Local Body Election

‘ജോയ്‌സ് നല്ല നേതൃത്വഗുണമുള്ള സ്ഥാനാര്‍ഥി’; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച്‌ രമേശ് പിഷാരടി

നടന്‍ വിനായകന് പിന്നാലെ തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയ്ക്ക് വിജയാശംസകളുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. മൂവാറ്റുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരി ആന്റണിയ്ക്കാണ് പിഷാരടി വീഡിയോ സന്ദേശം വഴി ആശംസകളുമായെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജോയ്‌സ് നേതൃത്വ ഗുണമുള്ളയാളാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്നും പറഞ്ഞായിരുന്നു പിഷാരടിയുടെ വിജയാശംസ. മഹിളാകോണ്‍ഗ്രസ് എറണാകുളം ജില്ല ഐടി കോര്‍ഡിനേറ്റര്‍ കൂടിയാണ് ജോയ്സ് മേരി ആന്റണി.

കഴിഞ്ഞദിവസം കൊച്ചി കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ. അനില്‍കുമാറിന്റെ ചിത്രം വിനായകന്‍ പങ്കുവച്ചത് ചര്‍ച്ചയാകുന്നതിനിടയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രമേശ് പിഷാരടിയെത്തുന്നത്. ക്യാപ്ഷനില്ലാതെ വിനായകന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിയൊരുക്കുമ്പോള്‍ പിഷാരടിയുടെ ക്യാപ്ഷനുകളാണ് അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ടെന്നിരിക്കെ സാമൂഹിക മാധ്യമങ്ങളിലെ ഇരുവരുടെയും ശക്തമായ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകരമായേക്കും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വിജയാശംസിച്ചതും ചര്‍ച്ചയാകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ ജനവിധി തേടുന്ന സിപിഐഎം നേതാവ് അഡ്വ. അനില്‍ കുമാറിന്റെ ചിത്രമാണ് വിനായകന്റെ ക്യാപ്ഷനില്ലാതെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വിനായകന്‍ പങ്കുവെച്ച തന്റെ ചിത്രം ഷെയര്‍ ചെയ്തും നന്ദി അറിയിച്ചും എം അനില്‍ കുമാറും രംഗത്തെത്തിയിരുന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ എളമക്കര നോര്‍ത്ത് 33-ാം ഡിവിഷനില്‍ നിന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായ അനില്‍കുമാര്‍ മത്സരിക്കുന്നത്.

Latest News