Top

മോഡി സര്‍ക്കാര്‍ ചെങ്കോട്ട വിറ്റോ?; പതാക വിവാദത്തിനിടെ ഡാല്‍മിയ ഗ്രൂപ്പുമായുള്ള കരാര്‍ വീണ്ടും ചര്‍ച്ചയാകുന്നു

ചരിത്ര സ്മാരകങ്ങള്‍ പോലും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന തരത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ഇത്തരം പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതിന് പകരം അവയെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നത് എന്തോ ബഹുമതിയോ നേട്ടമോ മറ്റുമാണെന്ന അവകാശവാദമാണ് മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.

27 Jan 2021 1:51 AM GMT
നിഷ എം കുഞ്ഞപ്പൻ

മോഡി സര്‍ക്കാര്‍ ചെങ്കോട്ട വിറ്റോ?; പതാക വിവാദത്തിനിടെ ഡാല്‍മിയ ഗ്രൂപ്പുമായുള്ള കരാര്‍ വീണ്ടും ചര്‍ച്ചയാകുന്നു
X

റിപബ്ലിക്ക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ സംഭവം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്‌. അതിനിടെയാണ്‌ ചെങ്കോട്ട ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നല്‍കിയ മോഡി സര്‍ക്കാര്‍ നടപടി വീണ്ടും ചര്‍ച്ചയാവുന്നത്‌. 2018ല്‍ 25 കോടിയൂപയ്ക്ക് ചെങ്കോട്ട കോര്‍പ്പറേറ്റുകള്‍ക്കായി കരാര്‍ നല്‍കിയപ്പോള്‍ നഷ്ടപ്പെടാതിരുന്ന എന്ത് ദേശീയ വികാരമാണ് കര്‍ഷകര്‍ രണ്ട് കൊടി കെട്ടിയപ്പോള്‍ നഷ്ടമായതെന്ന ചോദ്യമാണ് ഇപ്പോല്‍ മോഡി സര്‍ക്കാരിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ പണികഴിപ്പിച്ച ചെങ്കോട്ട ഇന്ത്യയുടെ പൈതൃക സ്മാരകങ്ങളിലെ തന്നെ പ്രധാനപ്പെട്ട നിര്‍മ്മിതികളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2018 ഏപ്രില്‍ 24നാണ് ചെങ്കോട്ട കോര്‍പ്പറേറ്റ് കമ്പനിയായ ഡാല്‍മിയ ഗ്രൂപ്പിന് മോഡി സര്‍ക്കാര്‍ പാട്ട കരാര്‍ അടിസ്ഥാനത്തില്‍ കൈമാറുന്നത്. 25 കോടി രൂപയ്ക്കായിരുന്നു കരാര്‍. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ ‘അഡോപ്റ്റ് എ ഹെറിറ്റേജ് ‘ പദ്ധതിയിലുള്‍പ്പെടുത്തി അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സമയത്താണ് പൈതൃക സ്മാരകം ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വാതന്ത്ര ദിനത്തില്‍ ലാഹോറി ഗേറ്റിന് മുന്നില്‍ നിന്ന് പ്രസംഗിക്കാന്‍ അനുവാദം ലഭിക്കുന്നതൊഴിച്ചാല്‍ എന്ത് അവകാശമാണ് സര്‍ക്കാരിന് ആ കോട്ടയോടുള്ളതെന്ന ചോദ്യവും ഇന്ന് വ്യാപകമായവുകയാണ്.

ചരിത്ര സ്മാരകങ്ങള്‍ പോലും കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്ന തരത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ഇത്തരം പൈതൃക സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതിന് പകരം അവയെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നത് എന്തോ ബഹുമതിയോ നേട്ടമോ മറ്റുമാണെന്ന അവകാശവാദമാണ് മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നും പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് എഴുതിക്കൊടുക്കാനും സര്‍ക്കാര്‍ മടിക്കുന്നില്ല.

2018ല്‍ ചെങ്കോട്ട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയതിനെതിരെ നിരവധി സംഘടനകളാണ് അന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്ഘട്ട് മുതല്‍ ചെങ്കോട്ട വരെ മാര്‍ച്ച് നടത്തിയായിരുന്നു ചരിത്ര സ്മാരകം തീറെഴുതാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധകര്‍ അണിനിരന്നത്. ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ ചരിത്ര സ്മാരകങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ വിദ്വേഷമനോഭാവത്തിന്റെ തെളിവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല, ചരിത്ര സ്മാരകങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഡാല്‍മിയ ഗ്രൂപ്പിന്റെ കാര്യപ്രാപ്തിക്ക് നേരെയും വിവിധ പ്രതിഷേധസംഘനകളും വിരല്‍ചൂണ്ടി.

കേന്ദ്ര ടൂറിസം മന്ത്രാലയവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയും ചേര്‍ന്നാണ് ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഡാല്‍മിയ ഗ്രൂപ്പിന് കരാര്‍ നല്‍കിയിരിക്കുന്നതെങ്കിലും പിന്നീട് ഒരു പരസ്പര ധാരണയുടെ അടിസ്ഥാനത്തിന്‍ കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്ന് അന്നത്തെ ഡാല്‍മിയ ഭാരത് ഗ്രൂപ്പ് സിഇഒ ആയിരുന്ന മഹേന്ദ്ര സിംഘി വ്യക്തമാക്കിയിരുന്നു.

അതേസമയം, ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നതിലൂടെ നമ്മുടെ പൈതൃകത്തെ അതിന്റെ മനോഹാരിത ഒട്ടും ചോര്‍ന്നുപോകാതെ തന്നെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി അതിനെ സംരക്ഷിക്കാനുള്ള നടപടിയിലേക്കാണ് നമ്മള്‍ കടന്നിരിക്കുന്നതെന്നായിരുന്നു കരാറിനെക്കുറിച്ചുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം.

2017 സെപ്റ്റംബറിലാണ് ‘അഡോപ്റ്റ് എ ഹെറിടെജ്’ എന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംകൊടുക്കുന്നത്. സ്വകാര്യ, പൊതുമേഖലകളെ കോര്‍പ്പറേറ്റുകളുമായി ബന്ധിപ്പിക്കുന്നത് വഴി ഇന്ത്യയിലെ സ്മാരകങ്ങളെ മികച്ച പൈതൃക മാതൃകകളാക്കി ഉയര്‍ത്തുന്നതിനായാണ് ഈ പദ്ധതി മുന്നോട്ടുവെയ്ക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇത്തരം ഏറ്റെടുക്കല്‍ നടപടികളിലൂടെ പൈതൃക സ്മാരകങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അതിന്റെ നിലവാരം ഉയര്‍ത്താം എന്നാണ് സര്‍ക്കാരിന്റെ വാദം.

Next Story