌നാഥ് ഖഡ്‌സെ എന്‍സിപിയിലേക്ക് തിരിച്ച് വന്നതിന് പിന്നാലെ തങ്ങളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ എംഎല്‍എമാരെ തിരിച്ച് വിളിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് ഇരു പാര്‍ട്ടികളും. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടിയെ തകര്‍ക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമുള്ള പാര്‍ട്ടികളുടെയും നീക്കമാണിത്.

എന്‍സിപിയില്‍ ഇതുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം. പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളില്‍ പലരും അസംതൃപ്തരാണെന്നും പാര്‍ട്ടിയിലേക്ക് തിരികെ വരാനുള്ള ചര്‍ച്ചകള്‍ക്കായി തങ്ങളെ സ്മീപിച്ചെന്നുമാണ് എന്‍സിപി പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശരത് പവാറിന്റേതായിരിക്കുമെന്നുമാണ് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രതികരിച്ചത്.

മൂന്ന് പാര്‍ട്ടികളുമായി മുന്നോട്ട് പോകുന്ന മഹാവികാസ് അഘാടി സര്‍ക്കാരിനെ പറ്റിയുള്ള അനിശ്ചിതത്ത്വം ബിജെപിയിലെ അതൃപ്തരായ എംഎല്‍എമാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന് മേല്‍ ഉറപ്പ് ലഭിക്കാത്തപക്ഷം എംഎല്‍എമാര്‍ തിരിച്ച് വരും എന്ന യാതൊരുറപ്പും നിലവിലില്ല. ഇപ്പോള്‍ പ്രധാനമായും പാര്‍ട്ടിയിലുണ്ടായിരുന്ന മുന്‍ എംഎല്‍എമാരെയും ജില്ലാ നേതാക്കളെയുമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും എന്‍സിപി മന്ത്രി വ്യക്തമാക്കി.

ബിജെപി എംഎല്‍മാര്‍ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ വിസമ്മതിച്ചാല്‍ നിലവിലെ മൂന്ന്പാര്‍ട്ടികളും ധാരണകളുടെ അടിസ്ഥാനത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചേക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ ശക്തി തിരികെ പിടിക്കണം. ഇത് പടിപടിയായി സാധ്യമാകും’, മുതിര്‍ന്ന എന്‍സിപി നേതാവ് പ്രതികരിച്ചു.

എന്‍സിപിയിലേക്ക് കൂടുതല്‍ പേര്‍ തിരികെ വരാനുള്ള സാധ്യതയുണ്ടെന്ന് മുന്‍ ബിജെപി എംഎല്‍എയും എന്‍സിപി നേതാവുമായ ഉദേസിംഗ് പാദ്‌വി പറഞ്ഞു. ജില്ല പരിഷത്ത്, കോര്‍പ്പറേഷന്‍, പഞ്ചായത്ത് സമിതി എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളില്‍ പലരും വടക്കെ മഹാരാഷ്ട്രയിലേത് മാത്രമല്ല, ഭൂരിപക്ഷ വിഭാഗവും എന്‍സിപിയിലേക്കും കോണ്‍ഗ്രസിലേക്കും പ്രവേശിക്കുവാനൊരുങ്ങി നില്‍ക്കുകയാണെന്നും പാദ്‌വി കൂട്ടിച്ചേര്‍ത്തു.

Next Story