Top

ചിറകില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍; നിശാശലഭങ്ങളിലെ രാജാവ് കേരളത്തില്‍ വിരുന്നെത്തി

ലോകത്തിലെ വലിയ നിശാശലഭങ്ങളില്‍ ഒന്നായ അറ്റ്‌ലസ് ശലഭമാണ് പെരുവള്ളൂരില്‍ പറമ്പില്‍ പീടിക വിഷ്ണു ഭവന്‍ വീട്ടില്‍ ശിവകുമാറിന്റെ വീട്ടുമുറ്റത്ത് വിരുന്നെത്തിയത്.

28 Oct 2020 11:15 PM GMT
മുഹമ്മദ് സിയാദ് എൻ.ടി

ചിറകില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍; നിശാശലഭങ്ങളിലെ രാജാവ് കേരളത്തില്‍ വിരുന്നെത്തി
X

തേഞ്ഞിപ്പാലം: പെരുവള്ളൂരിന് കൗതുകമായി വീട്ടില്‍ വിരുന്നെത്തിയ നാഗശലഭം. ലോകത്തിലെ വലിയ നിശാശലഭങ്ങളില്‍ ഒന്നായ അറ്റ്‌ലസ് ശലഭമാണ് പെരുവള്ളൂരില്‍ പറമ്പില്‍ പീടിക വിഷ്ണു ഭവന്‍ വീട്ടില്‍ ശിവകുമാറിന്റെ വീട്ടുമുറ്റത്ത് വിരുന്നെത്തിയത്. ‘അറ്റ്‌ലസ് മോത്ത്’ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.

നിശാശലഭങ്ങളിലെ രാജാവെന്നറിയപ്പെയുന്ന ഈ നാഗശലഭത്തിന്റെ അസാമാന്യ വലുപ്പമുള്ള ചിറകിന്റെ ആകൃതിയാണ് ഏറെ ആകര്‍ഷണീയം. കാപ്പിയും വെള്ളയും തവിട്ടു നിറവും ചേര്‍ന്നതാണ് 27 സെന്റീമീറ്ററോളം വീതിയുള്ള ഇവയുടെ ചിറക്. ഈ നിശാശലഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിറകിന്റെ അറ്റത്ത് പത്തിവിടര്‍ത്തി നില്‍ക്കുന്ന പോലെ തോന്നിപ്പിക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ രൂപമാണ്. ഇരുചിറകുകളും വിടര്‍ത്തുമ്പോള്‍ 240 മില്ലീമീറ്ററാണ് നീളം.

വിടര്‍ന്ന ചിറകുകള്‍ക്ക് ചുവപ്പ് കലര്‍ന്ന തവിട്ടുനിറമാണ്. മുന്‍ ചിറകുകളില്‍ പാമ്പിന്റെ കണ്ണുകളെപ്പോലെ കാണപ്പെടുന്ന കറുത്ത പൊട്ടുകള്‍ ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നു. കൂടാതെ മുന്‍-പിന്‍ ചിറകുകളില്‍ വെളുത്ത നിറത്തില്‍ ത്രികോണ അടയാളങ്ങളുമുണ്ട്. ചിറകുകള്‍ക്ക് പിന്നില്‍ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാല്‍ ‘സ്നേക്സ് ഹെഡ്’ എന്നും ഇതിനെ വിളിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഈ നിശാശലഭം ഉഷ്ണമേഖലാ കാടുകളിലാണ് കൂടുതലായി കണ്ടുവരുന്നത്. കേരളത്തില്‍ ഇവ അപൂര്‍വ ശലഭമാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ സുബൈര്‍ മേടമ്മല്‍ അഭിപ്രായപ്പെട്ടു.

സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിത വൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ് ബ്രൗണ്‍ പര്‍പ്പിള്‍ നിറങ്ങളില്‍ അറ്റ്ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അറ്റ്ലസ് ശലഭങ്ങള്‍ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് അധികദൂരം പറന്നുപോകാറില്ല. ഈ വിഭാഗത്തില്‍ ആണ്‍ശലഭങ്ങളേക്കാള്‍ പെണ്‍ശലഭങ്ങള്‍ക്കാണ് വലിപ്പവും ഭംഗിയും കൂടുതല്‍.

രണ്ടാഴ്ച മാത്രം നീണ്ടു നില്‍ക്കുന്ന വര്‍ണ ശബളമായ ജീവിതത്തില്‍ ഇവ ആഹാരം കഴിക്കാറില്ല. ലാര്‍വ ആയിരിക്കുമ്പോള്‍ കഴിക്കുന്ന ഇലകളാണ് ഇവയുടെ ജീവിതകാലത്തെ ഏകഭക്ഷണം. മട്ടി, നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഭക്ഷിക്കുക. വായ ഇല്ലാത്തത്‌ കാരണം, കൊക്കൂണ്‍ ആയി വിരിഞ്ഞ് ശലഭമായാലും ഇവക്ക് ഭക്ഷണമില്ല. പെണ്‍ ശലഭത്തിന്റെ പ്രത്യേക ഹോര്‍മോണ്‍ ഗന്ധത്തില്‍ ആകൃഷ്ടരായാണ് ആണ്‍ ശലഭം എത്തുന്നത്.

ഇലകള്‍ കോട്ടിവളച്ച് പട്ടുനൂല്‍ കൊണ്ടു നെയ്താണ് പുഴു സമാധിയിരിക്കുന്നത്. നാലാഴ്ച്ച കൊണ്ട് ഇവ ശലഭങ്ങളായി വെളിയില്‍ വരും. പട്ടുനൂലിന് വേണ്ടി ഇന്ത്യയില്‍ ചിലയിടങ്ങളില്‍ അറ്റ്ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താറുണ്ട്. രണ്ടാഴ്ച്ച മാത്രമേ ഈ ശലഭങ്ങള്‍ക്ക് ആയുസ്സുള്ളൂ. അപൂര്‍വ ഇനമെന്ന് കേട്ടറിഞ്ഞതോടെ ഈ കൗതുക കാഴ്ച കാണാന്‍ നിരവധി സന്ദര്‍ശകരും എത്തുന്നുണ്ട്.

Next Story