
അനിയന്ത്രിതമായ കൊവിഡ് രോഗബാധയെ തുടർന്ന് അമർനാഥ് തീർത്ഥയാത്രയ്ക്കുള്ള രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ പരിതഃസ്ഥിതികൾ നിരന്തരമായി നിരീക്ഷിച്ചു വരികയാണെന്നും, സാഹചര്യം മെച്ചപ്പെട്ടാൽ തീർത്ഥയാത്ര അനുവദിച്ചേക്കും എന്നുമാണ് റിപ്പോർട്ടുകൾ.
ശ്രീ അമർനാഥ് ഷ്റൈൻ ബോർഡ് (എസ്എഎസ്ബി) ആണ് 56 ദിവസം നീണ്ടു നിൽക്കുന്ന ഹൈന്ദവ തീർത്ഥയാത്രക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന കൊവിഡ് സാഹചര്യത്തെ കണക്കിലെടുത്തും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായാണ് തീർത്ഥാടകരുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത് എന്നാണ് എസ്എഎസ്ബി അറിയിക്കുന്നത്.
എന്നാൽ രോഗവ്യാപനം കുറയ്ക്കാനായി ധാരാളം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മു-കശ്മീർ ഭരണകൂടം അറിയിക്കുന്നു. രാത്രി കർഫ്യൂകൾ, 50% കടകൾ മാത്രം തുറക്കുക, പൊതുഗതാഗത സംവിധാനങ്ങളിൽ 50% നിയന്ത്രണം ഏർപ്പെടുത്തുക, വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുക ഉൾപ്പെടെയുള്ള നടപടികളാണ് കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിച്ചിട്ടുള്ളത്.
ഇത്തരം വലിയ തീർത്ഥാടന കേന്ദ്രങ്ങളിലും മറ്റും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇടപെടുക അസാധ്യമാണ് എന്നും രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സ്വാഗതാർഹമാണ് എന്നും ആരോഗ്യരംഗത്തെ വിദഗ്ദർ അറിയിക്കുന്നു. ഏപ്രിൽ 15ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷനാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്. 6,00,000 തീർഥാടകരെ ആണ് ഈ വർഷം പ്രതീക്ഷിക്കുന്നതും ക്രമീകരണങ്ങൾ സജ്ജമാക്കുന്നതും.