Top

കാടുകള്‍ക്കും പുഴകള്‍ക്കും ജീവനായി പെയ്ത രാത്രിമഴ

23 Dec 2020 12:32 AM GMT
അനുപമ ശ്രീദേവി

കാടുകള്‍ക്കും പുഴകള്‍ക്കും ജീവനായി പെയ്ത രാത്രിമഴ
X

മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട, ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രം മതി: സുഗതകുമാരി

എഴുത്ത് മണ്ണിനോടും പെണ്ണിനോടുമുള്ള അനീതിക്കെതിരെ പോരാടാനുള്ള ആയുധമാക്കിയ കവിയത്രി അതേ തൂലികയില്‍ പച്ചപ്പും അതിന്റെ നനുത്ത തണുപ്പുള്ള കരുതലും കാത്തു. ലോകത്തിന്റെ ബോധത്തില്‍ നിന്ന് ഒറ്റപ്പെട്ടവരുടെ അഭയമായി മാറിയ ആ തണലിന് അവസാനം ഒരാല്‍മരം മാത്രമാണ് വേണ്ടിയിരുന്നത്.

ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെവന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവെക്കരുത്. ആ ആല്‍മരം നടേണ്ടതോ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..

സുഗതകുമാരി

മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി സുഗതകുമാരി നട്ടുവളര്‍ത്തിയ നീര്‍മാതളത്തെ പോലെ ഒരു ആല്‍മരമായി ടീച്ചര്‍ സ്വയം സ്വപ്‌നത്തില്‍ നട്ടുവെച്ചിരിക്കും. അങ്ങനെ കാടിനുവേണ്ടിയും പച്ചപ്പിനുവേണ്ടിയും നിരന്തരം പോരാടിയിരുന്ന ആ തണല്‍ ഇവിടെ തന്നെയുണ്ടാകും.

Celebrating 86 years under the caper tree- The New Indian Express

പതിനായിരങ്ങള്‍ വില വരുന്ന ശവപുഷ്പങ്ങളെക്കൊണ്ട് മൂടുന്നതിന് പകരം ആരെയും കാത്തിരിക്കാതെ തനിക്ക് മടങ്ങണമെന്നായിരുന്നു ടീച്ചര്‍ക്ക്. ലോകെമ്പാടും സ്‌നേഹം കാത്തുവെച്ച ആയിരങ്ങളെ നിരാശപ്പെടുത്തിയാണെങ്കിലും കാലം ആ മോഹം സാധിച്ചുകൊടുത്തു.

ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട.

സുഗതകുമാരി

എതിര്‍ത്തുനില്‍ക്കുന്നവര്‍ നിരന്തരം പോരാട്ടങ്ങളിലായിരിക്കും. ടീച്ചറും പോരാട്ടത്തിലായിരുന്നു ഇവിടെ ഒരു തരി പച്ചപ്പവശഷേപ്പിക്കാന്‍ ഒരു തരി കനലവശേഷിപ്പിക്കാന്‍. അതെ ടീച്ചര്‍ ഒരു നനുത്ത കനലായിരുന്നു. അഭയം വേണ്ട എല്ലാവര്‍ക്കും സ്വന്തമായ ഒരു കനല്‍, രാത്രിമഴയ്ക്കുള്ളിലെ വിരഹത്തില്‍ പോലും പോരാട്ടമൊളിപ്പിച്ച ഒരു കനല്‍. കേരളത്തില്‍ ഒരു വനിത കമ്മീഷനുണ്ടായപ്പോള്‍ അതിന്റെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ടീച്ചറെ എത്തിച്ചതും ആ പോരാട്ടങ്ങളായിരുന്നു.

അനീതികളെ തൂലികയില്‍ നിന്നടര്‍ത്തി താളുകളിലേക്കല്ല ഈ നാടിന്റെ നടുത്തളത്തിലാണ് ടീച്ചര്‍ ചോദ്യമായും ഉത്തരമായും നിരത്തിയത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് ഉള്‍പ്പടെ അനാചാരങ്ങള്‍ക്കതിരെ ടീച്ചര്‍ ശബ്ദമുയര്‍ത്തി. ഏറ്റവും ഒടുവില്‍ അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും നടത്തിയ പ്രതിഷേധത്തെ "നമുക്ക് വേണ്ടി കൂടിയുള്ളതെന്ന്" പറഞ്ഞ് സ്വീകരിച്ചു. അഭിമാനിനികളായ പെണ്‍കുട്ടികളെക്കുറിച്ച് സുഗതകുമാരി സ്വപ്‌നം കണ്ടു.

അവര്‍ക്ക് തന്റേടവും അഭിമാനവുമുണ്ടായിരിക്കണം, ഒരുപാട് സ്ത്രീധനപണം കൊടുത്ത് ഒരാളെ വിവാഹം ചെയ്യലല്ല അവളുടെ ലക്ഷ്യം. സ്വന്തം കാലില്‍ നിന്ന് പണിയെടുക്കണം, നാടിനും വീടിനും ഉതകണം: സുഗതകുമാരി

മലയാളത്തിലെ പെണ്ണെഴുത്തുകളില്‍ ഇക്കോ ഫെമിനിസമെന്ന ആശയത്തെ ഇഴതിരിച്ച് കാണാനാവുന്നതും സുഗതകുമാരിയിലായിരിക്കും.

കത്തുന്ന പ്രകൃതിയെക്കുറിച്ച് നിരന്തരം വ്യാകുലപ്പെട്ടുകൊണ്ടിരുന്ന, വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന പരിസ്ഥിതി പ്രവര്‍ത്തക കൂടിയായിരുന്നു ടീച്ചര്‍. ഒരു പരിസ്ഥിതിപ്പോരാളി എന്ന നിലയില്‍ കേരളത്തിലെ അവശേഷിക്കുന്ന വനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ സുഗതകുമാരി വലിയ പങ്കു വഹിച്ചിട്ടുണ്ട്.

'ചില ഘട്ടങ്ങളില്‍ പരിസ്ഥിതിമൗലികവാദം എന്നു തോന്നിയേക്കാവുന്ന വിധത്തിലുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതായി തോന്നിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിലുള്ള അവരുടെ ആത്മാര്‍ഥമായ ഇടപെടലുകളെ മതിപ്പോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്' എന്ന് വിഎസ് തന്റെ ജനപക്ഷം എന്ന പുസ്തകത്തില്‍ സുഗതകുമാരിയെക്കുറിച്ച് കുറിച്ചു.

സേവ് സൈലന്റ് വാലി സമര മുതല്‍ ആറന്മുള വിമാനത്താവളനിര്‍മ്മാണത്തിനെതിരെയും വിളപ്പില്‍ശാല വരെയും സുഗതകുമാരിയുടെ ഇടപെടലുകള്‍ നീണ്ടു. അക്കാരണത്താല്‍ പരിസ്ഥിതിവിരുദ്ധവികസനവാദികളുടെ ഭാഗത്തുനിന്ന് നിരന്തരം സുഗതകുമാരി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ അടുത്ത തലമുറയ്ക്ക് കൈമാറി പോകേണ്ട ഭൂമിയെ കാക്കണമെന്ന് ആകുലപ്പെട്ടുകൊണ്ടിരുന്ന ടീച്ചര്‍ ഇനിയൊരു ജന്മമുണ്ടെങ്കിലും പ്രകൃതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു.

കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,എഴുത്തച്ഛന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സുഗതകുമാരിക്ക് ജ്ഞാനപീഠം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന കാലത്താണ് ടീച്ചര്‍ യാത്രപറയുന്നത്. പക്ഷേ അവസാനകാലത്ത് തനിക്ക് ഇനി മറ്റൊരു ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലായിരുന്നു സുഗതകുമാരി.

Verdict ensures gender equality: Poet Sugathakumari- The New Indian Express

ആരോഗ്യപരമായ കാരണങ്ങളാല്‍ പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ആ അവസാന കാലത്തെയും കവിതയിലും ജീവിതത്തിലും പുലര്‍ത്തിയ അതേ നിര്‍ഭയത്വത്തോടെയാണ് ടീച്ചര്‍ നേരിട്ടത്.

കവിതയെ താന്‍ കുടിക്കുന്ന വെള്ളമായി, കഴിക്കുന്ന അന്നമായി,
പ്രാണവായുവായി, അമ്മയുടെ സ്‌നേഹമായി, കാരുണ്യമായി, ഈ ഭൂമിയുടെ അനുഗ്രഹമായി കണ്ട കവിയത്രി നിലയവും വെയിലും മഴയും ഒരുപാട് കണ്ണീരും, കണ്ണുനീരിന്റെ ഉപ്പും സ്നേഹത്തിന്റെ മാധുര്യവും ചേര്‍ന്നതാണ് കവിതയെന്ന് നിര്‍വ്വചിച്ചു.

ആ ഉപ്പുചാലിച്ച് യാത്രപറയുമ്പോള്‍ സുഗതകുമാരി പറയുന്നു:

ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളൂ, അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും.

Next Story