‘നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷകവൈറസുകളുടെ പുലഭ്യം പറച്ചില്‍ സെപ്റ്റിക് ടാങ്കിലേക്ക് തള്ളുന്നു’; ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി രേഖ
ആലപ്പുഴയിലെ പുന്നപ്രയില്‍ കൊവിഡ്-19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ റേപ്പ് ജോക്ക് നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി സന്നദ്ധ പ്രവര്‍ത്തക രേഖ.ശ്രീജിത് പണിക്കരോട് നിരവധി ചോദ്യങ്ങളുമായാണ് രേഖയുടെ ഫേസ്ബുക്ക് കുറിപ്പ്. ”ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ” എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പോസ്റ്റില്‍ ശ്രീജിത്തിന്‍െ്‌റ പരാമര്‍ശങ്ങള്‍ മറുപടിയര്‍ഹിക്കുന്നതല്ലെന്നും പക്ഷേ ശ്രീജിത്ത് കരിവാരിത്തേച്ച സ്ത്രീകളുടെ പ്രതിനിധയെന്ന നിലയിലാണ് സംസാരിക്കുന്നതെന്നും രേഖ പറയുന്നു. പുന്നപ്രയില്‍ അന്നത്തെ ആ സാഹചര്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കാണ് അടിയന്തര വൈദ്യസഹായം വേണ്ടി വരുന്നതെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചു […]

ആലപ്പുഴയിലെ പുന്നപ്രയില്‍ കൊവിഡ്-19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ റേപ്പ് ജോക്ക് നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി സന്നദ്ധ പ്രവര്‍ത്തക രേഖ.
ശ്രീജിത് പണിക്കരോട് നിരവധി ചോദ്യങ്ങളുമായാണ് രേഖയുടെ ഫേസ്ബുക്ക് കുറിപ്പ്. ”ഒട്ടുമേ ബഹുമാനമില്ലാത്ത ശ്രീജിത്ത് പണിക്കരേ” എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പോസ്റ്റില്‍ ശ്രീജിത്തിന്‍െ്‌റ പരാമര്‍ശങ്ങള്‍ മറുപടിയര്‍ഹിക്കുന്നതല്ലെന്നും പക്ഷേ ശ്രീജിത്ത് കരിവാരിത്തേച്ച സ്ത്രീകളുടെ പ്രതിനിധയെന്ന നിലയിലാണ് സംസാരിക്കുന്നതെന്നും രേഖ പറയുന്നു.
പുന്നപ്രയില്‍ അന്നത്തെ ആ സാഹചര്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കാണ് അടിയന്തര വൈദ്യസഹായം വേണ്ടി വരുന്നതെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചു കാത്തു നില്‍ക്കുമോയെന്നും മറിച്ച് കിട്ടുന്ന സഹായം സ്വീകരിക്കുമോയെന്നും രേഖ പണിക്കരോട് ചോദിച്ചു. മനുഷ്യത്വം എന്ന വാക്ക് പണിക്കര്‍ കേട്ടിട്ടുപോലുമില്ലാത്തതു കൊണ്ടാണ് അത്തരം നികൃഷ്ട വാക്കുകള്‍ പോസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിനു മടിയില്ലാതെ പോയതെന്നും രേഖ ചൂണ്ടിക്കാട്ടി. ബൈക്കില്‍ രോഗിയെ കൊണ്ടുപോയതിനാല്‍ പീഡന സാധ്യത കുറഞ്ഞെന്ന പണിക്കരുടെ പരിഹാസത്തെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
എതിര്‍ത്തു സംസാരിക്കുന്നവരുടെ അമ്മമാരെ അപമാനിക്കാന്‍ മാത്രം വെറിപിടിച്ച മനസുള്ളവര്‍ക്ക് പെണ്ണെന്നാല്‍ ഒരു ശരീരം മാത്രമാണെന്ന് ബോധ്യമുണ്ടെന്നും എന്നാല്‍ സമൂഹത്തില്‍ എല്ലാവരും അങ്ങനെയല്ലെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു.
ഇനിയും ഇത്തരം അത്യാഹിത സംഭവങ്ങള്‍ ഉണ്ടായാല്‍ ഇതു പോലെ തന്നെ തങ്ങള്‍ ‘നിയമം ലംഘിക്കും’ എന്നും അത് കാണാനും തിരിച്ചറിയാനും സംസ്ഥാനത്ത് മികച്ചൊരു ഭരണസംവിധാനമുണ്ടെന്നും രേഖ പോസ്റ്റില്‍ പറഞ്ഞു. ശ്രീജിത്ത് പണിക്കരെപ്പോലുള്ള ശവനിരീക്ഷക വൈറസുകളുടെ പുലഭ്യം പറച്ചില്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം തള്ളിക്കളയുമെന്നും ണിക്കരടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
രേഖയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്‍െ്‌റ പൂര്‍ണരൂപം
ഒട്ടുമേ ബഹുമാനമില്ലാത്ത
ശ്രീജിത്ത് പണിക്കരേ..
പുന്നപ്രയിലെ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച വാര്‍ത്തയെച്ചൊല്ലി താങ്കളിട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. മറുപടിയര്‍ഹിക്കുന്നില്ലെന്നു കരുതിയാണ് ആദ്യം പ്രതികരിക്കാതിരുന്നത്. പക്ഷെ ഒരു റേപ്പ് ജോക്ക് പറഞ്ഞതുവഴി നിങ്ങള്‍ കരിവാരിത്തേച്ച എണ്ണമറ്റ പെണ്ണുങ്ങളിലൊരാളാണ് എന്നതുകൊണ്ട് അതെനിക്ക് പറഞ്ഞേതീരൂ എന്നിപ്പോ തോന്നുന്നു.
പോസ്റ്റുകളില്‍ എതിര്‍ത്തു സംസാരിക്കുന്നവരുടെ അച്ഛന്റെയും അമ്മയുടെയും സുഖവിവരമന്വേഷിക്കുന്ന താങ്കള്‍, സ്വന്തം മാതാപിതാക്കള്‍ക്ക് ഒരസുഖം വന്നാലോ ഒരു എമര്‍ജന്‍സി സാഹചര്യത്തിലോ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ട് കാത്തിരിക്കുമോ അതോ കിട്ടുന്ന സഹായം കൈനീട്ടി സ്വീകരിക്കുമോ എന്നൊരു മറുപടി പറഞ്ഞാല്‍ നന്നായിരുന്നു.
അങ്ങനെ സഹായിക്കാനെത്തുന്നവരുടെ ലിംഗവും പ്രായവും നോക്കിയാണോ അത് സ്വീകരിക്കുക?? അത്തരമൊരു സാഹചര്യത്തില്‍ ബ്രഡും ജാമും വെച്ചു നിങ്ങളതിനെ സമീകരിച്ചു പരിഹസിക്കാന്‍ മുതിരുമോ??
ആശുപത്രിയിലേക്ക് വരാന്‍ മറ്റൊരിടത്തുള്ള ആംബുലന്‍സ് എടുക്കുന്ന സമയം തികച്ചും ന്യായമാണ്. ഇവിടാരാണ് അലംഭാവം കാട്ടിയത്?? അതേ ക്യാമ്പസിലാണ് ഡിസിസി എന്നതുകൊണ്ടാണല്ലോ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് തന്നെ അത്തരമൊരു ദൗത്യമേറ്റെടുക്കാന്‍ ഞങ്ങള്‍ സന്നദ്ധരായത്. അതിന് നിയമമറിയേണ്ട മിസ്റ്റര്‍, മനുഷ്യത്വം മരവിച്ചുപോകാതിരുന്നാ മതി. താങ്കളാ വാക്ക് കേട്ടുകാണാന്‍ സാധ്യതയില്ല. സംഘിക്ക് മനുഷ്യത്വം ചെകുത്താന് കുരിശെന്ന പോലെയാണല്ലോ.
പിന്നെ പീഡനത്തിന്റെ കാര്യം. ബൈക്കിലായാല്‍ പീഡനം നടക്കില്ലെന്നൊക്കെ റേപ്പ് ജോക്കടിച്ചു വിട്ട് കൂടെച്ചിരിക്കാന്‍ ഭൂതഗണങ്ങളെയും കിട്ടുമ്പോ നിങ്ങള്‍ സ്വയം വെളിപ്പെടുകയാണ് ശ്രീജിത്ത്. പെണ്ണിനെ ആക്രമിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും നിങ്ങള്‍ക്ക് ദ്വയാര്‍ത്ഥങ്ങള്‍ നിറഞ്ഞ തമാശകളാണ്. മെറിറ്റില്‍ എതിര്‍ത്തു സംസാരിക്കുന്നവന്റെ അമ്മയുടെ ഭര്‍ത്താക്കന്മാരുടെ എണ്ണമന്വേഷിച്ചു പോകാന്‍ മാത്രം വെറിപിടിച്ച മനസിന്റെ ഉടമയ്ക്ക് പെണ്ണെന്നത് ഒരു ശരീരം മാത്രമാണെന്ന് നല്ല ബോധ്യമുണ്ട്. എന്നാല്‍ സത്യം അങ്ങനെയല്ല കേട്ടോ. അങ്ങനെയല്ലാത്ത, ആണിനേയും പെണ്ണിനേയും ഒരുപോലെ കാണുന്ന ആളുകള്‍ നാട്ടിലുണ്ട്. നിങ്ങള്‍ക്കുള്ള ഞരമ്പുരോഗം ഇല്ലാത്തവര്‍. ജന്മനാ നിങ്ങള്‍ക്ക് അത്തരത്തിലുള്ള ഇന്‍സെക്യൂരിറ്റികളുണ്ടെങ്കില്‍, ഫേസ്ബുക്കിലെ ആളുകളുടെ അമ്മമാരെയും അച്ഛന്മാരെയും അന്വേഷിക്കുന്ന മാനസിക വിഭ്രാന്തിക്ക് ഒരു ഡോക്ടറുടെ സേവനം തേടിയാല്‍ നന്നായിരുന്നു. ഈ നാടെങ്കിലും രക്ഷപ്പെട്ടേനെ.
നിങ്ങള്‍ പരിഹസിക്കാന്‍ നോക്കിയ ജീവന്‍രക്ഷാ ശ്രമത്തില്‍, വ്യക്തിഹത്യ നടത്തിയ വകുപ്പില്‍ അതേറ്റ ഒരാളുണ്ട്. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബ്രഡില്‍ തേച്ച ജാമായ’ ആ മനുഷ്യന്‍. നിയമം നോക്കാത്ത കാരണം ജീവന്‍ തിരിച്ചുകിട്ടിയ മനുഷ്യന്‍. ഇപ്പൊ ശ്വസിക്കാന്‍ ശുദ്ധവായു കിട്ടുംവിധം ആരോഗ്യവാനായി ഇരിക്കുന്ന ആ കോവിഡ് രോഗി. മറ്റാര് പൊറുത്താലും അയാള്‍ നിങ്ങളോടും നിങ്ങള്‍ കാണിച്ച മൃഗീയതയോടും പൊറുക്കില്ല. അയാള്‍ ഒരാളുമല്ല, ഈ മഹാമാരിക്കാലത്ത് ജീവന്‍ കൈയിലെടുത്തു നില്‍ക്കുന്ന നേരം സഹജീവികളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഓരോ മലയാളിയുമാണ്. അവരിലൊരാളും നിങ്ങളോട് ക്ഷമിക്കുകയുമില്ല.
ഇനിയും എമര്‍ജന്‍സികളുണ്ടായാല്‍ തലയ്ക്ക് വെളിവുള്ള ആളുകള്‍ ഇങ്ങനെതന്നെ ‘നിയമം ലംഘിക്കും’ സര്‍. അത് കാണാനും തിരിച്ചറിയാനും ഇവിടെയൊരു ഭരണകൂടമുണ്ട് സര്‍. നിങ്ങളെപ്പോലെയുള്ള ശവനിരീക്ഷകവൈറസുകളുടെ പുലഭ്യം പറച്ചില്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ എടുത്തു തള്ളുന്നത് സെപ്ടിക്ക് ടാങ്കിലാണ് സര്‍. നിങ്ങളടക്കം എല്ലാ വൈറസുകളെയും നേരിട്ട് ഈ നാട് അതിജീവിച്ചുവരും, ഇവിടത്തെ മനുഷ്യരും..!!