Top

ആമസോണിനെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപാര കൂട്ടായ്മ; ഫെമ ലംഘനമെന്ന് ആരോപണം

രേഖകളും തെളിവുകളും ചേർത്താണ് ആമസോണിന്റെ തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരസമൂഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിട്ടുള്ളത്.

7 Dec 2020 6:38 AM GMT

ആമസോണിനെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപാര കൂട്ടായ്മ; ഫെമ ലംഘനമെന്ന് ആരോപണം
X

രാജ്യത്തിന്റെ വിദേശ നാണ്യ വിനിമയ നിയമം ( FEMA ) ലംഘിച്ചിട്ടും അന്തരാഷ്ട്ര കുത്തക ഭീമനായ ആമസോണിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങാത്തത്തിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ വ്യാപാര കൂട്ടായ്മ. രേഖകളും തെളിവുകളും ചേർത്താണ് ആമസോണിന്റെ തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരസമൂഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിട്ടുള്ളത്. ഇതിലൂടെ ആമസോണിന്റെ ഗൂഢലക്ഷ്യം മനസിലാക്കാമെന്ന് അവർ ചൂണ്ടികാണിക്കുന്നു.

2012 ലാണ് ആമസോൺ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ മുതൽ രാജ്യത്തെ നിയമങ്ങളുടെ പ്രത്യക്ഷ ലംഘനമാണ് ഇവർ നടത്തിയതെന്നും തൽഫലമായി രാജ്യത്തെ എഫ് ഡിഐ-ഫെമ നിയമങ്ങളാൽ സംരക്ഷിക്കപ്പെടേണ്ട കോടികണക്കിന് ചെറുകിട വ്യാപാരികളാണ് ദുരിതത്തിൽ ആയതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

‘ആമസോണിന്റെ തുടർച്ചയായ നിയമലംഘനങ്ങളുടെ നേരെ കണ്ണടക്കുന്നത് മൂലം ഏഴ് കോടിയോളം വ്യപാരികളും ജീവനക്കാരും അനുബന്ധ വ്യക്തികളുമാണ് ചതിക്കപ്പെട്ടതും വഴിയാധാരം ആയിരിക്കുന്നതും’, സംഘടന കുറ്റപ്പെടുത്തുന്നു. രാജ്യത്തെ ചില്ലറ കച്ചവടക്കാരുടെ മാനസികനിലയെയും, വിദേശ കുത്തക വ്യാപാരികൾ അവർക്കുണ്ടാക്കിയ നാശനഷ്ടത്തെയും കൂടി കണക്കിലെടുത്താകണം ഇഡി നിയമനടപടികൾക്ക് ഒരുങ്ങേണ്ടതെന്നും വ്യപാരസംഘടന ആവശ്യപ്പെടുന്നു.

‘ആമസോൺ ഇന്ത്യ എന്ന സ്ഥാപനത്തിലൂടെ ആമസോൺ തന്നെ ഇന്ത്യയിൽ 600 കോടി രൂപയോളം നിക്ഷേപിച്ചു എന്നതാണ് അവർ നടത്തുന്ന ലംഘനത്തിന്റെ ലളിതവും നേരിട്ടുള്ളതുമായ തെളിവ്. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഇടപാട് നടത്തുന്നതിന് ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം നൽകുന്നതല്ലാതെ ആമസോൺ മറ്റൊന്നുമല്ല’, അഖിലേന്ത്യാ വ്യാപാര സമിതി പറയുന്നു.

‘ഇഡിയുമായുള്ള ഞങ്ങളുടെ ആശയവിനിമയത്തിൽ ആമസോൺ ഒരു എം‌ബി‌ആർ‌ടി കമ്പനിയായ മോർ‌ റീട്ടെയിൽ‌ ലിമിറ്റഡിൽ‌ എങ്ങനെ നിക്ഷേപം നടത്തിയെന്നും സമര എഐഎഫ് എന്ന പേരിൽ ഇതര നിക്ഷേപത്തിനൊരു കവാടം തുറന്നെന്നും വ്യക്തമാക്കിയിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഓഹരി ഉടമകളുമായുള്ള കരാറുകളിലൂടെ ആമസോൺ അവരിൽ കൂടുതൽ നിയന്ത്രണം ചെലുത്തുന്നുവെന്നത് ഒരു തുറന്ന വസ്തുതയാണ്. ഓഹരി ഉടമകളുടെ കരാറുകൾ ഒരിക്കലും ഡിപിഐഐടി, ഇഡി, ആർ‌ബി‌ഐ അല്ലെങ്കിൽ മറ്റേതെങ്കിലും അധികാരികൾക്ക് മുന്നിൽ ആമസോൺ വെളിപ്പെടുത്തിയിട്ടില്ല’, സംഘടനാ പ്രസിഡന്റ് ഭാരതിയ, സെക്രട്ടറി ഖണ്ടേൽവാൾ എന്നിവർ പറയുന്നു.

ഇഡി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ബന്ധപ്പെട്ട രേഖകളും കരാറുകളും കൃത്യമായി പരിശോധിച്ചു നിയമ ലംഘനങ്ങൾക്കെതിരെ ഉചിതമായ ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Next Story