റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും; ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകുമെന്ന് റിസേര്‍വ്വ് ബാങ്ക്

പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന പ്രഖ്യാപനവുമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ സാമ്പത്തികരംഗം പതുക്കെ കരകയറുകയാണെന്നും ഈ വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഒന്‍പത് ശതമാനം ഇടിവുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പണവായ്പാ അവലോകനത്തിന്‌ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോ നിരക്കുകള്‍ നാല്ശതമാനമായും റിവോഴ്‌സ് റിപ്പോ നിരക്കുകള്‍ 3. 35 ശതമാനമായും തുടരുമെന്നാണ് റിസേര്‍വ്വ് ബാങ്കിന്റെ പ്രഖ്യാപനം. വായ്പനയസമിതി പുനസംഘടിപ്പിച്ചതിന്‌ശേഷമുള്ള ആദ്യപണവായ്പ അവലോകന യോഗമാണ് ഇന്ന് നടന്നത്. യോഗത്തില്‍ അംഗങ്ങലെല്ലാവരും തന്നെ റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിന് അനുകൂലമായി വോട്ട്‌ചെയ്തു.

ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പം 6.69 ശതമാണെന്നായിരുന്നു റിപ്പോര്‍ട്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വരുംമാസങ്ങളില്‍ വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് അവലോകനയോഗം വിലയിരുത്തി.


കൊവിഡ് മഹാമാരി രാജ്യത്തെ വിതരണശ്രംഖലയെ ദോഷകരമായി ബാധിച്ചതായി യോഗം വിലയിരുത്തി. എങ്കിലും സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും അവസാനപാദത്തോടെ രാജ്യത്തിന് തിരിച്ചുവരാനാകുമെന്ന് ശക്തികാന്തദാസ് മാധ്യമങ്ങളോട് സൂചിപ്പിച്ചു. സെപ്തംബര്‍ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാലാണ് നീട്ടിവെച്ചത്.

Latest News