Top

‘കനത്ത മാനസികസമ്മര്‍ദ്ദം ശരീരത്തെ ബാധിച്ചു’; രഞ്ജിത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

നാടിന്റെ മുഴുവന്‍ നോവായിമാറിയ രഞ്ജിത്തിന് ഇന്നലെ രാത്രിയാണ് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.

29 Dec 2020 9:26 PM GMT

‘കനത്ത മാനസികസമ്മര്‍ദ്ദം ശരീരത്തെ ബാധിച്ചു’; രഞ്ജിത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
X

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയമകന്‍ രഞ്ജിത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മര്‍. ഇന്നലെ വീട്ടിലിരുന്ന് ചാനല്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെ രഞ്ജിത്ത് ബോധരഹിതനായിരുന്നു. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇക്കഴിഞ്ഞ ആഴ്ച്ച മുഴുവന്‍ ഈ കുട്ടി അനുഭവിച്ച കടുത്ത മാനസിക സമ്മര്‍ദ്ദം ശരീരത്തേയും ബാധിച്ചതാകാമെന്ന് ഡോക്ടര്‍മാര് പറയുന്നു. രഞ്ജിത്തിന് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും നെഞ്ചുവേദന കുറഞ്ഞെന്നും ബന്ധുക്കള്‍ അറിയിച്ചു.

നാടിന്റെ മുഴുവന്‍ നോവായിമാറിയ രഞ്ജിത്തിന് ഇന്നലെ രാത്രിയാണ് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. വീട്ടിലിരുന്ന് ചാനല്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെ രഞ്ജിത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. അല്‍പസമയത്തിന് ശേഷം ബോധരഹിതനാകുകയായിരുന്നു. ബോധരഹിതനായതിനേത്തുടര്‍ന്ന് രഞ്ജിത്തിനെ സമീപവാസികള്‍ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.

രാജന്റേയും അമ്പിളിയുടേയും മരണത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അമ്പിളിയുടെ മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നതുള്‍പ്പെടെയുള്ള കളക്ടറുടെ ഉറപ്പുകളിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച രാജന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങള്‍ തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതേ സ്ഥലത്ത് തന്നെ വീടുവെച്ച് നല്‍കണം, മക്കള്‍ക്ക് സാമ്പത്തിക സഹായം ഒരാള്‍ക്ക് ജോലി, പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണം എന്നിവയാണ് മറ്റു ആവശ്യങ്ങള്‍.
കളക്ടറെ പൂര്‍ണമായും വിശ്വസിക്കുന്നെന്ന് രാജന്റെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായി കൂടികാഴ്ച്ച നടത്തി. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിക്ക് ഡിജിപി നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. 6.15ന് ആരംഭിച്ച കൂടിക്കാഴ്ച്ച ഒരു മണിക്കൂര്‍ നീണ്ടു. ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഡിജിപി സംഭവത്തിന് ഇരുവശമുണ്ടെന്ന് ചൂണ്ടിക്കാട്ടി. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു.

Next Story

Popular Stories