Top

ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ ആത്മഹത്യശ്രമം; കെട്ടിടത്തിന് മുന്നില്‍ കയറിനിന്ന് റാങ്ക് ഹോള്‍ഡറുമാരുടെ ഭീഷണി; പൊലീസ് ബലംപ്രയോഗിച്ച് നീക്കി

പൊലീസ് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടന്നത്.

9 Feb 2021 9:48 AM GMT

ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ ആത്മഹത്യശ്രമം; കെട്ടിടത്തിന് മുന്നില്‍ കയറിനിന്ന് റാങ്ക് ഹോള്‍ഡറുമാരുടെ ഭീഷണി; പൊലീസ് ബലംപ്രയോഗിച്ച് നീക്കി
X

സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടയില്‍ ആത്മഹത്യാശ്രമം നടത്തി റാങ്ക് ഹോള്‍ഡര്‍. സെക്രട്ടറിയേറ്റിന് സമീപത്തുള്ള കെട്ടിടത്തിന് മുന്നില്‍ കയറിനിന്നുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. താഴേക്ക് ചാടുമെന്ന് പറഞ്ഞ ഉദ്യോഗാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകായിരുന്നു. പൊലീസ് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടന്നത്.

പ്രതിപക്ഷം സമരത്തിന് മനപ്പൂര്‍വ്വം ഉദ്യോഗാര്‍ഥികളെ ഇളക്കിവിടുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണത്തോട് സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് വിയോജിപ്പറിയിച്ചു. ഈ സമരം നാടകമല്ലെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. തങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമല്ലെന്നും സമരത്തിനെതിരെ നടക്കുന്നതെല്ലാം ദുഷ്പ്രചരണങ്ങളാണെന്നും അവര്‍ ആഞ്ഞടിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍ രാഷ്ട്രീയലക്ഷ്യത്തോടെ രൂപീകൃതമായവയാണെന്നും റാങ്ക് ലിസ്റ്റിലെ എല്ലാവര്‍ക്കും ജോലി നല്‍കുകയെന്നത് പ്രായോഗികമല്ലെന്നും രാവിലെ തോമസ് ഐസക് പറഞ്ഞത് വിവാദമായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി സിപിഒ റാങ്ക് ജേതാക്കള്‍ പ്രതീകാത്മക ശവമഞ്ചം ഒരുക്കുകയും ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ ശയനപ്രദക്ഷിണം നടത്തുകയും ചെയ്തിരുന്നു. ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിക്കൊണ്ടായിരുന്നു എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴിസ്‌ന്റെ സമരം.

അതേസമയം പിന്‍വാതില്‍ നിയമനവിവാദങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വകുപ്പ് തലവന്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന്റെ എല്ലാ വിവരങ്ങളും ഇന്ന് തന്നെ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും ഒഴിവുകളും സംബന്ധിച്ച വിവരങ്ങളും മുഖ്യമന്ത്രി തേടിയിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കുകള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തശേഷം പത്രസമ്മേളനത്തില്‍ അവതരിപ്പിക്കും.

Next Story