
മന്ത്രിമാരടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളിക്കേസില്‍ നിന്ന് സര്‍ക്കാര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീനാ സതീഷിനെ മാറ്റിയ സംഭവത്തെ ശക്തമായി അപലപിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണിസാറിനോട് സിപിഐഎം ചെയ്ത അപരാധങ്ങളുടെ നീണ്ട പട്ടികയിലെ അവസാനത്തെ അധ്യായമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ബീനയെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മാണിസാറിനോടുള്ള സിപിഎമ്മിന്റെ അപരാധങ്ങളുടെ നീണ്ട പട്ടികയിലെ ഒടുവിലത്തെ അധ്യായമാണ് നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാര്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയെ മാറ്റിയത്. കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവിനെ ബീന പിന്തുണച്ചില്ലെന്ന പ്രതികളായ സിപിഎം നേതാക്കളുടെ പരാതിയെ തുടർന്നാണ് കയ്യാങ്കളിക്കേസിൽ അവരെ മാറ്റിയത്. മാണി സാറിന്റെ 2015-ലെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയിൽ രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചവരെ സംരക്ഷിക്കുന്നതിന്റെ തുടർച്ചയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.ന്യായത്തിന് വേണ്ടി ശബ്ദമുയർത്തിയതിനാണ് ബീനയെ സർക്കാർ മാറ്റിയത്. ജനാധിപത്യവിരുദ്ധതയ്ക്ക് പുറമേ സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണങ്ങളാണ് ഇവിടെ പ്രകടമാകുന്നത്. കൃത്യനിർവഹണം സർക്കാർ തടസ്സപ്പെടുത്തുന്നത് ഇതാദ്യമായിട്ടല്ല എന്നതും ശ്രദ്ധേയമാണ്. ഇതിനെ പ്രതിപക്ഷം ശക്തമായി അപലപിക്കുന്നു.