ബിലാല്‍ എന്ന അനന്തു പ്രസാദ്, ആര്യയും ഗ്രീഷ്മയും ഉണ്ടാക്കിയ മറ്റൊരു അനന്തു; ചുരുളഴിയാന്‍ ഫേസ്ബുക്ക് വിവരങ്ങള്‍ കാത്ത് പൊലീസ്
കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരുടെയും മെസഞ്ചറിലൂടെയുള്ള ചാറ്റിംഗ് വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതരില്‍ നിന്നും രണ്ട് ആഴ്ചക്കുള്ളില്‍ ലഭിക്കും. ഇതിനു ശേഷം കുറ്റ പത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാനാണ് പൊലീസ് തീരുമാനം. ആര്യയും ഗ്രീഷ്മയും അനന്തു എന്ന പേരില്‍ രേഷ്മയുമായി നടത്തിയ ചാറ്റ് വിവരങ്ങള്‍ ലഭിക്കുന്നതോടെ കേസിലെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ രേഷ്മ അനന്തു പ്രസാദ് എന്ന മറ്റൊരു […]
12 July 2021 11:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുടെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരുടെയും മെസഞ്ചറിലൂടെയുള്ള ചാറ്റിംഗ് വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതരില്‍ നിന്നും രണ്ട് ആഴ്ചക്കുള്ളില്‍ ലഭിക്കും. ഇതിനു ശേഷം കുറ്റ പത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാനാണ് പൊലീസ് തീരുമാനം.
ആര്യയും ഗ്രീഷ്മയും അനന്തു എന്ന പേരില്‍ രേഷ്മയുമായി നടത്തിയ ചാറ്റ് വിവരങ്ങള്‍ ലഭിക്കുന്നതോടെ കേസിലെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ രേഷ്മ അനന്തു പ്രസാദ് എന്ന മറ്റൊരു യുവാവുമായി ചാറ്റ് ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിലാല്‍ എന്ന പേരിലാണ് ഈ യുവാവ് രേഷ്മയുമായി ചാറ്റ് ചെയ്തത്. രേഷ്മയക്ക് ഒന്നിലധികം പേരുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഒരു കേസില്‍ പെട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ജയിലാവുന്നതിനു മുമ്പു വരെ ബിലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. വര്‍ക്കല സ്വദേശിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
അനന്തു എന്ന വ്യാജ അക്കൗണ്ടുമായി ചാറ്റ് ചെയ്യുമ്പോള്‍ തന്നെ ബിലാല്‍ എന്ന പേരിലുള്ള ഈ ഫേസ്ബുക്ക് പ്രൊഫൈലുമായും രേഷ്മ ചാറ്റ് ചെയ്യുകയായിരിക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. രേഷ്മ അറസ്റ്റിലാവുന്നതിനു തൊട്ടു മുന്‍പാണ് അനന്തു പ്രസാദ് ഒരു ക്വട്ടേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
ആര്യയും രേഷ്മയും കൂടി തന്നെ പറ്റിച്ചതാണെന്ന് പൊലീസിനോട് പറഞ്ഞപ്പോഴും അനന്തു എന്നൊരു കാമുകന്‍ ഉണ്ടെന്ന വാദത്തിലുറച്ചു നില്‍ക്കുകയായിരുന്നു രേഷ്മ. അനന്തു എന്നൊരാളെ താന്‍ സ്‌നേഹിച്ചിരുന്നു. ഇയാളെ കാണാന്‍ വര്‍ക്കലയില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാണാനായില്ല. ഈ വിവരമറിഞ്ഞായിരിക്കണം ഗ്രീഷ്മയും ആര്യയും അനന്തു എന്നൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചതെന്ന് രേഷ്മ പറയുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിന്റെ വിവരം ബന്ധുക്കളെ താന്‍ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണിതെന്നും രേഷ്മ അന്ന് മൊഴി നല്‍കി.
പൊലീസ് പറയുന്നത് പ്രകാരം രേഷ്മയോട് അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്നത് ആര്യയും ഗ്രീഷ്മയുമാണ്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ചാറ്റിംഗില്‍ രേഷ്മ പറഞ്ഞിരുന്നില്ല. ഇതറിയാതെയാണ് യുവതികള്‍ രേഷ്മയോട് ചാറ്റ് തുടര്‍ന്നത്. കാമുകന്റെ പേരില്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചതും പിറ്റേന്ന് കുഞ്ഞ് മരിച്ചതുമറിഞ്ഞ യുവതികള്‍ മാനസിക വിഷമത്തിലായിരുന്നു. ഇത് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത ആര്യയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.