മൃഗങ്ങള്‍ക്കുനേരെയുള്ള ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമ്മള് കണ്ടീഷന്‍ ചെയ്യപ്പെട്ടിരുന്നു, ഈ ദൃശ്യം വികാരങ്ങളെത്തൊട്ടു: രഞ്ജിനി ഹരിദാസ്
മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് മനുഷ്യരോടും സമാനമായ ക്രൂരത കാണിക്കാനാകുമെന്ന് രഞ്ജിനി ഹരിദാസ് റിപ്പോര്‍ട്ടര്‍ ടിവിയുടെ മോര്‍ണിംഗ് റിപ്പോര്‍ട്ടര്‍ പരിപാടിയില്‍ പറഞ്ഞു.

നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി ടെലിവിഷന്‍ അവതാരകയും മൃഗസംരക്ഷണപ്രവര്ത്തകയുമായ രഞ്ജിനി ഹരിദാസ്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് മനുഷ്യരോടും സമാനമായ ക്രൂരത കാണിക്കാനാകുമെന്ന് രഞ്ജിനി ഹരിദാസ് റിപ്പോര്‍ട്ടര്‍ ടിവിയുടെ മോര്‍ണിംഗ് റിപ്പോര്‍ട്ടര്‍ പരിപാടിയില്‍ പറഞ്ഞു. ജീവനുള്ള ഒന്നിനോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരതകള്‍ തന്നെ എപ്പോഴും ചിന്തിപ്പിക്കാറുണ്ടെന്നും എന്താണ് ഈ മനുഷ്യര്‍ക്ക് തകരാറെന്ന് താന്‍ ആലോചിക്കാറുണ്ടെന്നും രഞ്ജിനി പറഞ്ഞു. മൃഗങ്ങളോട് നിത്യേനെ മനുഷ്യര്‍ ക്രൂരത കാണിക്കാറുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ശക്തികൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
‘ഇത് ക്രൂരതയ്ക്ക് അപ്പുറമാണ്. ഒരു മൃഗത്തോട് ഇത് ചെയ്യാന്‍ പറ്റുന്ന ആള്‍ക്ക് ആരോടും ഇത് ചെയ്യാന്‍ സാധിക്കും. ഒരു മൃഗത്തോട് ചെയ്യുന്ന ക്രൂരതയുടെ മാത്രം വിഷയം മാത്രമല്ല ഇത്. ഞാന്‍ എപ്പോഴും വിചാരിക്കും ഈ മനുഷ്യര്‍ക്കൊക്കെ എന്താണ് കുഴപ്പം എന്ന്. ജീവനുള്ള ഒന്നിനെ എങ്ങനെയാണ് ഇത്തരത്തില്‍ വേദനിപ്പിക്കാനാകുക. ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നുവെച്ചാല്‍ അയാള്‍ വീട്ടിലേക്ക് വളര്‍ത്താന്‍ കൊണ്ടുവന്ന പട്ടിയോടാണ് ഇത് ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പുകൊണ്ട് ചെയ്തതാണെന്ന്. ഇങ്ങനെയാണോ ആളുകള്‍ മൃഗങ്ങളെ വളര്‍ത്തുന്നത്? എന്ത് ചിന്താഗതി ആണിത്? മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവരുടെ ഉള്ളില്‍ എന്തിനോടും ക്രൂരത കാണിക്കാനാകുന്ന തരം വയലന്‍സുണ്ട്. യൂസഫ് എന്ന വ്യക്തി മറ്റൊരു സാഹചര്യത്തില്‍ ഇത് മനുഷ്യരോടായിരിക്കുമോ ചെയ്യുന്നത്? ഇതുകൊണ്ടാണ് വര്‍ഷങ്ങളായി മൃഗസ്നേഹികള്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നത്. ഇത് വളരെ ഹൃദയത്തെത്തൊടുന്ന വീഡിയോ ആയിരുന്നു. ദാരുണമായിരുന്നു. ദൃശ്യങ്ങളുടെ ശക്തിയാണ് നാട്ടുകാരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ദിവസേനെ മൃഗങ്ങള്‍ പീഢിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ കണ്ടീഷണിംഗ് കൊണ്ട് പലതും നമ്മള് കണ്ടില്ലെന്ന് നടിക്കും. മനുഷ്യരുടെ ചിന്താഗതിയില്‍ മാറ്റമുണ്ട്. പണ്ട് സോഷ്യല്‍മീഡിയയില്‍ എനിക്ക് തെറിവിളിയുണ്ടായിരുന്നു. ഇപ്പോള്‍ ആളുകള്‍ മൃഗസംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളൊക്കെ മനസിലാക്കുന്നുണ്ട്. രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍ ഇങ്ങനെ.
കൊച്ചി കുന്നുകര ചാലാക്കരയിലാണ് ദാരുണ സംഭവം നടന്നത്. വീട്ടിലേക്ക് വളര്‍ത്താന്‍ കൊണ്ടുവന്ന നായയെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കാറിന് പിന്നില്‍ വലിച്ചിഴച്ച് കളയാന്‍ കൊണ്ടുപോയ യൂസഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ നായയുടെ മുന്കാലില് പരിക്ക് പറ്റിയിട്ടുണ്ട്. നിലവില്‍ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നായയെ.