
ന്യൂഡല്‍ഹി: രാജ്യം എഴുപത്തിരണ്ടാമത് റിപബ്ലിക്ക് ദിനാഘോഷത്തിനായി ഒരുങ്ങിയിരിക്കെ രാജ്യ തലസ്ഥാനത്ത് സമരത്തിലിരിക്കുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിക്കായി സജ്ജമായിക്കഴിഞ്ഞു. 1950 ജനുവരി 26 നാണ് സ്വന്തമായി ഭരണഘടനയുള്ള പരമാധികാര രാഷ്ട്രമായി ഇന്ത്യ മാറിയത്. അതേ രാജ്യത്താണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 61 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നത്. ഇന്ന് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് പിന്നാലെ ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
രാജ്പഥില്‍ നിന്നും ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്ന സൈനിക, അര്‍ധ-സൈനിക പരേഡുകളാണ് സാധാരണഗതിയില്‍ റിപ്പബ്ലിക് ദിനത്തിലെ പ്രധാന പരിപാടി. രാഷ്ട്രപതി പരേഡ് സല്യൂട്ട് സ്വീകരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരിക്കും. അതേസമയം രാജ്പഥിലെ പരേഡിന് പിന്നാലെ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് തുടക്കമാകും. മൂന്ന് ലക്ഷം ട്രാക്ടറുകളാണ് റാലിക്ക് അണിനിരക്കുന്നത്. ഒരു ട്രാക്ടറില്‍ നാല് പേരില്‍ കൂടുതല്‍ ഉണ്ടാകില്ല.

ട്രാക്ടര്‍ റാലിക്കായുള്ള പ്രയാണ പാത തയ്യാറായിക്കഴിഞ്ഞതായി റാലിക്ക് നേതൃത്വം നല്‍കുന്ന സംഘടനകളില്‍ ഒന്നായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. റാലിയില്‍ കടുത്ത പൊലീസ് സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയിലൂടെയായിരിക്കും റാലിയെന്നും കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല, റാലിയില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ മാത്രമേ ഉപയോഗിക്കാവുവെന്നും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടെ റാലിയില്‍ അണിനിരക്കുന്നതിനായി ഒട്ടേറെ കര്‍ഷകരാണ് സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇതിനിടെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടസ്സപ്പെടുത്തുന്നതിനായി ഒട്ടേറെ ശ്രമങ്ങളും ഉണ്ടായിരുന്നു. അതിര്‍ത്തിയില്‍ സമരത്തിലിരിക്കുന്ന കര്‍ഷകരുടെ പക്കലേക്ക് ഓടിക്കയറിയ അജ്ഞാതനെ കര്‍ഷകര്‍ പിടികൂടുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തിരുന്നു. കര്‍ഷകരുടെ റാലി തടസ്സപ്പെടുത്തണം എന്ന ലക്ഷ്യത്തോടെയാണ് താന്‍ കര്‍ഷകര്‍ക്കിടയിലേക്കെത്തിയതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.