‘ക്രെഡിറ്റ് കാര്‍ഡ്-ഡിജിറ്റല്‍ സേവനങ്ങള്‍ കൊടുക്കണ്ട’; എച്ച്ഡിഎഫ്‌സിയോട് റിസര്‍വ്വ് ബാങ്ക്

ഉപഭോക്താക്കൾക്ക് പുതിയ ഡിജിറ്റൽ-ക്രെഡിറ്റ് കാർഡ് സേവനങ്ങൾ നൽകുന്നത് എച്ച്ഡിഎഫ്‌സി താൽക്കാലികമായി നിർത്തിവെക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ഈ പുതിയ നിർദ്ദേശം എച്ച്ഡിഎഫ്‌സിയുടെ ഡാറ്റ സെന്ററിൽ കഴിഞ്ഞ മാസം ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ്.

ബാങ്കിന്റെ കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ ഈ സാങ്കേതിക തടസ്സങ്ങൾ ബാധിച്ചിരുന്നു. ഇതേ തുടർന്ന് പുതിയ ഡിജിറ്റൽ പദ്ധതികൾ തുടങ്ങുന്നതും വിലക്കിയിരിക്കുകയാണ് ആർബിഐ.

ബാങ്കിന്റെ പ്രവർത്തനങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള വീഴ്ചകളും, പരിമിതികളും പരിശോധിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇൻറർനെറ്റ്-മൊബൈൽ ബാങ്കിംഗ് സേവനങ്ങളിലും പേയ്മെന്റ് സൗകര്യങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ ബാങ്ക് നേരിട്ട തകരാറുകളെ സംബന്ധിച്ചും എച്ച് ഡി എഫ് സി ബാങ്കിന് ആർബിഐയിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്‌സിയുടെ തന്നെ പുതിയ ഡിജിറ്റൽ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിജിറ്റൽ സേവനങ്ങളും മറ്റും താൽകാലികമായി നിർത്തിവെക്കാനാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിനും എച്ഡിഎഫ്‌സിക്ക് മേൽ നിയന്ത്രണമുണ്ട്.

നിലവിൽ ബാങ്ക് അഭിമിഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായാൽ ഈ നിയന്ത്രണങ്ങൾ ആർബിഐ നീക്കുമെന്നും എച്ച്ഡിഎഫ്‌സി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിംഗ് നടപടികൾ ശക്തിപ്പെടുത്തുന്നതിന് തങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർന്നും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തുമെന്നും എച്ച് ഡി എഫ് സി അറിയിക്കുന്നു.

Latest News