Top

സുക്കര്‍ബര്‍ഗിനെ വിടാതെ മലയാളികള്‍; മോഡിക്കൊപ്പമുള്ള ചിത്രത്തില്‍ #ResignModi കമന്റുകള്‍

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജനവിരുദ്ധ നടപടികള്‍ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായും #ResignModi ഹാഷ് ടാഗ് പിന്‍വലിച്ച ഫേസ്ബുക്ക് നടപടിക്കെതിരെയും ശക്തമായ പ്രതിഷേധവുമായി മലയാളികള്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മോഡിക്കൊപ്പം നില്‍ക്കുന്ന പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കിയാണ് മലയാളികളുടെ രോഷപ്രകടനം. 2015 സെപ്തംബര്‍ 28ന് മോഡി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളടങ്ങിയ പോസ്റ്റിലാണ് #ResignModi ക്യാമ്പയിന്‍ നടക്കുന്നത്. ‘കഴിഞ്ഞദിവസം എന്തിനാണ് #ResignModi ഹാഷ് ടാഗുകള്‍ പിന്‍വലിച്ചത്?’, ‘ഫേസ്ബുക്ക് ബിജെപിയുടെ നിര്‍ദേശത്തിന് തുള്ളുന്നവരാണോ’, ‘ഏറ്റവും വലിയ സോഷ്യല്‍മീഡിയ […]

30 April 2021 4:29 AM GMT

സുക്കര്‍ബര്‍ഗിനെ വിടാതെ മലയാളികള്‍; മോഡിക്കൊപ്പമുള്ള ചിത്രത്തില്‍ #ResignModi കമന്റുകള്‍
X

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജനവിരുദ്ധ നടപടികള്‍ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായും #ResignModi ഹാഷ് ടാഗ് പിന്‍വലിച്ച ഫേസ്ബുക്ക് നടപടിക്കെതിരെയും ശക്തമായ പ്രതിഷേധവുമായി മലയാളികള്‍.

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മോഡിക്കൊപ്പം നില്‍ക്കുന്ന പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കിയാണ് മലയാളികളുടെ രോഷപ്രകടനം. 2015 സെപ്തംബര്‍ 28ന് മോഡി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളടങ്ങിയ പോസ്റ്റിലാണ് #ResignModi ക്യാമ്പയിന്‍ നടക്കുന്നത്.

‘കഴിഞ്ഞദിവസം എന്തിനാണ് #ResignModi ഹാഷ് ടാഗുകള്‍ പിന്‍വലിച്ചത്?’, ‘ഫേസ്ബുക്ക് ബിജെപിയുടെ നിര്‍ദേശത്തിന് തുള്ളുന്നവരാണോ’, ‘ഏറ്റവും വലിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിങ്ങള്‍ക്കൊരു നിലപാട് സ്വീകരിച്ച് കൂടേ’, ‘ഏറ്റവും വലിയ ഫാസിസ്റ്റ് സര്‍ക്കാരിനെ നിങ്ങള്‍ എന്തിന് പിന്താങ്ങുന്നു’, ‘മാരകമായ കൊറോണ കാലത്തും സ്വന്തം ജനങ്ങളെ ദ്രോഹിക്കുന്നവരാണ് ഇന്ത്യയിലെ മോഡി സര്‍ക്കാര്‍’ തുടങ്ങിയ കമന്റുകളാണ് സുക്കര്‍ബര്‍ഗിന്റെ പേജില്‍ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞദിവസമാണ് #Resign modi ഹാഷ്ടാഗ് ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഏകദേശം 12000 പോസ്റ്റുകളാണ് ഇത്തരത്തില്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്.
പോസ്റ്റുകളുടെ ഉള്ളടക്കം കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്കിന്റെ നടപടി. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ഇതിനുള്ള ഫേസ്ബുക്കിന്റെ വിശദീകരണം. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല ബോക്ക് ചെയ്തതെന്നും ഫേസ്ബുക്ക് അറിയിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററും നീക്കം ചെയ്തിരുന്നു. ട്വീറ്റുകള്‍ രാജ്യത്തെ ഐടി നിയമത്തിനെതിരാണെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ട്വിറ്ററിന്റെ തീരുമാനം. പാര്‍ലമെന്റഗം രെവന്ത് റെഡ്ഡി, പശ്ചിമ ബംഗാളിലെ മന്ത്രി മൊളൊയ് ഖട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ഫിലിം മേക്കേര്‍ അവിനാശ് ദാസ് തുടങ്ങിയവരുടെ ട്വീറ്റുകളാണ് നീക്കം ചെയ്തത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച പറ്റിയെന്നും പറയുന്ന ട്വീറ്റുകളായിരുന്നു ഇവ. രാജ്യത്തെ ഐടി നിയമലംഘനമാണ് ഈ ട്വീറ്റുകളെന്നാണ് ട്വിറ്റര്‍ ഇവര്‍ക്കയച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരുന്നത്.

Next Story