Top

‘വിമര്‍ശനങ്ങളാണ് ശരിയുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയത്, നന്ദി’; ഗവര്‍ന്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ രശ്മിത രാമചന്ദ്രന്‍

കേരള സര്‍ക്കാരിന്റെ ഗവര്‍ന്മെന്റ് പ്ലീഡര്‍മാരായി നിയമിക്കപ്പെട്ടതിന് പിന്നാലെയുണ്ടാകുന്ന അഭിനന്ദനങ്ങളിലും വിമര്‍ശനങ്ങളിലും കൃതജ്ഞത പങ്കുവെച്ച് സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഓഗസ്റ്റുമുതല്‍ ഉത്തരവാദിത്വത്തിലേക്ക് കടക്കുമെന്നും കേരള ഹൈക്കോടതി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും രശ്മിത രാമചന്ദ്രന്‍ അറിയിച്ചു. അതേസമയം, കോടതികള്‍ ഓണ്‍ലൈന്‍ മോഡിലായതിനാല്‍ ഡല്‍ഹിയില്‍ തുടരുമെന്നും അഡ്വ. രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അതേസമയം, ആശംസകളും അഭിനന്ദനങ്ങള്‍ക്കുമൊപ്പം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന വിമര്‍ശനത്തിനും അങ്ങേയറ്റം നന്ദി പറയുന്നതായി രശ്മിത രാമചന്ദ്രന്‍ കൂട്ടിച്ചേർത്തു. ‘അത്തരം വിമര്‍ശനങ്ങളാണ് എനിയ്ക്കിന്നുള്ള കരുത്തു […]

30 July 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വിമര്‍ശനങ്ങളാണ് ശരിയുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയത്, നന്ദി’;  ഗവര്‍ന്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ രശ്മിത രാമചന്ദ്രന്‍
X

കേരള സര്‍ക്കാരിന്റെ ഗവര്‍ന്മെന്റ് പ്ലീഡര്‍മാരായി നിയമിക്കപ്പെട്ടതിന് പിന്നാലെയുണ്ടാകുന്ന അഭിനന്ദനങ്ങളിലും വിമര്‍ശനങ്ങളിലും കൃതജ്ഞത പങ്കുവെച്ച് സുപ്രീം കോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍. ഓഗസ്റ്റുമുതല്‍ ഉത്തരവാദിത്വത്തിലേക്ക് കടക്കുമെന്നും കേരള ഹൈക്കോടതി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും രശ്മിത രാമചന്ദ്രന്‍ അറിയിച്ചു. അതേസമയം, കോടതികള്‍ ഓണ്‍ലൈന്‍ മോഡിലായതിനാല്‍ ഡല്‍ഹിയില്‍ തുടരുമെന്നും അഡ്വ. രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതേസമയം, ആശംസകളും അഭിനന്ദനങ്ങള്‍ക്കുമൊപ്പം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന വിമര്‍ശനത്തിനും അങ്ങേയറ്റം നന്ദി പറയുന്നതായി രശ്മിത രാമചന്ദ്രന്‍ കൂട്ടിച്ചേർത്തു.

‘അത്തരം വിമര്‍ശനങ്ങളാണ് എനിയ്ക്കിന്നുള്ള കരുത്തു തന്നത്, ശരിയുടെ പക്ഷത്ത് കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തിയത് ! ഇത്തരം വിമര്‍ശനങ്ങള്‍ തുടരണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നതായും’- അഭിഭാഷക പറഞ്ഞു.

സര്‍ക്കാരുകളാണ് ഗവണ്‍മന്റ് പ്ലീഡര്‍മാരെ തീരുമാനിയ്ക്കുന്നതെങ്കിലും പ്രവര്‍ത്തന കാലഘട്ടം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും കോടതിയുടെ ഡെക്കോത്തിനും വിധേയമായിത്തന്നെയാണ്. പൊതുഖജനാവിലെ പണം പറ്റി ചെയ്യുന്ന ജോലിയാണ്. അതുകൊണ്ട് പൊതുജനത്തിനു വേണ്ടിത്തന്നെയാണ് ജീവിതമെന്നും രശ്മിത രാമചന്ദ്രന്‍ വ്യക്തമാക്കി.

Also Read: ‘അക്ഷരാര്‍ത്ഥ’ത്തിലല്ലെങ്കിലും കൊവിഡില്‍ ജനം പട്ടിണിയിലെന്ന് കെകെ ശൈലജ

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ച ഒരു ചെറിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുകയാണ് ഓഗസ്റ്റ് മാസം മുതല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഒരു ചെറിയ കാലയളവില്‍ കേരള ഹൈക്കോടതി കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിയ്ക്കുക. സര്‍ക്കാരിനെതിരെയല്ലാത്ത കേസുകള്‍ തുടരാം എന്നതിനാല്‍ ദില്ലിയില്‍ നിന്നു വിട്ടു പോരേണ്ട ഒരവസ്ഥയില്ലാതാനും -അതുകൊണ്ട് അവിടുത്തെ ഓഫീസും വീടും ജൂനിയേഴ്‌സും സ്റ്റാഫും ഒക്കെ പഴയതുപോലെ തുടരും. കോടതികള്‍ ഓണ്‍ലൈന്‍ മോഡിലാണെന്നതും കാലഘട്ടത്തെ സൗകര്യപ്രദമാക്കുന്നു.

പുതിയ ചുമതലയില്‍ ബഹു: കേരള ഹൈക്കോടതിയെയും ജനങ്ങളെയും പൊതുജനത്തെയും കൂടുതല്‍ എളിമയോടും കൃത്യതയോടെയും സേവിയ്ക്കാനാകണമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിയ്ക്കുന്നു. എന്നെ കൈ പിടിച്ച് പ്രൊഫഷനിലും ജീവിതത്തിലും നടത്തിയ ഒരു പാട് പേരുടെ സുരക്ഷിതത്വത്തിലേക്ക് കൂടെയാണ് ഞാന്‍ തിരിച്ച് ചെല്ലുന്നത് എന്ന സന്തോഷം ഉണ്ട്.

വളരെപ്പെട്ടെന്ന് വന്ന ചുമതലയുടെ ഭാഗമായ ഓട്ടപ്പാച്ചിലിലാണ്, തിരക്കൊഴിഞ്ഞിട്ട് വീണ്ടും ഇവിടെ കാണാം.

ഫോണ്‍ കോളിലൂടെ, സന്ദേശങ്ങളിലൂടെ ,വിശദമായ എഫ് ബി പോസ്റ്റുകളിലൂടെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച ആരോടും നേരിട്ട് നന്ദി പറയാന്‍ നിലവിലുള്ള തിരക്കുകള്‍ കൊണ്ട് സാധിച്ചില്ല, സദയം ഇത് എന്റെ കൃതജ്ഞതയായി സ്വീകരിയ്ക്കണം.

ചില കേന്ദ്രങ്ങളില്‍ നിന്ന് നിശിത വിമര്‍ശനവും വന്നിട്ടുണ്ട് ,അതിനും അങ്ങേയറ്റം നന്ദി പറയുന്നു, അത്തരം വിമര്‍ശനങ്ങളാണ് എനിയ്ക്കിന്നുള്ള കരുത്തു തന്നത്, ശരിയുടെ പക്ഷത്ത് കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തിയത് ! അത്തരം വിമര്‍ശനങ്ങള്‍ മേലിലും തുടരണമെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു. വിമര്‍ശിയ്ക്കുമ്പോഴും ഉപയോഗിച്ച അങ്ങേയറ്റം മാന്യമായ ഭാഷയ്ക്കും നന്ദി.

എല്ലാവര്‍ക്കും അറിയുന്നതു പോലെ കാലാകാലങ്ങളില്‍ മാറി വരുന്ന സര്‍ക്കാരുകളാണ് ഗവണ്‍മന്റ് പ്ലീഡര്‍മാരെ തീരുമാനിയ്ക്കുക – പക്ഷേ പ്രവര്‍ത്തന കാലഘട്ടം എന്നും ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും കോടതിയുടെ ഡെക്കോത്തിനും വിധേയമായിത്തന്നെയാണ്. പൊതുഖജനാവിലെ പണം പറ്റി ചെയ്യുന്ന ജോലിയാണ് – പൊതുജനത്തിനു വേണ്ടിത്തന്നെയാണ് ജീവിതവും. അതു കൊണ്ട് തന്നെ, ഔദ്യോഗിക പ്രവര്‍ത്തി സമയങ്ങളില്‍ അനൗദ്യോഗിക ഫോണ്‍ കോളുകളടക്കം അററന്റ് ചെയ്യാന്‍ നിവൃത്തിയില്ല. അതുമൂലം വരുന്ന അസൗകര്യങ്ങള്‍ സദയം ക്ഷമിയ്ക്കണം….

എല്ലാവര്‍ക്കും സ്‌നേഹം, നന്‍മ…
അന്‍പേ ശിവം!

രശ്മിത രാമചന്ദ്രന്‍ ഉള്‍പ്പടെ 52 പേരെയാണ് ഗവര്‍ന്മെന്റ് പ്ലീഡര്‍മാരായി നിയമിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ സിപിഐഎം അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, സെഡിഷന്‍ കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ്, ഡിവൈഎഫ്ഐക്ക് വേണ്ടി റോഹിന്‍ഗ്യ കേസ്, സിഐടിയുവിന് വേണ്ടി ഡല്‍ഹി മിനിമം വേജസ് കേസ്, കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് കേസ് എന്നീ കേസുകളില്‍ ഹാജരായത് അഡ്വ. രശ്മിത രാമചന്ദ്രനായിരുന്നു. നിലവില്‍ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷന്‍ കേസിലും, പെഗാസസ് കേസിലും, ലോക്സഭാ എം പി ആരിഫിന് വേണ്ടി എംപി ഫണ്ട് കേസിലും സുപ്രിം കോടതിയില്‍ രശ്മിത കേസ് ഫയല്‍ ചെയ്തതിട്ടുണ്ട്.

Also Read: ‘മാര്‍ക്‌സിസവുമായേ രാമായണത്തിന് ബന്ധമുള്ളൂ’; രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സിപിഐ

Next Story