കൊടകരയും ബത്തേരിയും; സുരേന്ദ്രനൊപ്പം മുരളീധരന് മാത്രം;ഔദ്യോഗിക പക്ഷത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആസൂത്രിത നീക്കങ്ങള്‍
മുന്‍പ് തന്നെ സുരേന്ദ്രന്റെ അധ്യക്ഷ പദവിയില്‍ അതൃപ്തിയുണ്ടായിരുന്ന വിമതപക്ഷം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിനെതിരെ ആസൂത്രിത നീക്കങ്ങളുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
3 Jun 2021 8:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ മുന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നേര്‍ക്ക് തിരിഞ്ഞതിനൊപ്പം ബത്തേരിയില്‍ സികെ ജാനുവിന്റെ സ്ഥാനാര്‍ഥിത്വത്തിന് പണം നല്‍കിയെന്ന ആരോപണം കൂടി പുറത്തുവന്നതോടെ പാര്‍ട്ടി ഔദ്യോഗിക പക്ഷം കടുത്ത സമ്മര്‍ദ്ദത്തിലാണ്. കേസില്‍ കേന്ദ്രനേതൃത്വം ഇടപെട്ട് പുറത്താക്കുന്നതിന് മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും കെ സുരന്ദ്രന് രാജി വെച്ചൊഴിയണമെന്ന മുറുമുറുപ്പ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. കള്ളപ്പണക്കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സുരേന്ദ്രനെ പ്രതിരോധിച്ചുകൊണ്ട് ആകെ ഒപ്പം നില്‍ക്കുന്നത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മാത്രമാണ്. മുന്‍പ് തന്നെ സുരേന്ദ്രന്റെ അധ്യക്ഷ പദവിയില്‍ അതൃപ്തിയുണ്ടായിരുന്ന വിമതപക്ഷം പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിനെതിരെ ആസൂത്രിത നീക്കങ്ങളുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ടിട്ട് ഒരു സീറ്റ് പോലും പിടിക്കാനാകാത്തതില്‍ കെ സുരേന്ദ്രനെതിരെ വിമതരുടേയും പ്രവര്‍ത്തകരുടേയും ഇടയില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന് ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പിപി മുകുന്ദന് ആവശ്യപ്പെട്ടു. സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ദേശീയ നേതൃത്വം സംഭവം അന്വേഷിക്കണമെന്നും പിപി മുകുന്ദന് ആവശ്യപ്പെട്ടു. സംഭവം നടന്നിട്ടുണ്ടെങ്കില്‍ രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
‘കേള്‍ക്കുന്നത് മാത്രമേ അറിയുകയുള്ളൂ. സമഗ്രമായ അന്വേഷണം വേണം. പിണറായി സര്‍ക്കാരിന്റെ പോലീസാണല്ലോ. കെ സുരേന്ദ്രനും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപി ദേശീയ നേതൃത്വവും സംഭവത്തില്‍ അന്വേഷണം നടത്തണം. കുറ്റക്കാരെ കണ്ടെത്തിയാല്‍ അവരും നടപടിയെടുക്കുമെന്നാണ് എന്റെ വിശ്വാസമെന്നും പിപി മുകുന്ദന് പറഞ്ഞു’.
‘ബിജെപിയുടെ പഴയ കാലത്തെയും പുതിയ കാലത്തെയും പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ മാനസിക വിമഷമം ഉണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ബിജെപിയുടെ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം,’ പിപി മുകുന്ദന് പറഞ്ഞു.