റയല്‍ തന്നെ രാജാവ്; മാഡ്രിഡ് നാട്ടങ്കത്തില്‍ ജയം, മൂന്നാമത്

തുടര്‍ വിജയങ്ങളുമായി അജയ്യരായിരുന്നു അത്‌ലറ്റിക്കൊ മാഡ്രിഡ്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ റയലിനോട് ഒന്ന് മുട്ടി നോക്കി. അവസനാം രണ്ട് ഗോള്‍ വഴങ്ങി കീഴടങ്ങാന്‍ ആയരുന്നു വിധി. ഒരിക്കല്‍കൂടി സിനദിന്‍ സിദാന് മുന്നില്‍ ഡിയഗോ സിമിയോണി തലകുനിച്ചു.

ആദ്യ പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു റയല്‍. 6-ാം മിനുറ്റില്‍ ലൂക്ക മോഡ്രിച്ച് ബോക്‌സിന് പുറത്ത് നിന്ന് എടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിനെ തലോടി പോയി. നിമിഷങ്ങള്‍ക്കകം കരിം ബെന്‍സിമയുടെ ഇടം കാല്‍ ഷോട്ട്. പന്ത് അത്‌ലറ്റിക്കൊ ഗോളി ഒബ്ലക്ക് തട്ടിയകറ്റി.

തുടരെ തുടരെയുള്ള റയല്‍ ശ്രമങ്ങള്‍ ഫലം കണ്ടത് 15-ാം മിനുറ്റിലാണ്. ടോണി ക്രൂസ് എടുത്ത കോര്‍ണറില്‍ തലവെച്ച് കാസിമീറൊ റയലിന് ലീഡ് സമ്മാനിച്ചു. അത്‌ലറ്റിക്കോയ്ക്ക് ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. 53-ാം മിനുറ്റിലാണ് ഒരു അവസരം ലഭിച്ചത്. എന്നാല്‍ റയലിന് വെല്ലുവിളി ഉയര്‍ത്താന്‍ തക്കവണ്ണമുള്ളതായിരുന്നില്ല അത്.

62-ാം മിനുറ്റില്‍ റയല്‍ ലീഡ് രണ്ടായി വര്‍ദ്ധിപ്പിച്ചു. ടോണി ക്രൂസ് എടുത്ത ഫ്രീ കിക്ക് അത്‌ലറ്റിക്കൊ പ്രതിരോധ നിരക്ക് അപകടം ഒഴിവാക്കാനായി. എന്നാല്‍ പന്ത് ലഭിച്ച ഡാനി കാര്‍വഹാള്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് തടയാനായില്ല. ഒബ്ലക്കിന്റെ പുറത്ത് ഇടിച്ച് പന്ത് വലയിലെത്തി.

ജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 12 കളികളില്‍ നിന്ന് 23 പോയിന്റാണ് റയലിനുള്ളത്. തോല്‍വി വഴങ്ങിയെങ്കിലും അത്‌ലറ്റിക്കൊ തന്നെയാണ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത്. സീസണില്‍ തിരിച്ചടി നേരിടുന്ന ബാഴ്‌സ ഒന്‍പതാമതാണ്.

Latest News