‘കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് അടിത്തറയിട്ടത് നവോത്ഥാനവും കമ്മൂണിസവും’; ജാതീയ വേര്‍തിരിവില്ലാത്ത നാടാകുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ പിന്നോട്ടുപോയെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് അടിത്തറയിട്ടത് നവോത്ഥാനവും കമ്മൂണിസ്റ്റ് മാര്‍ഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നവോത്ഥാനത്തിന് അടിത്തറ പാകിയത് നവോത്ഥാനം തന്നെയാണ്. അതിനപ്പുറം എകെജി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹ്യ മാറ്റത്തിനായി മറ്റൊരു മാര്‍ഗം സ്വീകരിച്ചതിലൂടെയാണ് കേരളം ജാതീയമായ വേര്‍തിരിവില്ലാത്ത നാടായത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിടത്തുപോലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ കേരളത്തിലേതുപോലെ അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പെരളശ്ശേരിയില്‍ എകെജി സ്മൃതി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്തെല്ലായിടത്തും ജാതീയമായ വേര്‍തിരിവിനെതിരായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലേതിലും സജീവമായ […]

കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് അടിത്തറയിട്ടത് നവോത്ഥാനവും കമ്മൂണിസ്റ്റ് മാര്‍ഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നവോത്ഥാനത്തിന് അടിത്തറ പാകിയത് നവോത്ഥാനം തന്നെയാണ്. അതിനപ്പുറം എകെജി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹ്യ മാറ്റത്തിനായി മറ്റൊരു മാര്‍ഗം സ്വീകരിച്ചതിലൂടെയാണ് കേരളം ജാതീയമായ വേര്‍തിരിവില്ലാത്ത നാടായത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിടത്തുപോലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ കേരളത്തിലേതുപോലെ അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പെരളശ്ശേരിയില്‍ എകെജി സ്മൃതി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെല്ലായിടത്തും ജാതീയമായ വേര്‍തിരിവിനെതിരായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലേതിലും സജീവമായ സംസ്ഥാനങ്ങളുണ്ടായിരുന്നു. തമിഴ്നാട് അതിലൊന്നാണ്. ഇവിടെയൊക്കെ അതിന്റെ മാറ്റം കാണണമായിരുന്നു. എന്നാല്‍ അവിടെയൊന്നും കേരളത്തിലേതുപോലെ സാമൂഹ്യ പുരോഗതി സാധ്യമായില്ല.
മുഖ്യമന്ത്രി
എകെജിയടക്കമുള്ളവര് ഇവിടെ മറ്റൊരു മാര്‍ഗമാണ് സ്വീകരിച്ചത്. കൂടുതല്‍ പുരോഗമനമാകണം എന്ന കാഴ്ച്ചപ്പാടിലാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് സോഷ്യലിസ്റ്റായും പിന്നീട് കമ്മ്യൂണിസ്റ്റായും മാറിയത്. എന്തൊക്കെയാണോ നാട്ടില്‍ മാറേണ്ടത് അതിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് വേണ്ടതെന്ന് തിരിച്ചറിവാണ് ഇതിന് കാരണം. കര്‍ഷകരേയും തൊഴിലാളികളേയും ബഹുജന പ്രസ്ഥാനങ്ങളേയും ചേര്‍ത്തുപിടിച്ചാണ് ഇത് സാധ്യമാക്കിയത്. ഏറ്റവും കൂടുതല്‍ മര്‍ദ്ദനമേറ്റ രാഷ്ട്രീയ നേതാവാണ് എകെജി. പയ്യന്നൂര്‍ കണ്ടോത്ത് എകെജിയെ മര്‍ദ്ദിച്ചത് സവര്‍ണര്‍ ആയിരുന്നില്ല. എന്നാല്‍ ആ നാടിനെയാകെ എകെജിയുടെ പ്രസ്ഥാനത്തിനൊപ്പം നിര്‍ത്താനായി. അത് സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
“സഖാവ് എ കെ ജി ക്കു ജന്മനാട്ടില് സമുചിതമായ സ്മാരകം ഒരുങ്ങുകയാണ്. എ കെ ജി സ്മൃതി മ്യൂസിയം എന്ന പേരിലുള്ള ഈ മ്യൂസിയം പുതിയ തലമുറയ്ക്ക് എ കെ ഗോപാലന് എന്ന ജനനേതാവിനെയും അദ്ദേഹം നാടിനു നല്കിയ സംഭാവനകളെയും അടുത്തറിയാന്‍ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മിക്കുന്നത്. പെരളശ്ശേരിയില്‍ 3.21 ഏക്കര്‍ സ്ഥലത്ത് 20 കോടി രൂപ ചെലവിലാണ് ഈ മ്യൂസിയം നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ ജനകോടികളുടെ ഹൃദയങ്ങളില്‍ ലബ്ധപ്രതിഷ്ഠ നേടിയിട്ടുള്ള നേതാവാണ് സ. എ കെ ഗോപാലന്. ഒരു ജന്മി തറവാട്ടില്‍ ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ അല്പകാലത്തെ അധ്യാപക ജോലിക്ക് ശേഷം ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി പൊതുരംഗത്തേയ്ക്കിറങ്ങി. പ്രക്ഷോഭങ്ങളെ ജീവവായു പോലെ അദ്ദേഹം കണക്കാക്കി. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍ നിന്ന് പഠിച്ച് അവരെ നയിച്ചു. അതുകൊണ്ടുതന്നെ ആ സമരജീവിതം ആരെയും ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങള്‍ അടങ്ങുന്നതാണ്.
നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്യൂണിസ്റ്റ് പാര്‍ടിയിലും നേതൃത്വപരമായ പങ്കു വഹിച്ച എ കെ ജി പാവങ്ങളുടെ പടത്തലവന് എന്നാണ് അറിയപ്പെട്ടിരുന്നത്. അത് നിസ്വരായ ജനതയോട് അദ്ദേഹം കാണിച്ച അചഞ്ചലമായ അടുപ്പം കൊണ്ട് ജനങ്ങള്‍ തന്നെ നല്കിയ വിശേഷണമാണ്. ഒന്ന് കാണാനും അദ്ദേഹം പങ്കുവയ്ക്കുന്ന ആശയങ്ങള്‍ മനസിലാക്കാനും ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേര്‍ന്നിരുന്നത്. ആ ജനകീയത അദ്ദേഹത്തിന് ലഭിച്ചത് താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുകൊണ്ടു തന്നെയായിരുന്നു.
നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച സാമൂഹ്യ മാറ്റത്തിന്റെ ആശയങ്ങളെ കേരളത്തിലെ ജനങ്ങളില്‍ കൂടുത ശക്തിയോടെ എത്തിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ആയിരുന്നല്ലോ. നവോത്ഥാന പ്രസ്ഥാനത്തെ രാഷ്ട്രീയ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹം തന്നെ അതിന്റെ തെളിവാണ്. അതിലെ പ്രധാന പോരാളിയായിരുന്നു സ. എ. കെ. ജി. അതുമാത്രമല്ല, താഴ്ന്ന ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലയിലെ കണ്ടോത്ത് സംഘടിപ്പിച്ച സമരത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു. ജാതി വിവേചനത്തിനെതിരെ മാത്രമല്ല, കോഴിക്കോട് – ഫറോക്ക് മേഖലയില്‍ ആദ്യത്തെ തൊഴിലാളി യൂണിയനുകള്‍ കെട്ടിപ്പടുത്തതും, സ. പി കൃഷ്ണപിള്ളയോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം പോരാടിയതുമെല്ലാം വലിയ ആവേശത്തോടു കൂടിയേ ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ സാധിക്കൂ.
ഇന്ത്യയിലുടനീളം എ. കെ. ജിയുടെ പോരാട്ടം വളര്‍ന്നു. പാവങ്ങളോട് കാട്ടുന്ന അനീതികളെ എല്ലായിടത്തും എതിര്‍ത്തു. സമരങ്ങള്‍ സംഘടിപ്പിച്ചു. മാനവസ്നേഹം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. അത്തരത്തിലെല്ലാം ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ഒരു മഹാ വ്യക്തിത്വത്തിനെക്കുറിച്ചു പുതിയ തലമുറയ്ക്ക് പഠിക്കാനും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഈ രീതിയില്‍ കൂടി നിലനിറുത്താനുമാണ് സര്‍ക്കാര്‍ ഇവിടെ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നത്.
നമ്മുടെ സമ്പുഷ്ടമായ സാംസ്കാരിക പൈതൃക സംരക്ഷണം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് മ്യൂസിയങ്ങള്‍. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മഹാന്മാരുടെ ജീവിതവും വരും കാലത്തേയ്ക്ക് സുരക്ഷിതമായി രേഖപ്പെടുത്തിവയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ നിലവിലുള്ള മ്യൂസിയങ്ങളെ നവീകരിക്കുന്നതും പുതിയവ നിര്‍മിക്കുന്നതും. അവിടെ ശേഖരിക്കപ്പെടുന്ന അറിവുകളും മാതൃകകളും ഉപയോഗപ്പെടുത്തി യാതൊരു സംശയവുമില്ലാത്തവിധത്തില് മഹാന്മാരുടെ ഭൂതകാലത്തെകുറിച്ചും നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ചും വരും തലമുറയ്ക്കു വ്യക്തമാക്കികൊടുക്കാനും സാധിക്കണം. ഈ മ്യൂസിയത്തിന്റെ നിര്‍മ്മാണത്തിലൂടെ അത്തരമൊരു ലക്ഷ്യം കൂടിയാണ് സര്‍ക്കാര്‍ സാധ്യമാക്കാന്‍ ശ്രമിക്കുന്നത്.
ഇത്തരം കേന്ദ്രങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന മാതൃകകള്‍ സന്ദര്‍ശകര്‍ക്കും വരുംതലമുറയ്ക്കും പാഠ പുസ്തകങ്ങള്‍ പോലെയാണ്. മഹാന്മാരുടെ ജീവിത ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍ എന്നിവയെല്ലാം സന്ദര്‍ശക സമൂഹത്തിന് അപൂര്‍വമായ അനുഭവം പ്രദാനം ചെയ്യും.”