Top

‘ഉറ്റവരുടെ മൃതശരീരം നിശ്ചിത സമയം ബന്ധുക്കള്‍ക്ക് കാണാം, പരിമിതമായ മതാചാര ചടങ്ങുകള്‍ നടത്താം’; പുതിയ ഇളവുകളും നിര്‍ദേശങ്ങളും ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദമാണ് വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ തരംഗത്തേക്കാള്‍ വേഗത്തില്‍ രോഗം വ്യാപനമുണ്ടായെങ്കിലും കൃത്യമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാലും ചികിത്സാ ക്രമീകരണങ്ങള്‍ ശാക്തീകരിച്ചതിനാലുമാണ് രണ്ടാം തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് കാണുന്നതെങ്കിലും മരണാനന്തര ചടങ്ങുകളില്‍ അടക്കം ചില ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതനുസരിച്ച് ഇനി മുതല്‍ മൃതശരീരം വീട്ടില്‍ കൊണ്ടുപോയി […]

29 Jun 2021 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉറ്റവരുടെ മൃതശരീരം നിശ്ചിത സമയം ബന്ധുക്കള്‍ക്ക് കാണാം, പരിമിതമായ മതാചാര ചടങ്ങുകള്‍ നടത്താം’; പുതിയ ഇളവുകളും നിര്‍ദേശങ്ങളും ഇങ്ങനെ
X

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദമാണ് വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ തരംഗത്തേക്കാള്‍ വേഗത്തില്‍ രോഗം വ്യാപനമുണ്ടായെങ്കിലും കൃത്യമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാലും ചികിത്സാ ക്രമീകരണങ്ങള്‍ ശാക്തീകരിച്ചതിനാലുമാണ് രണ്ടാം തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് കാണുന്നതെങ്കിലും മരണാനന്തര ചടങ്ങുകളില്‍ അടക്കം ചില ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതനുസരിച്ച് ഇനി മുതല്‍ മൃതശരീരം വീട്ടില്‍ കൊണ്ടുപോയി നിശ്ചിത സമയം ബന്ധുക്കള്‍ക്ക് കാണാന്‍ വെക്കുകയും പരിമിതമായ മതാചാരം നടത്തുകയും ചെയ്യാം. ഒരുമണിക്കൂറില്‍ താഴെയായിരിക്കും ഇതിനായി അനുവദിക്കുന്നത്.

മരണമടഞ്ഞ രോഗികളുടെ ബന്ധുക്കളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളിലെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഒന്നാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ വേഗം മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ സാധിച്ചതിനാല്‍ രോഗബാധിതരാകാത്ത അനേകംപേര്‍ കേരളത്തിലുണ്ട്. ഐസിഎംആര്‍ നടത്തിയ സെറൊ-പ്രിവലന്‍സ് സര്‍വേ പ്രകാരം ഏകദേശം 11 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ചത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു. എന്നാല്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദമാണ് രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായി വ്യാപിക്കുന്നത്.

ആദ്യത്തെ തരംഗത്തേക്കാള്‍ വേഗത്തില്‍ രോഗം പടര്‍ന്നു പിടിച്ചെങ്കിലും തുടക്കത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനാലും സാഹചര്യത്തിനനുസരിച്ച് ചികിത്സാ ക്രമീകരണങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ രണ്ടാം തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. ഈ പശ്ചാത്തലത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്.

ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്തുകാണാന്‍ പോലും കഴിയുന്നില്ല എന്നതാണ്. അതിനാല്‍ മൃതശരീരം നിശ്ചിത സമയം വിട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരുമണിക്കൂറില്‍ താഴെ ഇതിനായി അനുവദിക്കും. മരണമടഞ്ഞ രോഗികളുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിക്കാണും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കും.

ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കും. അന്തര്‍സംസ്ഥാനയാത്രികര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവില്‍ എയര്‍പോര്‍ട്ടുകളില്‍ ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ബി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കും.

ഹോം സ്റ്റേകള്‍, സര്‍വീസ് വില്ലകള്‍, ഗൃഹശ്രീ യൂണിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തീകരിക്കും.

പൊതു സ്ഥലങ്ങളിലേക്കാള്‍ സ്വകാര്യ സ്ഥലങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വീടുകള്‍, ഓഫീസുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗം വളരെ കൂടുതല്‍ വ്യാപിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്. ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ സമയത്ത് എല്ലാവരും അടിസ്ഥാനപരമായ പ്രതിരോധ മാര്‍ഗങ്ങളില്‍ ശ്രദ്ധ വെക്കണം. അടഞ്ഞു കിടക്കുന്ന മുറികള്‍ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ സി ഒഴിവാക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. പുറത്തിറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുത്.

പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ക്വാറന്റയിനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കും. വാക്‌സിനെടുത്തവരും രോഗം വന്നു പോയവരും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താതെ നോക്കേണ്ടതുണ്ട്. അവരിലും രോഗം വീണ്ടും പിടിപെടാനുള്ള സാധ്യതയെ 100 ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ല. മാത്രമല്ല, അവര്‍ രോഗവാഹകര്‍ ആകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് ജാഗ്രത കൈവെടിയാതെ ഇരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.

രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ഇന്നു ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ടിപിആര്‍ ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടിപിആര്‍ ഉള്ള 316 പ്രദേശങ്ങള്‍. അവ സി വിഭാഗത്തിലാണ്. എണ്‍പതിടത്ത് ടിപിആര്‍ പതിനെട്ടു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം) ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.

Also Read: ലോക്ഡൗണിൽ വൈദ്യുത ബിൽ ‘ഷോക്കാവില്ല’; ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

Next Story

Popular Stories