യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച കേസ്; രക്ഷപ്പെടാൻ ശ്രമിച്ച് പ്രതികൾ, പൊലീസ് വെടിവെച്ച് വീഴ്ത്തി
സമീപ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോ ദൃശ്യത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
28 May 2021 3:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗളൂരു: തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബംഗളൂരു പൊലീസ് വെടിവെച്ചു വീഴ്ത്തി. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളാണ് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ പിന്തുടർന്ന് പൊലീസ് ഇരുവരുടെയും കാലുകളിൽ വെടിവെച്ചു. പരിക്കേറ്റ പ്രതികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
സമീപ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോ ദൃശ്യത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് പ്രതികളുടെ ക്രൂരത വെളിവാക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത്. പ്രതികളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് അസം പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
ബംഗളൂരു സ്വദേശികളായവരാണ് പ്രതികളെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ബംഗ്ലാദേശി സ്വദേശിനിയായ യുവതിയെ നിയമ വിരുദ്ധമായി ഇവർ ഇന്ത്യയിലെത്തിക്കുകയായിരുന്നു. പിന്നീട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തതിനെ തുടർന്ന് പ്രതികളുടെ കണ്ണുവെട്ടിച്ച് യുവതി കേരളത്തിലേക്ക് കടന്നു. പിന്തുടർന്ന പ്രതികൾ യുവതിയെ പിടികൂടി ബംഗളൂരുവിൽ തിരികെയെത്തിച്ചു. യുവതി ഉൾപ്പടെയുള്ള അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
പ്രതികൾ സൂക്ഷിച്ചിരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. പ്രതികൾ എല്ലാവരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.