Top

‘ദയവായി നിർത്തിവെക്കണം’, ഭാരത് രത്ന ഫോർ രത്തൻ ടാറ്റ ക്യാമ്പെയ്നോട് പ്രതികരിച്ച് രത്തൻ ടാറ്റ

ഇന്ത്യയുടെ രാഷ്ട്ര പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സംഭാവന നല്കാൻ സാധിക്കുന്നതിൽ കൂടുതൽ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു.

6 Feb 2021 1:40 AM GMT

‘ദയവായി നിർത്തിവെക്കണം’, ഭാരത് രത്ന ഫോർ രത്തൻ ടാറ്റ ക്യാമ്പെയ്നോട് പ്രതികരിച്ച് രത്തൻ ടാറ്റ
X

ന്യൂ ഡൽഹി: തനിക്ക് ഭാരത് രത്ന നൽകണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ട്വിറ്റർ ക്യാമ്പെയ്ൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് രത്തൻ ടാറ്റ. രാജ്യത്തിൻറെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി നില കൊള്ളാനാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘എനിക്ക് ഭാരത് രത്ന നൽകണം എന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെടുന്നതിന്റെ വികാരം മാനിക്കുന്നു. എന്നാൽ അത്തരം ക്യാമ്പെയ്‌നുകൾ ദയവായി നിർത്തണം. ഇന്ത്യയുടെ രാഷ്ട്ര പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സംഭാവന നല്കാൻ സാധിക്കുന്നതിൽ കൂടുതൽ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു’. ‘ഭാരത് രത്ന ഫോർ രത്തൻ ടാറ്റ’ എന്ന ഹാഷ്‌ടാഗോടു കൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ക്യാമ്പെയിനോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.

‘ഇന്ത്യയെ മുന്നോട്ട് നയിക്കാൻ രത്തൻ ടാറ്റക്ക് കഴിയുമെന്ന് ഇന്നത്തെ തലമുറയിലെ സംരംഭകർ വിശ്വസിക്കുന്നു. രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡ് ആയ ഭാരത് രത്ന ഞങ്ങൾ അദ്ദേഹത്തിന് നൽകുന്നു’, മോട്ടിവേഷണൽ സ്പീക്കർ ഡോ.വിവേക് ​​ഭീന്ദ്രയുടെ ട്വീറ്റിന് ശേഷമാണ് ഭാരത് രത്ന ഫോർ രത്തൻ ടാറ്റ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയത്.

26/11 എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണത്തിനിടെ ടാറ്റ ഒരു യഥാർത്ഥ നേതാവിനെ പോൽ പെരുമാറിയെന്നും ചിലർ ട്വിറ്ററിലൂടെ ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ ഹോട്ടലായ താജ് മഹൽ പാലസും അക്രമണത്തിനിരയായിരുന്നു. രാജ്യത്തെ പ്രമുഖ വ്യവസായി എന്നതിലുപരി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം, താൻ നടത്തുന്ന സാമൂഹിക സേവനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിലും മുൻപന്തിയിലാണ്.

കൊവിഡ് മഹാമാരിക്കെതിരെ പോരാടാൻ 1500 കോടി രൂപയുടെ വാഗ്ദാനമാണ് രത്തൻ ടാറ്റ കഴിഞ്ഞ മാർച്ചിൽ നൽകിയത്. ആരോഗ്യ പ്രവർത്തകർക്കായുള്ള വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും, ടെസ്റ്റിംഗ് കിറ്റുകൾ, രോഗികൾക്കായുള്ള മോഡുലാർ ചികിത്സാ സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുന്നതിനായിയിരുന്നു ഈ ഫണ്ട്.

Next Story