അഭ്യൂഹങ്ങൾ തെറ്റ്; തെലുങ്കിൽ കോശിയാവാൻ റാണ ദഗ്ഗുബട്ടി

മലയാളത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ റാണ ദഗ്ഗുബട്ടിയും. പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെയാണ് റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുക.

പ്രതാപവാനായ പൽവാൽ ദേവന് സ്വാഗതം. പൗരുഷത്തിന്റെ പ്രതീകമായ റാണ ദഗ്ഗുബട്ടി ഞങ്ങളുടെ പ്രൊഡക്ഷൻ നമ്പർ 12ൽ ജോയിൻ ചെയ്തു

അണിയറ പ്രവർത്തകർ

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ യൂട്യൂബിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരായി എത്തുന്നത് തെലുങ്ക് താരം പവൻ കല്യാണമാണ്.

നേരത്തെ ചിത്രത്തിൽ റാണ അഭിനയിക്കുകയില്ലെന്നും പവൻ കല്യാൺ മാത്രമായിരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം വർത്തകൾക്കാണ് അണിയറപ്രവർത്തകർ വിരാമം ഇട്ടിരിക്കുന്നത്. മലയാളത്തിൽ നിന്ന് നിരവധി വ്യത്യാസങ്ങളോടെയായിരിക്കും തെലുങ്കിൽ ചിത്രം ഒരുങ്ങുക.

സിത്താര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. തിങ്കളാഴ്ച ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിലെ നായികമാരെയോ മറ്റു കഥാപാത്രങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. കണ്ണമ്മ എന്ന കഥാപാത്രത്തെ സായി പല്ലവി അവതരിപ്പിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അണിയറപ്രവർത്തകരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.

Latest News