Top

റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും

ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനമാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്.

4 Jun 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും
X

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി ആറാം തവണയും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. പണവായ്പാ നയ രൂപീകരണ സമിതിയുടേതാണ് തീരുമാനം. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നാല് ശതമാനവും റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരാനാണ് തീരുമാനം.

ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനമാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്. 10.5 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് മുന്‍പ് കണക്കുകൂട്ടിയിരുന്നത്. കൊവിഡ് രണ്ടാം തരംഗം മൂലമാണ് ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞതെന്നും ശക്തികാന്ത് ദാസ് അറിയിച്ചു. എന്നിരിക്കിലും കൊവിഡ് ഒന്നാം തരംഗം സമ്പദ് വ്യവസ്ഥയെ ബാധിച്ച തരത്തിലേക്ക് നീങ്ങാതെ രണ്ടാം തരംഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ക്കൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്എഫ്) നിരക്കുകളും മാറ്റമില്ലാതെ തുടരാന്‍ പണവായ്പാ നയരൂപീകരണ കമ്മിറ്റി തീരുമാനിച്ചു. എംഎസ്എഫ് നിരക്കുകള്‍ 4.25 ശതമാനം തന്നെയായി തുടരും. പലിശ നിരക്കില്‍ പെട്ടെന്നൊരു മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്‍പ് തന്നെ പ്രവചിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ വ്യാപന പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മാസത്തിലാണ് റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് (ബിപിഎസ്) ആയി കുറച്ചത്. ഇത് തുടരുന്നതിന്റെ ഭാഗമായാണ് റിസര്‍വ്വ് ബാങ്ക് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. കൊവിഡ് മൂലമുള്ള പ്രതിസന്ധി നീങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയം തന്നെ തുടരുമെന്ന് ശക്തികാന്ത് ദാസ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

Next Story

Popular Stories