
റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ദില്ലിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ അമിത് ഷാ ഇന്ന് സന്ദര്‍ശിക്കുമെന്നാണ് വിവരം. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ ചികിത്സയില്‍ കഴിയുന്ന വടക്കന്‍ ദില്ലിയിലെ സിവില്‍ ലൈനിന് സമീപമുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലാണ് ഇന്ന് അമിത് ഷാ എത്തുക. സംഘര്‍ഷത്തില്‍ 400ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ അമിത് ഷാ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കര്‍ഷകസംഘടനാ നേതാക്കളെ പ്രതിചേര്‍ത്ത് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. സംഘര്‍ഷം ചെറുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 4500ഓളം പാരാമിലിറ്ററി ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയയാള്‍ എന്ന് കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്ന നടനും ആക്റ്റിവിസ്റ്റുമായ ദീപ് സിദ്ദുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സിദ്ദു ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ദില്ലി പൊലീസ് പറയുന്നു.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും അദ്ദേഹത്തെ ആഭ്യന്തരമന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തങ്ങളുടെ കരുത്തുകാട്ടി കര്‍ഷകരെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ ആരോപണം. ആദ്യം ആടിക്കുക, പിന്നെ ദ്രോഹിക്കുക ഒടുവില്‍ തകര്‍ക്കുക എന്ന പോളിസിയാണ് കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഓരോവട്ട ചര്‍ച്ചകളും നടത്തി അവരെ തളര്‍ത്തുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
- TAGS:
- Amit Shah
- Farmers Protest