Top

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്? അണിയറയില്‍ ചര്‍ച്ച സജീവം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ നീക്കാന്‍ സാധ്യത. ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം എന്നിവയിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കാനാണ് ആലോചന. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനവും എംപി സ്ഥാനവും വഹിച്ചതിന്റെ അനുഭവ പരിചയം ചെന്നിത്തലക്കുണ്ട്. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും ചെന്നിത്തലയ്ക്ക് കൈമുതലാണ്. പകരം […]

12 May 2021 3:09 AM GMT

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്?  അണിയറയില്‍ ചര്‍ച്ച സജീവം
X

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ നീക്കാന്‍ സാധ്യത. ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം എന്നിവയിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കാനാണ് ആലോചന.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനവും എംപി സ്ഥാനവും വഹിച്ചതിന്റെ അനുഭവ പരിചയം ചെന്നിത്തലക്കുണ്ട്. ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും ചെന്നിത്തലയ്ക്ക് കൈമുതലാണ്.

പകരം പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപള്ളി രാമചന്ദ്രനെ മാറ്റിയാല്‍ കെ സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. അതേസമയം ഇങ്ങനെയൊരു ആലോചന ഇല്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച ആലോചനകള്‍ സജീവമാണെന്നാണ് സൂചന.

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാഗ്രത കുറവ് ഉണ്ടായെന്നാണ് ഹൈക്കമാന്റ് നിരീക്ഷണം. പരാജയത്തിന് കാരണം അമിത ആത്മവിശ്വസമാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ പോലും എന്താണ് കാരണമെന്ന് നേതൃത്വത്തിന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ലെന്നും വിലയിരുത്തി. എന്തിരുന്നാലും കോണ്‍ഗ്രസിന്റെ പരാജയം പഠിക്കാന്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് അശോക് ചവാനെയാണ് സമിതി അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തീവാരി, വിന്‍സെന്റി എച്ച് പാല, എംപി ജോതിമണി എന്നിവരാണ് സമിതി അംഗങ്ങള്‍.

രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധ്യക്ഷ സോണിയാഗാന്ധി സമിതിക്ക് നിര്‍ദേശം നല്‍കിയത്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സംഘടനാ നേതൃത്വത്തില്‍ അഴിച്ചുപണി നടന്നേക്കും.

Next Story