കൊടകര കള്ളപ്പണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് വീണ്ടും ആനന്ദബോസ്; കൈമാറിയത് നരേന്ദ്രമോദിക്കെന്ന് സൂചന
കൊടകര കള്ളപ്പണക്കേസ്, നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം എന്നിവയെക്കുറിച്ച് ബിജെപി കേന്ദനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി വീണ്ടും സിവി ആനന്ദബോസ്.പാര്‍ട്ടിയല്ല, പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദബോസ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആരെയും നിയോഗിച്ചിട്ടില്ലെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് […]
15 Jun 2021 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കള്ളപ്പണക്കേസ്, നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം എന്നിവയെക്കുറിച്ച് ബിജെപി കേന്ദനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി വീണ്ടും സിവി ആനന്ദബോസ്.
പാര്‍ട്ടിയല്ല, പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദബോസ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ആരെയും നിയോഗിച്ചിട്ടില്ലെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആനന്ദബോസിന്റെ പ്രതികരണം. പാര്‍ട്ടിക്ക് വ്യക്തമായ സംഘടന സംവിധാനമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ആ സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും അരുണ്‍ സിംഗ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ ബിജെപി നേതൃത്വം നേരിടുന്ന പ്രതിസന്ധിതകള് മറികടക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ജേക്കബ് തോമസ് സമര്‍പ്പിച്ച റിപ്പോര്ട്ടിലുണ്ടായിരുന്നെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രശ്നങ്ങള്‍ കണ്ടു പിടിക്കേണ്ടതുണ്ട്. സംഘടനാ തലത്തില്‍ സമൂലമായ അഴിച്ചു പണി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി താല്പര്യങ്ങള്ക്ക് അതീതമാവരുതെന്നും ജേക്കബ് തോമസ് വിലയിരുത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ബിജെപി കേരളത്തില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രനേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയെന്നത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജ വാര്‍ത്ത മാത്രമാണെന്നാണ് സുരേന്ദ്രന് പറഞ്ഞത്. ഇവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നതിനാല് തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും വാസ്തവവിരുദ്ധമാണെന്ന് സുരേന്ദ്രന് വാദിച്ചിരുന്നു. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയെന്നത് വ്യാജവാര്‍ത്തയാണെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു.